ശിവരാത്രിക്ക് ആലുവ മണപ്പുറം ഒരുങ്ങുന്നു; ഫെബ്രുവരി 15നാണ് ശിവരാത്രി ആഘോഷം നടക്കുക
text_fieldsശിവരാത്രി ആഘോഷങ്ങൾക്കായി മണ്ണുമാന്തി ഉപയോഗിച്ച് മണപ്പുറം ശുചീകരിക്കുന്നു
ആലുവ: ഈ വർഷത്തെ ശിവരാത്രി ആഘോഷങ്ങൾക്കും വ്യാപാരമേളക്കുമായി ആലുവ മണപ്പുറം ഒരുങ്ങുന്നു. മണപ്പുറത്ത് ഫെബ്രുവരി 15നാണ് ശിവരാത്രി ആഘോഷം നടക്കുക. ഇതോടനുബന്ധിച്ചുള്ള ഒരു മാസം നീളുന്ന വ്യാപാരമേളയോടനുബന്ധിച്ച് അമ്യൂസ്മെന്റ് പാർക്കും ഉണ്ടാകും. ഇതിനുള്ള ഒരുക്കങ്ങളാണ് തുടങ്ങിയത്.
കാടുപിടിച്ച് കിടന്ന മണപ്പുറം മണ്ണുമാന്തി ഉപയോഗിച്ച് ശുചീകരണം ആരംഭിച്ചു. കുറ്റിക്കാടുകളും മറ്റും നീക്കി മണപ്പുറം നിരപ്പാക്കും. ഇതിനിടയിൽ വ്യാപാരമേളക്കും അമ്യൂസ്മെന്റ് പാർക്കിനുമടക്കമുള്ള സാധനസാമഗ്രികൾ എത്തും. ബലിതർപ്പണമടക്കമുള്ള ശിവരാത്രി ഒരുക്കങ്ങൾ നടത്തുക ദേവസ്വം ബോർഡും വ്യാപാരമേളയുടെത് നഗരസഭയുമാണ്. ബലിത്തറകളുടെയും സ്റ്റാളുകളുടെയും ലേലം കഴിഞ്ഞ ദിവസം ആരംഭിച്ചു.
പത്തനാപുരത്തെ അഗ്രിടെക് ഗ്രീൻ ടെക്നോളജീസ് ആൻഡ് കൺസൽറ്റൻസി സർവീസസ് ആണ് ഇക്കൊല്ലം വ്യാപാരമേള കരാർ എടുത്തിരിക്കുന്നത്. നഗരസഭയിൽ ഇവർ ജി.എസ്.ടി അടക്കം 69,09,141 രൂപ അടച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷവും ലേലത്തുക ഒരു കോടിക്കു മുകളിൽ കിട്ടിയിരുന്നു.
ഇത്തവണ പലവട്ടം ടെൻഡർ ചെയ്തിട്ടും പങ്കെടുത്തത് രണ്ട് സ്ഥാപനങ്ങൾ മാത്രമാണ്. അതിലൊന്ന് പ്രീക്വാളിഫിക്കേഷൻ പരിശോധനയിൽ പുറത്തായി. ഒടുവിൽ കുറഞ്ഞ തുകക്ക് ടെൻഡർ ഉറപ്പിക്കാൻ നഗരസഭ നിർബന്ധിതരാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

