നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആലുവയെ ഇളക്കിമറിച്ച് അൻവറും ആരിഫും
text_fieldsഎടത്തല പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അൻവർ സാദത്ത് വീട്ടമ്മയോട് വോട്ട് ചോദിക്കുന്നു, എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരിഫ് ശനിയാഴ്ച വിവാഹ ചടങ്ങിൽ നവദമ്പതികളോട് വോട്ടഭ്യർഥിക്കുന്നു
ആലുവ: ഇടത്-വലത് മുന്നണികൾ പ്രചാരണത്തിൽ ശക്തമായ മുന്നേറ്റമാണ് ആലുവയിൽ നടത്തുന്നത്. കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ ആലുവയിൽ വിജയം ആവർത്തിക്കാനായി നാലാം വട്ടവും പോരിനിറങ്ങിയ സിറ്റിങ് എം.എൽ.എ അൻവർ സാദത്തും വലത് കോട്ട ഒരിക്കൽകൂടി പിടിച്ചെടുക്കാനായി എ.എം. ആരിഫും രാപകലില്ലാതെ സജീവമാണ്. വാഹന പ്രചാരണവും സ്ഥാപനങ്ങളും വീടുകളും കയറി നേരിട്ടുള്ള വോട്ട് പിടുത്തവുമായി ഇരുവരും മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഓടിയെത്തുന്നുണ്ട്.
വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അൻവർ സാദത്ത് വോട്ട് അഭ്യർത്ഥിക്കുന്നത്. എന്നാൽ, താൻ എം.എൽ.എയും എം.പിയുമായിരുന്ന കാലങ്ങളിൽ ആലപ്പുഴയിലും അരൂരിലും നടപ്പാക്കിയ വികസന പദ്ധതികൾ ആലുവയിലും തുടരുമെന്ന വാഗ്ദാനമാണ് എ.എം. ആരിഫ് നൽകുന്നത്. ആലുവയിലെ നിലവിലെ വികസന പോരായ്മകളും ഇടതുപക്ഷം എടുത്തുകാട്ടുന്നുണ്ട്.
ശനിയാഴ്ച യു.ഡി.എഫ് സ്ഥാനാർഥി അൻവർ സാദത്ത് എം.എൽ.എയുടെ പര്യടനം എടത്തല ഗ്രാമപഞ്ചായത്തിലായിരുന്നു. കെ.എസ്.യു പ്രവർത്തകർ ഒരുക്കിയ സഞ്ചരിക്കുന്ന ഡി.ജെ ഫ്ലോട്ടിന്റെയും വാദ്യഘോഷങ്ങളോടെ മുന്നേറിയ പര്യടനം മേഖലയെ ഇളക്കിമറിച്ചു. ശനിയാഴ്ച രാവിലെ കോളനിപ്പടിയിൽ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്ത വോട്ടുയാത്ര എട്ടേക്കർ, നവരശ്മി, അടിവാരം എന്നീ കേന്ദ്രങ്ങളിലായിരുന്നു. കോമ്പാറ കവല വികസനത്തിന് നിലവിൽ അനുവദിച്ച അഞ്ചു കോടിയുടെ പദ്ധതി 30 കോടി രൂപ ചെലവിട്ടുള്ള സമഗ്ര പദ്ധതിയായി വിപുലീകരിച്ചതായി പ്രഖ്യാപിച്ചു. മലേപ്പള്ളി കവല, എൻ.എ.ഡി മുകൾ, കുഞ്ചാട്ടുകര, പൂക്കാട്ടുമുകൾ, വയർ റോപ്സ്, കുഴിവേലിപടി തുടങ്ങി അടക്കം 40 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി മണലിമുക്കിൽ സമാപിച്ചു.
വി.പി. ജോർജ്, തോപ്പിൽ അബു, ലത്തീഫ് പൂഴിത്തുറ, എം.കെ.എ ലത്തീഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എ. മാഹിൻ, പി.എം. നാദിർഷാ, ആർ. രഹൻരാജ്, എം.എ.എം. മുനീർ, കെ.എം. ഷംസുദീൻ, അഷറഫ് വള്ളൂരാൻ, പി.കെ.എ. ജബ്ബാർ, പി.എ. മുജീബ്, കെ.എം. കുഞ്ഞുമോൻ, സിറാജ് ചേനക്കര, എം.എ. ഹാരിസ്, പി.ഡി. പ്രദീപ് കുമാർ, എം.പി. കുഞ്ഞുമുഹമ്മദ്, ജാസ്മിൻ, മൈമുന സിദ്ധീഖ്, ഷാഹിന ഷംസുദ്ദീൻ തുടങ്ങിയവർ പര്യടനത്തിൽ പങ്കെടുത്തു. തിങ്കളാഴ്ച ചെങ്ങമനാട് പഞ്ചായത്തിൽ പര്യടനം നടത്തും. എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരിഫ് ശനിയാഴ്ച രാവിലെ മുതൽ ആലുവയിലും സമീപപ്രദേശങ്ങളിലും ആരാധനാലയങ്ങളും, സ്ഥാപനങ്ങളും, കടകളും സന്ദർശിച്ചു.
നെടുമ്പാശേരിയിലും കീഴ്മാടും നടന്ന വിവാഹ ചടങ്ങുകളിലെത്തി വോട്ട് തേടി. ആലുവ, ദേശം കുന്നുംപുറം എന്നിവിടങ്ങളിലെ മരണ വീടുകളും സന്ദർശിച്ചു. നെടുമ്പാശേരിയിൽ നടന്ന കുടുംബയോഗത്തിലും പങ്കെടുത്തു. നെടുമ്പാശേരി, ആലുവ ടർഫുകളിലും നെടുമ്പാശേരിയിൽ പീസ് വിഷൻ സെൻററിലും എത്തി. ആലുവ നഗരത്തിലെ ആരിഫിന്റെ വീട്ടിൽ കെ.വി. തോമസ് സന്ദർശനം നടത്തി. ദുഃഖവെള്ളി ദിവസം ആലുവയിലെ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ചു. തായിക്കാട്ടുകര മുസ്ലിം ജമാ അത്ത് പള്ളിയിൽ ജുമാ നമസ്കാരത്തിലും പങ്കെടുത്തു. തിരുവൈരാണിക്കുളം കൈലാസം ഗ്രൗണ്ടിൽ നടന്ന സാംസ്കാരിക നായകരുടെ സർഗസംഗമത്തിലും പങ്കെടുത്തു. ഞായറാഴ്ച കുടുംബയോഗങ്ങളിലും വിവാഹ ചടങ്ങുകളിലും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

