ആലുവ തെരുവുനായ് ഭീതിയിൽ; ജനം തിങ്ങിപ്പാർക്കുന്ന തോട്ടക്കാട്ടുകര മേഖലയിൽ നായ്ക്കൾ പെരുകുന്നു
text_fieldsആലുവ: തെരുവ് നായ ഭീതിയിൽ നഗരവും സമീപ പ്രദേശങ്ങളും. സുപ്രീംകോടിതിയെപ്പോലും അനുസരിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾ ജനങ്ങളുടെ ജീവന് വില കൽപ്പിക്കുന്നില്ല. നായ്ക്കളെ തെരുവിൽ നിന്നും മാറ്റണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടും തെരുവ് നായ്ക്കൾ സ്വതന്ത്രരായി അലയുകയാണ്. പ്രധാന വഴികളും ഇടവഴികളും മറ്റു പ്രദേശങ്ങളും നായകളുടെ നിയന്ത്രണത്തിലാണ്. ബസ് സ്റ്റാൻഡുകളിലടക്കം കൂട്ടത്തോടെ തമ്പടിക്കുന്ന നായകൾ യാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
ആലുവ നഗരസഭയിൽ ജനം തിങ്ങിപ്പാർക്കുന്ന തോട്ടക്കാട്ടുകര മേഖലയിൽ നായ്ക്കൾ പെരുകുകയാണ്. ഹോളി ഗോസ്റ്റ് കോൺവെൻറ് സ്കൂൾ റോഡടക്കം പല വഴികളിലും കൂട്ടമായി തമ്പടിക്കുകയാണ്. ഇതുമൂലം സ്കൂളിലേക്ക് എത്തുന്ന കുട്ടികളും ഭയാശങ്കയിലാണ്. രാത്രി നടുറോഡിൽ വരെയാണ് നായകളുടെ കിടപ്പ്. ഇതേ തുടർന്ന് ഇരുചക്ര വാഹനക്കാരാണ് ഏറെ ഭയപ്പെടുന്നത്. നഗരപരിധിയിൽ തെരുവ് നായ ആക്രമണവും പതിവായിട്ടുണ്ട്. യാത്രക്കാരടക്കം നിരവധിയാളുകൾക്കാണ് കടിയേൽക്കുന്നത്. ഇതോടെ നഗരവാസികളും യാത്രക്കാരും ഭീതിയിലാണ്. ചില ഭാഗങ്ങളിൽ ഇരുചക്ര വാഹന യാത്രക്കാരെ പിന്തുടർന്ന് കാലിൽ കടിക്കുന്നുണ്ട്. ഈ നായകൾക്ക് പേവിഷബാധയുണ്ടോയെന്ന ഭീതിയിലാണ് നാട്ടുകാർ. മാസങ്ങൾക്ക് മുൻപ് പേ പിടിച്ച ഒരു നായ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് 13 പേരെ കടിച്ചിരുന്നു.
കടിയേറ്റവരിൽ ഒരാൾ പേവിഷ ബാധയേറ്റ് മരിക്കുകയും ചെയ്തിരുന്നു. പേ ഇളകിയപോലെ അക്രമാസക്തയായിരുന്നു നായ. ജനങ്ങളെ കടിച്ച നായയെ നഗരസഭ ആരോഗ്യ വിഭാഗം പിടികൂടി കൂട്ടിലടച്ചിരുന്നു. തുടർന്ന് വെറ്ററിനറി സർജന്റെ പരിശോധനയിയിൽ പേവിഷ ബാധയുള്ളതായി സൂചനകളൊന്നും കണ്ടെത്തിയിരുന്നില്ല. ഇത് കടിയേറ്റവർക്കടക്കം ആശ്വാസം നൽകിയിരുന്നു. ഇതിനിടയിൽ നായ ചത്തതിനെ തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിൽ നായയിൽ പേവിഷബാധ കണ്ടെത്തുകയായിരുന്നു.
