ആലുവ: സിനിമ അസോ.എഡിറ്ററായ ഗില്ലി അലയുകയാണ്, പ്രിയപ്പെട്ട മാവു പൂച്ചയെ തേടി. കലൂരിൽ താമസിക്കുന്ന ഗില്ലിയുടെ വളർത്തുപൂച്ചയായ മാവുവിനെ നവംബർ 25 മുതലാണ് കാണാതായത്. ഇതേതുടർന്നാണ് തിരക്കേറിയ ജോലിയെല്ലാം മാറ്റിെവച്ച് കാറിൽ പൂച്ചയെ തേടി നടക്കുന്നത്. നവംബർ 24ന് ജോലിയുടെ ഭാഗമായി ബംഗളൂരുവിലേക്ക് പോയപ്പോൾ മാവുവിനെയും മറ്റൊരു പൂച്ചയായ നയനെയും തോട്ടക്കാട്ടുകരയിലുള്ള അനിമൽ ബോർഡിങ്ങിലാക്കുകയായിരുന്നു. എന്നാൽ, പിറ്റേ ദിവസം തീറ്റകൊടുക്കാൻ കൂട് തുറന്നപ്പോൾ മാവു ചാടിപ്പോകുകയായിരുന്നെന്നാണ് ജീവനക്കാർ ഗില്ലിയെ അറിയിച്ചത്.
ഇതേതുടർന്ന് ഗില്ലിയുടെ സുഹൃത്തുക്കൾ രണ്ടു ദിവസം തോട്ടക്കാട്ടുകരയിലും പരിസരത്തും പൂച്ചയെ അന്വേഷിച്ച് നടന്നെങ്കിലും രക്ഷയുണ്ടായില്ല. ഇതേതുടർന്ന് ജോലി തിരക്കെല്ലാം മാറ്റിെവച്ച് ഗില്ലി തന്നെ പൂച്ചയെ തേടുകയായിരുന്നു. നാടൻ ഇനത്തിലുള്ള വെള്ള ആൺപൂച്ചയുടെ തലയിലും വാലിലും തവിട്ടുപുള്ളികളുണ്ട്. കഴുത്തിൽ പച്ച ബെൽറ്റുമുണ്ട്. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് പോസ്റ്ററുകളും കാർഡുകളും പല ഭാഗങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. തോട്ടക്കാട്ടുകരയിലും പരിസരത്തും ഗില്ലി അന്വേഷണം തുടരുകയാണ്. മാവു തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ.