ബൈപാസ് കവലയിലെ രണ്ട് വീട്ടിൽ മോഷണം
text_fieldsആലുവ: മോഷ്ടാക്കൾ നഗരവാസികളുടെ ഉറക്കം കെടുത്തുന്നു. ഏതാനും നാളായി വിവിധ സ്ഥലങ്ങളിൽ മോഷണസംഘം വിഹരിക്കുകയാണ്. ബുധനാഴ്ച പുലർച്ച ബൈപാസ് ജങ്ഷനിൽ രണ്ട് വീട്ടിൽ നടന്ന മോഷണമാണ് അവസാന സംഭവം. പുതുപറമ്പിൽ ഹമീദിന്‍റെ വീട്ടിലും സമീപത്തെ ചെമ്പകശ്ശേരി ലിജി സാബുവിന്‍റെ വീട്ടിലുമാണ് കള്ളൻ കയറിയത്.
ഹമീദിന്‍റെ വീട്ടിൽനിന്ന് ബാങ്കിൽ അടക്കാൻ വെച്ചിരുന്ന 23,000 രൂപയും പേരക്കുട്ടിയുടെ കമ്മലും ലോക്കറ്റും വെള്ളിയുടെ കൈ ചെയിൻ, മകളുടെ വസ്ത്രങ്ങൾ എന്നിവയാണ് നഷ്ടപ്പെട്ടത്. ലിജി സാബുവിന്‍റെ വീട്ടിൽ ഓട് ഇളക്കിയാണ് കള്ളൻ കയറിയത്. ഇവിടെനിന്നും 900 രൂപയും മൊബൈൽ ഫോണുമാണ് കവർന്നത്. ലിജി സാബുവിന്‍റെ ഭർത്താവ് ആലുവ മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയാണ്. പുലർച്ച അദ്ദേഹം ജോലിക്ക് പോയശേഷമാണ് കള്ളൻ വീട്ടിൽ ഓടിളക്കി കയറിയത്.
ഇരു വീട്ടിലും സ്ത്രീകളുടെ ശരീരത്തിൽ ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും നഷ്ടപ്പെട്ടില്ല. ഹമീദിന്‍റെ വീടിന്‍റെ മുൻവശത്ത് സി.സി.ടി.വി കാമറ ഉണ്ടെങ്കിലും ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. വീടിന് പിറകുവശത്തെ മതിൽ ചാടി പോയതാണെന്ന് കരുതുന്നു. കഴിഞ്ഞയാഴ്ച സമീപത്ത് മറ്റ് വീടുകളിൽ മോഷണശ്രമം നടന്നിരുന്നു. വീട്ടുകാർ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

