എയര്‍കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് കിടപ്പുമുറിക്ക് തീപിടിച്ചു
text_fieldsകൊച്ചി: എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് കിടപ്പുമുറിക്ക് തീപിടിച്ചു. ആളപായമില്ല. ചളിക്കവട്ടം സവിത റോഡിൽ എസ്.പി സുഹൈലും കുടുംബവും വാടകക്ക് താമസിക്കുന്ന വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിക്കാണ് തീപിടിച്ചത്. ശനിയാഴ്ച വൈകീട്ട് നാലരക്കാണ് സംഭവം. തീപിടിത്തം ഉണ്ടാകുമ്പോൾ വീട്ടുകാർ താഴെ മുറിയിൽ ഉണ്ടായിരുന്നെങ്കിലും വിവരം അറിഞ്ഞില്ല.
ശബ്ദംകേട്ട് ഓടിയെത്തിയ അയൽക്കാർ സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരായ ജോർജ് പ്രദീപ്, കെ.കെ. വിനോദ് എന്നിവരുടെ നേതൃത്വത്തിൽ തൊട്ടടുത്ത വീട്ടിൽനിന്ന് വെള്ളം പമ്പ് ചെയ്ത് തീയണച്ചു. മുറിയിൽ കറുത്തപുക തിങ്ങിനിറഞ്ഞതിനെ തുടർന്ന് ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു. ഗാന്ധിനഗർ അഗ്നിരക്ഷാസേനയെത്തി മുറിയിൽ കയറി ജനലുകളും വാതിലുകളും തുറന്നിട്ടു. മുറിയിലെ കട്ടിലും മെത്തയും അലമാരിയും തുണികളും പൂർണമായും കത്തിനശിച്ചു. എ.സി പ്രവർത്തിപ്പിക്കാറില്ലെന്ന് വീട്ടുകാർ പറഞ്ഞു. ഷോർട്ട് സർക്യൂട്ടായിരിക്കാം അപകടകാരണമെന്ന് സംശയിക്കുന്നതായി അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ വ്യക്തമാക്കി.

