അപകടങ്ങൾ പെരുകി കിഴക്കമ്പലം-നെല്ലാട് റോഡ്
text_fieldsകിഴക്കമ്പലം-നെല്ലാട് റോഡ്
കിഴക്കമ്പലം: കിഴക്കമ്പലം-നെല്ലാട് റോഡിൽ മഴ ശക്തമായതോടെ അപകടങ്ങളും കൂടുന്നു. രണ്ടാഴ്ചക്കിടെ 13 അപകടമാണ് ഉണ്ടായത്. മഴ ആരംഭിച്ചതോടെ റോഡിലെ ചെറിയ കുഴികളെല്ലാം വലുതായിരിക്കുകയാണ്. കുഴികളിൽ വെള്ളക്കെട്ടും ചളിയും നിറഞ്ഞതോടെ അപകടങ്ങൾ വർധിച്ചു. വെള്ളം കെട്ടിനിൽക്കുന്നതിനാൽ ആഴം അറിയാതെയാണ് പലപ്പോഴും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത്. റോഡിൽ ചളിയും വെള്ളവും നിറഞ്ഞതോടെ കാൽനടക്കാർക്ക് സഞ്ചരിക്കാൻ പോലും പറ്റാത്ത അവസ്ഥയുമായി.
ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്ന് കലക്ടറേറ്റ്, ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി, എറണാകുളം എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള എളുപ്പവഴിയാണിത്. എറണാകുളം ഭാഗത്തേക്ക് നിർമാണസാമഗ്രികൾ കൊണ്ടുപോകുന്നത് ഈ വഴിയാണ്. അതിനാൽ ടിപ്പറുകളും ബസുകളും ധാരാളമായി ഇതിലൂടെ കടന്നുപോകുന്നു. 10 വർഷത്തിലധികമായ റോഡ് ശോച്യാവസ്ഥക്കെതിരെ സമരസമിതി നേതൃത്വത്തിൽ കോടതിയെ സമീപിച്ചതിനെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
2018 മുതൽ റോഡ് നിർമാണത്തിനായി 46 കോടി അനുവദിച്ചെങ്കിലും റോഡ് ഇപ്പോഴും കുഴിയായി തന്നെയാണ് കിടക്കുന്നത്. വെയിലായാൽ പൊടി ശല്യവും മഴയായാൽ ചളിയുമാണ്. ഇതേതുടർന്ന് റോഡിന് ഇരുവശവും താമസിക്കാൻപോലും പറ്റുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ കാന നിർമിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. സ്കൂളുകൾ തുറന്നതിനു പിന്നാലെ മഴ കനത്തതോടെ കുട്ടികളും ദുരിതത്തിലായി. ഈ റോഡിനെ ആശ്രയിക്കുന്ന കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുക പ്രയാസകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