ആലുവ മേഖലയിൽ പൊതുവിൽ തെരുവുനായ ശല്യം രൂക്ഷമാണ്. തിരക്കേറിയ കവലകളിൽ വരെ ഏതുസമയവും തെരുവ് നായകൾ വിലസുകയാണ്. ഇതുമൂലം നഗരത്തിലും നാട്ടിൻപുറങ്ങളിലും ജനങ്ങൾ ഭീതിയിലാണ്. ആളൊഴിഞ്ഞ സ്ഥലങ്ങളിലും പാതയോരങ്ങളിലും തമ്പടിക്കുന്ന നായകൾ കൂട്ടമായെത്തി ആക്രമിക്കുന്നത് പതിവാണ്. രാത്രി പൊതുവഴികളിലും മറ്റും കറങ്ങിനടക്കുന്ന ഇവ പകൽസമയങ്ങളിൽ ആളൊഴിഞ്ഞ വഴികളിൽ തമ്പടിച്ച് ഒറ്റപ്പെട്ട യാത്രക്കാരെ ആക്രമിക്കാറുണ്ട്. പ്രഭാത നടത്തക്കാർക്കാണ് ഇവ കൂടുതൽ ഭീഷണിയാകുന്നത്. ഒറ്റപ്പെട്ട് നാടക്കുന്നവരെ ആക്രമിക്കാൻ മുതിരുന്നത് പതിവാണ്. ഇതിനുപുറമെ കന്നുകാലികൾ, ആടുകൾ തുടങ്ങിയ വളർത്തുമൃഗങ്ങളേയും ആക്രമിക്കുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളിലെ ഇടവഴികളിലെല്ലാം നായകൾ കൂട്ടമായി തമ്പടിക്കുകയാണ്. എന്നിട്ടും നഗരസഭ അധികൃതർ നടപടികളെടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. അതേസമയം, നായകളെ പിടികൂടാൻ പരിശീലനം ലഭിച്ചവരെ വേണ്ടത്ര കിട്ടാനില്ലെന്ന് പറഞ്ഞ് നഗരസഭാധികൃതർ ഒഴിയുകയാണ്.
ഗ്രാമങ്ങളിലും ദുരിതം
ആലുവ: നഗരത്തോട് ചേർന്ന ഗ്രാമപ്രദേശങ്ങളിലും തെരുവ് നായകൾ ദുരിതമായിട്ടുണ്ട്. കുഞ്ഞുണ്ണിക്കര, ഉളിയന്നൂർ ഗ്രാമങ്ങളിൽ നായശല്യം രൂക്ഷമാണ്. ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രദേശത്ത് തെരുവുനായകളുടെ ആക്രമണം പതിവായിട്ടുണ്ട്.
കുന്നത്തേരി, തായികാട്ടുകര ഭാഗങ്ങളിലാണ് നായ്ക്കളുടെ ശല്യം രൂക്ഷമായത്. പഞ്ചായത്തിലെ മറ്റുപ്രദേശങ്ങളിലും തെരുവ്നായകളുടെ ശല്യമുണ്ട്.
മെട്രോ യാഡ് പരിസരം, ചവർപാടം, തൊരപ്പ്, മാന്ത്രക്കൽ, പട്ടേരിപ്പുറം, കാർമ്മൽ ജനരലേറ്റ്, കട്ടേപ്പാടം, മാരിയിൽ പൈപ്പ് ലൈൻ റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവ് നായ ശല്യം കൂടുതൽ. ഇതുമൂലം രാപകൽ ഭേതമന്യേ റോഡിൽ കൂടി യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.
കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കുമാണ് നായകൾ ദുരിതമായത്. ഇരുചക്ര വാഹന യാത്രക്കാരുടെ പുറകെ ഓടുന്നതും വാഹനാപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മഹിളാലയം, കുന്നുംപുറം, അമ്പലപ്പറമ്പ്, സൂര്യ നഗർ, എടത്തല പഞ്ചായത്തുമായി അതിര് പങ്കിടുന്ന ചുണങ്ങംവേലി, ചൂണ്ടി തുടങ്ങിയ പ്രദേശങ്ങളിലും പ്രശ്നമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

