വായനയുടെ ലോകത്ത് നിന്ന് ചന്ദ്രഹാസൻ മടങ്ങി
text_fieldsചന്ദ്രഹാസൻ പുസ്തക വായനയിൽ (ഫയൽ )
ആലുവ: വിരമിക്കലില്ലാത്ത വായനയുടെ ലോകത്ത് നിന്ന് ഒടുവിൽ ചന്ദ്രഹാസന് മടക്കം. അതു പക്ഷെ, പുസ്തകങ്ങളുടെ ലോകത്തേക്ക് ഇനി ഒരിക്കലും തിരിച്ചുവരാത്ത ത്യവിശ്രമത്തിലേക്കാണെന്ന് മാത്രം. പുസ്തകങ്ങളെ സ്നേഹിച്ച് വായനയുടെ വസന്തം തീർത്ത ആലുവ കുട്ടമശ്ശേരി കൊല്ലംപറമ്പിൽ ചന്ദ്രഹാസനാണ് അക്ഷരങ്ങളെയും പുസ്തകങ്ങളെയും അനാഥമാക്കി വിടപറഞ്ഞത്. വായനയുടെ അനന്തസാധ്യതകളെ നെഞ്ചിലേറ്റി അക്ഷരങ്ങളിലൂടെ കണ്ണോടിച്ച് എൺപതാം വയസ്സിലും അദ്ദേഹം വായനയുടെ ലോകത്ത് സജീവമായിരുന്നു.
കളമശ്ശേരി എച്ച്.എം.ടി ജീവനക്കാരനായിരുന്ന ചന്ദ്രഹാസൻ 2003ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് പുർണമായി വായനയുടെ ലോകത്തേക്ക് മടങ്ങിയത്. 2005 മുതൽ നെഹ്റു മുതലുള്ള നിരവധി പ്രമുഖരുടെ പാദസ്പർശമേറ്റ കുട്ടമശ്ശേരി യുവജന വായനശാലയുടെ ലൈബ്രേറിയനായി പ്രവർത്തിക്കുകയായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കുറച്ചുനാളായി വിശ്രമത്തിലായിരുന്നു. പുസ്തകങ്ങളോടും വായനയോടുമുള്ള ഇഷ്ടമാണ് ചന്ദ്രഹാസനെ എ ഗ്രേഡ് ലൈബ്രറിയായ കുട്ടശ്ശേരി യുവജന ശാലയിലെ ലൈബ്രേറിയനാക്കിയത്.
നോവലുകളും ജീവചരിത്രങ്ങളുമാണ് പ്രധാനമായും വായിക്കുന്നത്. ബഷീറിന്റെയും മാധവിക്കുട്ടിയുടേയും മലയാറ്റൂരിന്റെയുമെല്ലാം രചനകളും ഏറെ ഇഷ്ടമായിരുന്നു. രാവിലെ ഏഴുമണി മുതൽ പത്തുവരെയും വൈകിട്ട് അഞ്ചുമുതൽ ഒമ്പത് മണിവരെയും കുട്ടമശ്ശേരി യുവജന വായനശാലയിൽ അദ്ദേഹം സജീവമായിരുന്നു. രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ചുവരെ പുസ്തക വായനക്കായി മാറ്റി വെച്ചിരുന്നു.
വിവര സാങ്കേതിക യുഗത്തിൽ വായന കുറഞ്ഞ് വരികയാണെന്ന് ചന്ദ്രഹാസൻ പറയുമായിരുന്നു. ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ കൂടുതൽ എടുക്കുന്നത് 18 വയസ്സിന് താഴെയുള്ള കുട്ടികളും, 50 വയസ്സിന് മുകളിലുള്ള വരുമാണ്. പുസ്തകങ്ങൾ വായിക്കുന്ന യുവാക്കൾ തീരെ കുറവാണെന്നും ചന്ദ്രഹാസൻ വിഷമത്തോടെ പറയും. ചന്ദ്രഹാസനെ പോലെ ഭാര്യ രമണിയും മകൻ കൃഷ്ണകുമാറും മരുമകൾ ഷനിതയും പേരക്കുട്ടി വൈശാഖുമെല്ലാം വായന ഇഷ്ടപ്പെടുന്നവരാണ്. അവർക്കുള്ള പുസ്തകങ്ങളും ചന്ദ്രഹാസൻ എത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

