നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ. ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി
text_fieldsആലുവ: കൽപറ്റ മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ ചെരുപ്പിടാറില്ല. മണ്ണിൽ ചവിട്ടി നടക്കുന്നയാളായതുകൊണ്ടുതന്നെ അദ്ദേഹത്തിന് മനുഷ്യന്റെ മനസിലെ നനവും പൊള്ളലുമറിയാം. തന്റെ വീട്ടിലെ കാലിത്തൊഴുത്തിൽ ശ്വാസം കിട്ടാതെ കിതച്ചിരുന്നൊരു നേപ്പാളി ബാലനിലേക്ക് ആ കണ്ണെത്താൻ അധികനേരം വേണ്ടി വന്നതുമില്ല.
ബിക്രം എന്നുപേരുള്ള ആ ബാലന്റെ കൈപിടിച്ച് ശശീന്ദ്രൻ വയനാടൻ ചുരമിറങ്ങി ചെന്നത് മമ്മൂട്ടിയിലേക്കും അവിടെ നിന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്കുമാണ്. മമ്മൂട്ടിയുടെ നിർദേശപ്രകാരമാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷനലും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് നടത്തുന്ന ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ സൗജന്യമായി നടത്തിയത്.
ഹൃദയ ധമനിയിലെ സുഷിരം മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന ബിക്രം കഴിഞ്ഞദിവസം നിറഞ്ഞ ചിരിയോടെ ആശുപത്രി വിട്ടു. ഇനി അവൻ ജീവിതത്തിൽ കിതയ്ക്കാതെ മുന്നേറും. അതിർത്തിക്കപ്പുറത്തേക്ക് നീളുന്ന മമ്മൂട്ടി എന്ന മലയാളിനന്മയുടെ കഥ തുടങ്ങുന്നത് ശശീന്ദ്രന്റെ വയനാട്ടിലെ ഫാമിൽ നിന്നുമായിരുന്നു. പിതാവ് ദല്ലോ സൗദിനൊപ്പം മൂന്ന് വർഷം മുമ്പാണ് ബിക്രവും കുടുംബവും വയനാട്ടിൽ എത്തിയത്. ശശീന്ദ്രന്റെ ഫാമിലായിരുന്നു തുടക്കത്തിൽ ദല്ലോ സൗദിന് ജോലി. കുടുംബത്തിന്റെ സുഖവിവരങ്ങൾ അന്വേഷിക്കുന്നതിനിടയിലാണ് സി.കെ. ശശീന്ദ്രൻ ബിക്രമിന്റെ ആരോഗ്യപ്രശ്നങ്ങൾ അറിയുന്നത്. വോളിബോൾ നന്നായി കളിക്കുമെങ്കിലും, കടുത്ത ശ്വാസതടസ്സം കാരണം എട്ടാം ക്ലാസിൽ ബിക്രമിന് പഠനം നിർത്തേണ്ടി വന്നു. അവന്റെയും കുടുംബത്തിന്റെയും ഹൃദയവേദനയറിഞ്ഞ സി.കെ ശശീന്ദ്രൻ, കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരെ ബന്ധപ്പെട്ടു. അവിടെ നടത്തിയ പരിശോധനയിൽ ബിക്രമിന് ‘പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ്’ എന്ന ജന്മനാലുളള ഹൃദയവൈകല്യവും, ശ്വാസകോശ ധമനിയിൽ ഉയർന്ന രക്തസമ്മർദവും കണ്ടെത്തി.
മരുന്നുകൾ നൽകി സ്ഥിതി നിയന്ത്രിച്ചെങ്കിലും പൂർണപരിഹാരം ആയില്ല. പിതാവ് ദല്ലോ സഹായം അഭ്യർഥിച്ച് സി.കെ ശശീന്ദ്രനെ ഫോണിൽ വിളിച്ചു. വയനാട്ടുകാരനായ നടൻ അബു സലിം വഴി മമ്മൂട്ടിയുടെ ജീവകാരുണ്യപ്രസ്ഥാനമായ കെയർ ആന്റ് ഷെയറിനെക്കുറിച്ചറിഞ്ഞ ശശീന്ദ്രൻ മമ്മൂട്ടിയുമായി സംസാരിച്ചു. തുടർന്ന് മമ്മൂട്ടി ശശീന്ദ്രനെ എത്രയും പെട്ടെന്ന് തിരിച്ചു ബന്ധപ്പെടാനും കുട്ടിയുടെ ചികിത്സ പൂർണമായും സൗജന്യമായി നടത്തിക്കൊടുക്കാനും കെയർ ആന്റ് ഷെയർ ഭാരവാഹികളോട് നിർദേശിച്ചു. അങ്ങനെയാണ് രാജഗിരി ആശുപത്രിയിൽ ബിക്രമിന്റെ ചികിത്സയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയത്.
ആശുപത്രിയിൽ എത്തിയ ബിക്രവും, പിതാവും പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. മുസ്തഫ ജനീലിനെ കണ്ടു. ശ്വാസകോശ ധമനിയിലെ ഉയർന്ന രക്തസമ്മർദം ശസ്ത്രക്രിയക്ക് വെല്ലുവിളി ആയിരുന്നു.
തുടർന്ന് പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ്. വെങ്കിടേശ്വരൻ കത്തീറ്റർ കടത്തിയുളള താക്കോൽദ്വാര മാർഗം അവലംബിച്ച് ധമനിയിലെ സുഷിരം സുരക്ഷിതമായി അടച്ചു. സങ്കീർണമായ ചികിത്സയിൽ പീഡിയാട്രിക് കാർഡിയാക് സർജറി കൺസൾട്ടന്റ് ഡോ. പ്രീതി കാഥൽ, പീഡിയാട്രിക് കാർഡിയാക് അനസ്തേഷ്യോളജി കൺസൾട്ടൻറ് ഡോ.ബിജിന ഭരതൻ കെ എന്നിവർ പങ്കാളികളായി. ഒരാഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവിൽ ബിക്രമിനെ തിരികെ വയനാട്ടിലേക്ക് കൂട്ടാൻ സി.കെ. ശശീന്ദ്രനും എത്തിയിരുന്നു.
മനുഷ്യർ സൃഷ്ടിക്കുന്ന എല്ലാ അതിർത്തികൾക്കും മുകളിലാണ് മനുഷ്യത്വമെന്ന് മമ്മൂട്ടി തെളിയിച്ചതായി സി.കെ. ശശീന്ദ്രൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

