പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
text_fieldsആലുവ: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. വീട്ടിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ ആറോടെ തായിക്കാട്ടുകര എസ്.എൻ പുരത്താണ് സംഭവം. കാരോത്തുകുഴി അഡ്വ. ഷംസു വാടകക്ക് നൽകിയ വീട്ടിലാണ് അപകടം. ഇവിടെ താമസിക്കുന്ന റോബിനും കുടുംബവുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഗ്യാസ് തീർന്നതിനെ തുടർന്ന് പുതിയ സിലിണ്ടർ കണക്ട് ചെയ്ത് പാചകം തുടങ്ങി. തുടക്കത്തിൽതന്നെ റെഗുലേറ്റർ ഭാഗത്ത് ചെറിയതോതിൽ കത്തിപ്പിടിക്കുകയായിരുന്നു. ഇതുകണ്ട് ഭയന്ന് റോബിന്റെ ഭാര്യ കുട്ടിയുമായി പുറത്തേക്കിറങ്ങി.
റോബിൻ വീട്ടിലുള്ള പുതപ്പ് ഉപയോഗിച്ച് സിലിണ്ടർ മൂടാൻ ശ്രമിച്ചു. എന്നാൽ, ഈ നീക്കം പരാജയപ്പെട്ടതോടെ പെട്ടെന്ന് പുറത്തേക്കിറങ്ങി. ഇതിന് തൊട്ടുപിന്നാലെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ വീടിന് തീപിടിച്ചു. വീടിന്റെ 90 ശതമാനത്തോളം തീ പിടിച്ചു. മുൻവശത്തെ രണ്ട് മുറികൾ മാത്രമാണ് കോൺക്രീറ്റുള്ളത്. അടുക്കളയടക്കം മറ്റു ഭാഗങ്ങൾ ഓടിട്ടതാണ്. ഓടിട്ട ഭാഗത്താണ് കൂടുതലും തീപിടിച്ചത്.
വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമുൾപ്പെടെ എല്ലാം കത്തിനശിക്കുകയും ചെയ്തു. വലിയ ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് തീയണച്ചത്. ആലുവയിൽനിന്ന് അഗ്നിരക്ഷാസേന വന്നെങ്കിലും ചെറിയ വഴിയിലെ തടസ്സങ്ങൾ മൂലം ഇവിടെ എത്തിപ്പെടാൻ ഏറെ സമയമെടുത്തു. അതിന് മുമ്പേ തീ അണച്ചിരുന്നു. റോബിനും ഭാര്യയും ഒരു മകളുമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ടുവർഷമായി റോബിനും കുടുംബവും ഇവിടെ വാടകക്ക് താമസിക്കുകയാണ്.

