സ്ഥിരം കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു
text_fieldsആലുവ: സ്ഥിരം കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കോട്ടപ്പടി വടോട്ടുമാലിൽ വീട്ടിൽ പ്രദീപിനെയാണ് (34) കാപ്പചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടപ്പടി, കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, വ്യാജ വാറ്റ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്.
കഴിഞ്ഞ ആഗസ്ത് 30 മുതൽ ആറുമാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും പെരുമ്പാവൂർ എ.എസ്.പി ഓഫിസിൽ ഹാജരായി ഒപ്പിടുന്നതിന് ഉത്തരവുണ്ടായിരുന്നതാണ്. ഈ ഉത്തരവ് ലംഘിച്ച് കഴിഞ്ഞ ഡിസംബറിൽ കുറുപ്പംപടി വട്ടോലിപ്പടിയിൽവെച്ച് സാജു എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും കഴിഞ്ഞ മേയിൽ കോട്ടപ്പടി, തോളേലി ഭാഗത്ത് വീട്ടിൽ അതിക്രമിച്ചുകയറി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയായതിനെ തുടർന്നാണ് കാപ്പചുമത്തി ജയിലിലടച്ചത്.

