യാചകരുടെയും നാടോടികളുടെയും മറവിൽ ആലുവയിൽ സാമൂഹികവിരുദ്ധരും കുറ്റവാളികളും നിറയുന്നു
text_fieldsആലുവ: യാചകരുടെയും നാടോടികളുടെയും മറവിൽ ജില്ല പൊലീസ് ആസ്ഥാന നഗരമായ ആലുവയിൽ സാമൂഹിക വിരുദ്ധരും കുറ്റവാളികളും നിറയുന്നു. അനാശാസ്യ പ്രവർത്തകരുടെയും അവരെ സംരക്ഷിക്കുന്ന ഗുണ്ടകളുടെയും സുരക്ഷിത കേന്ദ്രമായും നഗരം മാറിയിട്ടുണ്ട്. അനാശാസ്യ പ്രവർത്തനത്തിനെത്തുന്നവരെ ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
യാചകരുടെയും നാടോടികളുടെയും മറവിലാണ് വിവിധ നാടുകളിൽനിന്ന് ഇത്തരക്കാർ ഇവിടേക്ക് ചേക്കേറിയിട്ടുള്ളത്. വിപുലമായ സൗകര്യങ്ങളും മൂന്ന് നേരം സൗജന്യ ഭക്ഷണവും കിട്ടുമെന്നതിനാൽ ധാരാളം പേരാണ് നഗരത്തിൽ തങ്ങുന്നത്. ഇത്തരക്കാർക്കിടയിൽ തങ്ങിയാൽ കുറ്റകൃത്യങ്ങൾ, ചെയ്താലും പെട്ടെന്ന് പിടിക്കപ്പെടില്ലെന്നതിനാലാണ് കുറ്റവാളികളെ ഇവിടേക്ക് ആകർഷിക്കുന്നത്. ചെറിയ മോഷ്ടാക്കൾ മുതൽ മയക്ക് മരുന്ന് ഇടപാടടക്കമുള്ള വൻകിട കുറ്റവാളികളും ഇത്തരത്തിൽ നഗരത്തിലുണ്ട്. നഗരത്തിലും നഗരത്തോട് ചേർന്ന പ്രദേശങ്ങളിലുമാണ് ഇവർ കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. ബൈപാസ് മേൽപാലത്തിന് കീഴിൽ അധിവസിക്കുന്ന സാമൂഹ്യ ദ്രോഹികളാണ് പലപ്പോഴും അക്രമകാരികളായി മാറുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ കുറ്റവാളികൾ പിടിച്ചുപറിയും വാഹനങ്ങളിൽനിന്നും മറ്റും മോഷണവും നടത്തുന്നുണ്ട്. പീഡനമടക്കമുള്ള കൊടും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവർ വരെ ഇത്തരത്തിൽ ആലുവയിൽ ചേക്കേറിയിട്ടുണ്ടെന്ന് കാലങ്ങളായി ആക്ഷേപമുണ്ട്. എന്നാൽ, ഇത്തരക്കാരെ കണ്ടെത്തുന്നതിനോ ഇവിടെ നിന്ന് തുരത്തുന്നതിനോ പൊലീസ് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും ആരോപിക്കപ്പെടുന്നു.
കൊടും കുറ്റവാളികളുടെ സുരക്ഷിത താവളം
കുറച്ചുവർഷം മുൻപ് അന്തർസംസ്ഥാന തൊഴിലാളിയുടെ മകളെ മാർക്കറ്റിൽ കൊണ്ടുവന്ന് പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി അസഫാക് ആലം ഇത്തരത്തിൽ മാർക്കറ്റ് പ്രദേശത്ത് തമ്പടിച്ചിരുന്നയാളാണ്. 2018ൽ ഡൽഹി ഗാസീപൂരിൽ പത്ത് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ ആക്ട് അടക്കം വിവിധ വകുപ്പുകൾ പ്രകാരം ഇയാൾ പിടിയിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയാണ് ആലുവയിൽ സ്വതന്ത്രമായി കഴിഞ്ഞിരുന്നത്. ഭിക്ഷയെന്ന പേരിൽ കടകളിൽ നിന്ന് നിർബന്ധിത പണപ്പിരിവിന് ശ്രമിക്കുന്നത് ആലുവയിൽ അക്രമണത്തിൽ കലാശിക്കാറുണ്ട്. വ്യാപാര സ്ഥാപനങ്ങളിലടക്കമുണ്ടാകാറുള്ള മോഷണങ്ങളുടെ പിന്നിൽ ഇത്തരക്കാരാണന്നും വ്യാപാരികൾ സംശയിക്കുന്നു.
