ആലുവ നഗരസഭ; കടത്ത്കടവിൽ വിമത പോരാട്ടം
text_fieldsആലുവ: വിമത ഭീഷണി ഒഴിയാതെ ആലുവ നഗരസഭയിൽ കോൺഗ്രസിന്‍റെ പ്രതീക്ഷയുള്ള എട്ടാം വാർഡ് കടത്ത് കടവിൽ പോരാട്ടം കനക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ച മുൻ കോൺഗ്രസ് കൗൺസിലറാണ് ജയിച്ചത്. ഇത്തവണയും വിമത ഭീഷണിയുണ്ട്. കോൺഗ്രസ് ആലുവ മണ്ഡലം സെക്രട്ടറിയായിരുന്ന സാബു പരിയാരത്താണ് ഇത്തവണ വിമതൻ. ആലുവയിൽ സജീവ കോൺഗ്രസ് പ്രവർത്തകനായ സാബു കാലങ്ങളായി സീറ്റിനായി ശ്രമിച്ചിരുന്നു. കടത്തുകടവിൽ 2015ൽ സീറ്റ് നൽകാമെന്ന് മുമ്പ് നേതൃത്വം പറഞ്ഞിരുന്നു.
അത് പ്രകാരം മത്സരിക്കാൻ രംഗത്ത് വന്നെങ്കിലും നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്ന് മറ്റൊരു വാർഡുകാരനായ എം.ടി. ജേക്കബിന് വേണ്ടി മാറിക്കൊടുത്തു. അടുത്ത തവണ ഉറപ്പായും സീറ്റ് തരാമെന്നാണ് അന്ന് നേതൃത്വം പറഞ്ഞത്. 2020ലെ വനിത സംവരണം കഴിഞ്ഞ് ഇപ്പോഴാണ് ജനറൽ സീറ്റായത്. പാർട്ടി സ്ഥാനാർഥിയാകുന്നതിന് മുന്നോടിയായി പല പ്രവർത്തനങ്ങളും നടത്തിയിരുന്നു. എന്നാൽ, ഇതിനിടയിൽ അവസാന നിമിഷം വാർഡ് പ്രസിഡന്‍റ് സിജു തറയിലിനാണ് പാർട്ടി സീറ്റ് നൽകിയത്. ഇതിൽ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ പിന്തുണയോടെ സാബു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചത്.
ആലുവ നഗരസഭ എട്ടാം വാർഡ് സ്ഥാനാർഥികളായ സിജു തറയിൽ (യു.ഡി.എഫ്), സാബു പരിയാരം (യു.ഡി.എഫ് വിമതൻ), ഷെൽഡ വിവേര (എൽ.ഡി.എഫ്), പത്മകുമാർ (എൻ.ഡി.എ)
ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി, ബ്ലഡ് ഡൊണേഷൻ ഫോറം കൺവീനർ, സൗഹൃദ വേദി കൺവീനർ, റെസിഡന്‍റ്സ് അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിൽ സാബു പ്രവർത്തിക്കുന്നു. കോൺഗ്രസ്, എൽ.ഡി.എഫ് സ്ഥാനാർഥികളും വാർഡ് നിവാസികളാണെന്നത് മൽസരം കടുപ്പിക്കുന്നു. കോൺഗ്രസ് സ്ഥാനാർഥി സിജു തറയിൽ പാർട്ടി മണ്ഡലം വൈസ് പ്രസിഡന്‍റാണ്. ടൗൺ സഹകരണ ഹൗസിങ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, ഓൾ കേരള ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ ആലുവ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. വാർഡ് തിരിച്ച് പിടിക്കാൻ സിജുവിന് കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
കുടുംബശ്രീ പ്രവർത്തകയായ ഷെൽഡ വിവേരയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. വീട്ടമ്മയായ ഷെൽഡക്ക് വാർഡിലെ വോട്ടർമാരുമായി അടുത്ത ബന്ധമുണ്ട്. ഇടതുപക്ഷത്തിന് കാര്യമായ സ്വാധീനമില്ലാത്ത വാർഡാണെങ്കിലും ഷെൽഡയിലൂടെ നേട്ടമുണ്ടാക്കാമെന്ന വിശ്വാസത്തിലാണ്. ബി.ജെ.പി ആലുവ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റായ പത്മകുമാറാണ് എൻ.ഡി.എ സ്ഥാനാർഥി. കഴിഞ്ഞ തവണ ഇവിടെ ബി.ജെ.പി മത്സരിച്ചില്ല. 2015ൽ 86 വോട്ടാണ് പാർട്ടിക്ക് ലഭിച്ചത്. ഇക്കുറി കൂടുതൽ വോട്ട് ചേർത്തിട്ടുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും ബി.ജെ.പി അവകാശപ്പെടുന്നു. കോൺഗ്രസിലെ തമ്മിലടിയിലും ഇടത്, ബി.ജെ.പി സ്ഥാനാർഥികൾ പ്രതീക്ഷയർപ്പിക്കുന്നു. 569 വോട്ടാണ് വാർഡിലുള്ളത്. ഇതിൽ 400നും 450നും ഇടയിലാണ് വോട്ട് ചെയ്യാറുള്ളത്. കനത്ത മത്സരം നടക്കുന്നതിനാൽ ഒരോ വോട്ടും നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

