മാലിന്യം തള്ളിയ സംഘത്തിൽനിന്ന് കൈക്കൂലി: എസ്.ഐക്ക് സസ്പെൻഷൻ
text_fieldsചെങ്ങമനാട് : അർധരാത്രി ദേശീയപാതയോരത്ത് ആശുപത്രി മാലിന്യം തള്ളിയ സംഘത്തിൽനിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഡി.ഐ.ജിയുടെ വകുപ്പ് തല നടപടി.
എസ്.ഐക്ക് സസ്പെൻഷനും രണ്ട് പൊലീസുദ്യോഗസ്ഥരെ നല്ല നടപ്പിനായി എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയും ചെയ്തതായി അൻവർസാദത്ത് എം.എൽ.എ അറിയിച്ചു.
ഹൈവെ പൊലീസ് ഗ്രേഡ് എസ്.ഐ റഷീദിനാണ് സസ്പെൻഷൻ. സിവിൽ പൊലീസ് ഓഫിസർമാരായ മധു, അരവിന്ദ് എന്നിവരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.
ജൂലൈ ആറിന് അർധരാത്രിയാണ് ചെങ്ങമനാട് പഞ്ചായത്ത് ഓഫിസിന് സമീപം ദേശീയപാതയിൽ പറമ്പയത്ത് സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ കോട്ടയം മെഡിക്കൽ കോളജിലെ ദുർഗന്ധം വമിക്കുന്ന ആശുപത്രി മാലിന്യങ്ങൾ തള്ളിയത്.
സംഭവം അറിഞ്ഞ് ഹൈവെ പൊലീസ് പറമ്പിലെത്തി മാലിന്യം തള്ളുന്നത് നേരിട്ട് കണ്ടെത്തിയെങ്കിലും സംഘം നൽകിയ 5000 രൂപ വാങ്ങി മടങ്ങിപ്പോയത്രെ.
എന്നാൽ, മാലിന്യം തള്ളിയ സംഘത്തെയും ടോറസ് വാഹനങ്ങളും പഞ്ചായത്തധികൃതർ ഇടപെട്ട് സി.സി.ടി.വി കാമറയിലൂടെ കണ്ടെത്തി ചെങ്ങമനാട് പൊലീസിൽ അറിയിച്ചിരുന്നു.
പൊലീസിന് കൈക്കൂലി നൽകിയ വിവരം മാലിന്യം തള്ളിയ സംഘം പിന്നീട് പരസ്യമായി വെളിപ്പെടുത്തി.
അതോടെയാണ് അൻവർ സാദത്ത് എം.എൽ.എ സംഭവത്തിൽ ഇടപെടുകയും ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ല റൂറൽ എസ്.പിക്ക് പരാതി നൽകുകയും ചെയ്തത്.
കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ പ്രശ്നം എം.എൽ.എ സഭയിൽ ഉന്നയിച്ച് സർക്കാറിെൻറ ശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്തിരുന്നു. വകുപ്പ്തല അന്വേഷണത്തിന് ശേഷം കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസുദ്യോഗസ്ഥർക്കെതിരെ ഡി.ഐ.ജി നടപടി എടുത്ത വിവരം എസ്.പി എം.എൽ.എയെ അറിയിക്കുകയായിരുന്നു.