ലഹരി ഇടപാടുകൾക്കും സൗകര്യം
മാർക്കറ്റ് പരിസരത്തിന് പുറമെ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചും അക്രമികൾ താവളമുറപ്പിച്ചിട്ടുണ്ട്. സ്റ്റാൻഡ് സാമൂഹ്യ വിരുദ്ധരുടെയും ലഹരി സംഘങ്ങളുടെയും ഗുണ്ടകളുടെയും നിയന്ത്രണത്തിലായിട്ട് കാലങ്ങളായി. സന്ധ്യയായാൽ ഇവിടേക്ക് കടന്നുചെല്ലാൻ കഴിയാത്ത അവസ്ഥയാണ്. ലഹരി ഇടപാടുകാർ തങ്ങളുടെ വിൽപന കേന്ദ്രമായും സ്റ്റാൻഡിനെ മാറ്റിയിട്ടുണ്ട്. ഇവരുടെ ഇടനിലക്കാരായി യാചകരിലും നാടോടികളിലുംപെട്ട കുറ്റവാസനയുള്ളവരെ ഉപയോഗപ്പെടുത്തുന്നുണ്ട്. അത്തരക്കാർക്ക് മദ്യവും മറ്റു ലഹരിവസ്തുക്കളും നൽകിയാണ് വിൽപ്പനക്കാർ ഉപയോഗപ്പെടുത്തുന്നത്. പകൽ സമയങ്ങളിൽ പോലും മദ്യമടക്കമുള്ള ലഹരി ഉപയോഗിച്ച് സ്റ്റാൻഡിലടക്കം അത്തരം യാചകരും നാടോടികളും പരാക്രമങ്ങൾ കാണിക്കാറുണ്ട്. സ്ത്രീകളടക്കം ഈ സംഘത്തിലുണ്ട്.
മദ്യ, മയക്കുമരുന്ന്, ഭിക്ഷാടന, ക്വട്ടേഷൻ മാഫിയ ബൈപാസ് മേൽപാലത്തിന്റെ അടിവശവും ബസ് സ്റ്റാൻഡും താവളമാക്കുന്നത് അറിയാമെങ്കിലും അത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ അധികാരികൾ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. മാർക്കറ്റ് പരിസരം, അടിപ്പാത, ബസ് സ്റ്റാൻഡ് തുടങ്ങിയ പ്രദേശങ്ങളിൽ കവർച്ചയും മോഷണവും പതിവാണ്. റെയിൽവേ സ്റ്റേഷൻ, ജില്ല ആശുപത്രിക്കവല, കെ.എസ്.ആർ.ടി.സി പരിസരം, റെയിൽവേ ഗുഡ്സ് ഷെഡ് പരിസരം, എം.ജി ടൗൺ ഹാൾ പരിസരം തുടങ്ങിയ പ്രദേശങ്ങളിലും ഇത്തരം സംഘങ്ങൾ വിളയാടുന്നുണ്ട്.
അനാശാസ്യ പ്രവർത്തകർ വീണ്ടും ചുവടുറപ്പിക്കുന്നു
ഒരിടവേളക്ക് ശേഷം ആലുവയിൽ അനാശാസ്യ പ്രവർത്തകർ വീണ്ടും ചുവടുറപ്പിക്കുകയാണ്. മുമ്പ് ഉത്തരേന്ത്യൻ വനിതകളെ ഉപയോഗിച്ചായിരുന്നു ഇത്തരം സംഘങ്ങൾ പ്രവർത്തിച്ചിരുന്നതെങ്കിൽ നിലവിൽ തമിഴ് നാട് സ്വദേശിനികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. നഗരത്തിൻ്റെ പല ഭാഗത്തും ഇത്തരക്കാർ തമ്പടിക്കുന്നുണ്ട്. ചില ലോഡ്ജുകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. നഗരത്തിന്റെ മുക്കിലും മൂലയിലുംവരെ വ്യഭിചാര ശാലകൾ പ്രവർത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഗുണ്ടകളും അനാശാസ്യ പ്രവർത്തകരും ലഹരി ഇടപാടുകാരും നഗരത്തിൽ നിറഞ്ഞിരിക്കുകയായിരുന്നു. ഇത്തരം കുറ്റവാളികൾ സ്വതന്ത്രമായി വിഹരിക്കുകയായിരുന്നു.
വിദ്യാർഥികളും സ്ത്രീകളുമടക്കം ആലുവയിൽ ഇറങ്ങി നടക്കാൻ പോലും ഭയക്കുന്ന അന്തരീക്ഷമാണ് നിലനിന്നിരുന്നത്. റെയിൽവേ സ്റ്റേഷൻ മുതൽ ജില്ല ആശുപത്രി വരെയുള്ള ഭാഗങ്ങളിലും പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തും അനാശാസ്യ പ്രവർത്തകരും താവളമാക്കിയിരുന്നു. പട്ടാപ്പകലിലും അത്തരക്കാർ ഇവിടെ തമ്പടിച്ചിരുന്നു.
ഗുണ്ട സംഘങ്ങളുടെ സംരക്ഷണവും ഇത്തരക്കാർക്കുണ്ടായിരുന്നു. ശല്യം വർധിച്ചതോടെ ഇത്തരം ലോഡ്ജുകൾക്ക് സമീപത്തെ വ്യാപാരികൾ തന്നെ ഇവർക്കെതിരെ രംഗത്ത് വന്നു. അവരുടെ പരാതിയും പ്രതിഷേധവും ശക്തമായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ഇത്തരം ലോഡ്ജുകൾക്കെതിരെ നടപടിയെടുത്തു. ഈ പ്രശ്നങ്ങൾ കെട്ടടങ്ങിയതോടെയാണ് തമിഴ്നാട് സ്വദേശിനികളെ ഇറക്കുമതി ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

