Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാല് പതിറ്റാണ്ടിലേറെ കാൽനടയായി തപാൽ വിതരണം; ഒടുവിൽ സുശീല പടിയിറങ്ങി

text_fields
bookmark_border
നാല് പതിറ്റാണ്ടിലേറെ കാൽനടയായി തപാൽ വിതരണം; ഒടുവിൽ സുശീല പടിയിറങ്ങി
cancel
camera_alt

തപാൽ ഉരുപ്പടികൾ തരം തിരിക്കുന്ന സുശീല

ആലുവ: നാല് പതിറ്റാണ്ടിലധികം കാൽനടയായി കത്തുകളുമായി മേൽവിലാസക്കാരെ തേടിയെത്തിയിരുന്ന ഉളിയന്നൂർകാരുടെ സ്വന്തം സുശീല തപാൽ വകുപ്പിന്‍റെ പടിയിറങ്ങി. കാലങ്ങൾക്ക് വഴിമാറി പോസ്റ്റുമാൻമാർ സൈക്കിളിലും ഇപ്പോൾ ഇരുചക്രവാഹനങ്ങളിലും തപാൽ വിതരണം നടത്തുമ്പോൾ നീണ്ട 42 വർഷമായി കാൽനടയായി സഞ്ചരിച്ച് തപാൽ വിതരണം നടത്തുകയായിരുന്നു സുശീല. കാൽനടയായി തപാൽ വിതരണം നടത്തുന്ന വളരെ അപൂർവം പേരെ നിലവിൽ ഉണ്ടായിരുന്നുള്ളൂ. അതിൽ ഒരാളാണ് സുശീല. ഉളിയന്നൂർ പോസ്റ്റ് ഓഫിസ് പരിധിയിലെ ഓരോ വീടുകളിലും സ്ഥാപനങ്ങളിലും പ്രിയപ്പെട്ടവരുടെ സന്ദേശങ്ങളും ഉരുപ്പടികളും കൃത്യതയോടെ എത്തിച്ചിരുന്ന കുഞ്ഞുണ്ണിക്കാരുടെ സ്വന്തം സുശീലയാണ് സ്തുത്യർഹമായ സേവനത്തിന് ശേഷം ശനിയാഴ്ച വിരമിച്ചത്. 1984 ലാണ് ഉളിയന്നൂർ ബ്രാഞ്ച് പോസ്റ്റ് ഓഫിസ് സ്ഥാപിതമാകുന്നത്. അന്ന് മുതൽ ഉളിയന്നൂർ പോസ്റ്റ് ഓഫിസിൽ ജി.ഡി.എസ് (ഗ്രാമീണ ഡാക് സേവക് ) പോസ്റ്റ് വുമൺ ആയി ജോലി ചെയ്യുകയായിരുന്നു. ഉളിയന്നൂരിൽ നിയമിതയായ അന്നുമുതൽ 42 വർഷമായി അവിടെ തന്നെ ജോലി ചെയ്യുകയായിരുന്നു.

തോട്ടക്കാട്ടുകര സബ് പോസ്റ്റ് ഓഫിസിന് കീഴിലായിരുന്നു ഉളിയന്നൂർ പോസ്റ്റ് ഓഫിസ്. തോട്ടക്കാട്ടുകര പോസ്റ്റ് ഓഫിസിന് പൂട്ടുവീഴുകയും ള്ളിയന്നൂരിലെ തപാൽ വിതരണം ആലുവ ഹെഡ് പോസ്റ്റ് ഓഫിസിലുള്ള ഐ.ഡി.സിക്ക് കീഴിലാക്കുകയും ചെയ്തതോടെ സുശീല ആലുവ ഹെഡ് പോസ്റ്റ് ഓഫിസിലെത്തി കത്തുകൾ എടുത്ത് കൊണ്ടുപോയാണ് വിതരണം ചെയ്തത്. പോസ്റ്റ് ഓഫിസിൽ നിന്ന് തപാലുകളുമായി ഇറങ്ങി കുഞ്ഞുണ്ണിക്കര, മനാർ കവല, മരങ്ങാട്ടുകവല, കപ്പൂരി തൈക്കാവ് കവല, ഉളിയന്നൂർ സ്കൂൾ കവല, വാറത്തോടത്ത് കവല തുടങ്ങിയ പ്രദേശങ്ങളിലൂടെ 30 കിലോമീറ്ററോളം ദിനേന നടന്ന് സഞ്ചരിച്ചിരുന്നു. അതിനാൽ ഇവർ ഉളിയന്നൂരിലെ ഓരോരുത്തർക്കും സുപരിചിതയാണ്. പെരിയാറിനാൽ ചുറ്റിപ്പെട്ട് കിടന്ന ദ്വീപായിരുന്ന ഉളിയന്നൂരിൽ പിന്നീടാണ് പാലങ്ങൾ വന്നത്. വളരെ സ്നേഹം നിറഞ്ഞവരായിരുന്നു ഈ നാട്ടുകാരെന്ന് സുശീല പറയുന്നു.

ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട് വിശ്രമം വേണ്ടി വന്നപ്പോൾ വളരെയേറെ സഹകരിച്ചു. ഫോൺ വിളിച്ചു പറഞ്ഞാൽ പോലും ഓഫിസിൽ വന്ന് തപാൽ ഉരുപ്പടികൾ വാങ്ങുമായിരുന്നുവെന്നും സുശീല ഓർമിക്കുന്നു. താൻ ശനിയാഴ്ച വിരമിക്കുന്നുവെന്ന് ഓരോ വീടുകളിലും പറഞ്ഞപ്പോൾ തന്നെ എല്ലാവരും നിരാശയിലും വളരെ സങ്കടത്തിലുമാണെന്ന് സുശീല പറയുന്നു. അത്രയ്ക്ക് സഹവാസത്തിലും സ്നേഹത്തിലുമായിരുന്നു ഉളിയന്നൂരിലെ ഓരോ വീട്ടുകാരും തമ്മിലുള്ള സ്നേഹബന്ധം. പോസ്റ്റ് ഓഫിസ് പരിധിയിലെ ഓരോ കുടുംബത്തിലെയും സന്തോഷത്തിലും സങ്കടത്തിലും പങ്കാളിയായിരുന്നു ഉളിയന്നൂരിലെ സ്വന്തം പോസ്റ്റു വുമൺ സുശീല. ഭർത്താവ് പരമേശ്വരൻ നമ്പ്യാരുടെയും രണ്ടു മക്കളുടെയും പൂർണ പിന്തുണയും സഹകരണവും സുശീലക്കുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - After delivering mail on foot for over four decades, Sushila finally steps down
Next Story