ഇമാമിന്റെ അപകടമരണം; പൊലീസിന്റേത് ഗുരുതര വീഴ്ചയെന്ന് പ്രദേശവാസികൾ; വൈദ്യുതി പോസ്റ്റ് മുറിഞ്ഞുവീണ സ്ഥലത്തെത്തിയിട്ടും ഒന്നും ചെയ്തില്ല
text_fieldsഅപകടമുണ്ടായതിന് ശേഷം കെ.എസ്.ഇ.ബി ജീവനക്കാർ മുറിച്ചു നീക്കിയ വൈദ്യുതി പോസ്റ്റ്, അപകടത്തിൽപെട്ട ബൈക്ക്
കുമ്പളം: കുമ്പളത്ത് പള്ളി ഇമാം മരിച്ചതടക്കം രണ്ട് അപകടങ്ങൾ ഉണ്ടാവാൻ കാരണം പൊലീസിന്റെയും കെ.എസ്.ഇ.ബിയുടെയും ഗുരുതര വീഴ്ചയും അനാസ്ഥയുമാണെന്ന് പ്രദേശവാസികൾ. പുലർച്ചെ മൂന്നു മണിയോടെയാണ് കുമ്പളം പൊതുമരാമത്ത് റോഡിന് കുറുകെ വൈദ്യുതി പോസ്റ്റ് വീണത്.
3.20ന് സ്ഥലത്ത് പൊലീസ് എത്തിയെന്നും നാലു മണിയോടെ ഒന്നും ചെയ്യാതെ തിരിച്ചുപോയെന്നുമാണ് ആക്ഷേപം. ഏതാനും സമയത്തിന് ശേഷം ഇതുവഴി ബൈക്കിൽ പോയ ക്ഷേത്രം പൂജാരി സുരേഷാണ് ആദ്യം അപകടത്തിൽപ്പെട്ടത്. കുമ്പളത്തെ വീട്ടിൽ നിന്നും നെട്ടൂരിലെ ക്ഷേത്രത്തിലേക്ക് പോവുമ്പോൾ റോഡിൽ വീണ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ 4.05 ഓടെയാണെന്നാണ് പറയുത്. ഇതിന് ശേഷം 4.20ഓടെയാണ് ബൈക്ക് യാത്രികനായ അബ്ദുൽ ഗഫൂർ മൗലവി അപകടത്തിൽപ്പെട്ടത്. റോഡിന് കുറുകെ കിടന്ന പോസ്റ്റ് മാറ്റുകയോ മുന്നറിയിപ്പ് ബോർഡ് വെക്കുകയോ ചെയ്യാതെ പൊലീസ് സംഘം മടങ്ങിയതിന് ശേഷമാണ് രണ്ട് അപകടങ്ങളും ഉണ്ടായത്. പൊലീസ് അനാസ്ഥക്ക് തെളിവായി സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പുലർച്ചെ 3.20ന് പൊലീസ് സംഘം അപകടസ്ഥലത്തേക്ക് വരുന്നതും 3.57ന് തിരിച്ച് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
പനങ്ങാട് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് വാഹനം പോസ്റ്റ് വീണ സ്ഥലത്തെത്തിയപ്പോൾ കൺട്രോൾ റൂം വാഹനം അവിടെയുണ്ടായിരുന്നെന്നും അവർ കാര്യങ്ങൾ ചെയ്യുമെന്ന് വിചാരിച്ച് തിരിച്ചുപോരുകയാണുണ്ടായതെന്നും പനങ്ങാട് സിഐ പറഞ്ഞു. റോഡിൽ വീണ പോസ്റ്റ് നീക്കം ചെയ്യുകയോ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുകയോ ചെയ്തിരുന്നുവെങ്കിൽ അപകടങ്ങൾ ഒഴിവാക്കാനാകുമായിരുന്നുവെന്ന് വ്യക്തമാണ്.
എന്നാൽ, അഗ്നിശമന സേനയേയും കെ.എസ്.ഇ.ബിയെയും അപ്പോൾ തന്നെ വിവരമറിയിച്ചിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യമായ പൊലീസുകാർ വാഹനങ്ങളിൽ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വിശദീകരിക്കുന്നു. എന്നാൽ, പോസ്റ്റ് റോഡിലേക്ക് മറിഞ്ഞ ശേഷം സ്ഥലത്ത് വന്ന് തിരിച്ച് പോയിട്ടും മുന്നറിയിപ്പ് പോലും റോഡിൽ സ്ഥാപിക്കപ്പെട്ടില്ല.
കുമ്പളത്ത് വൈദ്യുതി ബന്ധം തകരാറിലായതായി വിവരം ലഭിക്കുകയും അത് ശരിയാക്കി തിരിച്ച് പോകുന്നതിനിടെ ദേശീയപാതയിലെത്തിയപ്പോഴാണ് റോഡിൽ അപകടമുണ്ടായ വിവരം ലഭിച്ചതെന്നും അവിടെ എത്തുമ്പോൾ പൊലീസ് ഉണ്ടായിരുന്നുവെന്നും പനങ്ങാട് കെ.എസ്.ഇ.ബി അസി. എൻജിനീയർ പറഞ്ഞു. ജീവനക്കാരും കൂടി ചേർന്നാണ് അപകടത്തിൽപ്പെട്ടയാളെ പൊലീസ് വാഹനത്തിൽ കയറ്റിയതെന്നും മറ്റ് അറിയിപ്പൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി പോസ്റ്റ് റോഡിലേക്ക് വീണ കിടന്ന സ്ഥലത്ത് പുലർച്ചെ 3.30യോടെ രണ്ട് പൊലീസ് വാഹനങ്ങൾ ഉണ്ടായിരുന്നതായി ഇതുവഴി പോയ കുമ്പളം സ്വദേശി നിസാർ പറഞ്ഞു. ഇമാം വീണ് റോഡിൽ വീണുകിടക്കുന്നത് കണ്ടത് റോഡിലൂടെ സ്കൂട്ടറിൽ വരികയായിരുന്ന കുമ്പളം നെടുംപറമ്പിൽ ലൈജുവാണ്. ഉടൻ തന്നെ പനങ്ങാട് പൊലീസിലും കെ.എസ്.ഇ.ബി.യിലും വിവരമറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

