തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരം; അത്താണിയിൽ അപകടവും ഗതാഗതക്കുരുക്കും പതിവ്
text_fieldsഅത്താണിയിലെ അശാസ്ത്രീയ ട്രാഫിക് സംവിധാനം
അത്താണി: ദേശീയപാതയിൽ നെടുമ്പാശ്ശേരി അത്താണിയിലെ സിഗ്നൽ ലൈറ്റുകളുടെ ക്രമീകരണം അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നതായി ആക്ഷേപം.
അങ്കമാലി ഭാഗത്തുനിന്ന് വരുന്ന ചെങ്ങമനാട് ഭാഗത്തേക്ക് പോകേണ്ട സ്വകാര്യ ബസുകൾ അടക്കമുള്ള വാഹനങ്ങൾ അത്താണിയിൽ എത്തുമ്പോൾ വലതുവശത്തേക്ക് ഒതുക്കിനിർത്തി സിഗ്നൽ തെളിയുമ്പോൾ മാത്രം കടന്നുപോകുന്ന സംവിധാനമാണുള്ളത്. അതേസമയം അങ്കമാലി ഭാഗത്ത്നിന്ന് വരുന്ന മറ്റ് വാഹനങ്ങൾക്ക് അത്താണിയിലെ സിഗ്നലിൽ കാത്തുനിൽക്കാതെ കടന്നുപോകാവുന്ന അവസ്ഥയുമാണുള്ളത്.
അടുത്തിടെ തുടങ്ങിയ സംവിധാനം ഈ മേഖലയിലെ സ്ഥിരയാത്രക്കാർക്ക് മാത്രമേ വ്യക്തമായി അറിയൂ. അങ്കമാലി ഭാഗത്തുനിന്ന് വിമാനത്താവളത്തിലേക്കോ ആലുവ ഭാഗത്തേക്കോ അതിവേഗം വരുന്ന വാഹനങ്ങൾ പലപ്പോഴും അത്താണിയിലെത്തുമ്പോൾ ആശയക്കുഴപ്പത്തിലാകുന്നുവെന്നാണ് പ്രധാന ആക്ഷേപം. ചെങ്ങമനാട് ഭാഗത്തേക്ക് തിരിയാൻ വലതുഭാഗത്തേക്ക് ഒതുക്കുമ്പോൾ അമിത വേഗത്തിൽ പിന്നിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നതായും ആക്ഷേപമുണ്ട്. നേരെ പോകേണ്ട വാഹനങ്ങൾ ആശയക്കുഴപ്പത്തിലായി ചെങ്ങമനാട് ഭാഗത്തേക്ക് പോകേണ്ട ക്യൂവിൽ കുടുങ്ങുകയും നേരേ പോകാമെന്ന് ബോധ്യമാകുമ്പോഴേക്കും റോഡിൽ നിറഞ്ഞ വാഹനങ്ങൾക്കിടയിൽനിന്ന് ഇടതുവശം ചേർന്ന് പോകാൻ സാധിക്കാത്ത അവസ്ഥയുമാണ്.
ആറുമാസംമുമ്പ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നേരിട്ടെത്തി നടത്തിയ ട്രാഫിക് പരിഷ്കാരമായിരുന്നു അത്.തുടക്കത്തിൽ 200 മീറ്ററോളം നീളത്തിൽ ടാർ വീപ്പ സ്ഥാപിച്ചാണ് അത്താണിയിൽ ട്രാഫിക് പരിഷ്കാരം ഏർപ്പെടുത്തിയതെങ്കിലും ജനം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വീപ്പകൾ എടുത്തുമാറ്റുകയായിരുന്നു. മറ്റ് തലതിരിഞ്ഞ പരിഷ്കാരങ്ങളിൽ ഒരു ഭേദഗതിയും വരുത്തിയിട്ടില്ല. നിത്യവും അപകടമുണ്ടാകുന്നുണ്ടെങ്കിലും ജീവൻ പൊലിയാൻ കാത്തിരിക്കുകയാണ് അധികാരികളത്രേ. അത്താണി അസീസി സ്കൂളിന് സമീപത്തെ വിമാനത്താവള കവാട യൂടേണിലും ടാർവീപ്പകൾ മാറ്റിയെന്നതല്ലാതെ മറ്റ് കുറവുകളൊന്നും പരിഹരിച്ചിട്ടില്ല. പുതിയ പരിഷ്കാരം കൂടുതലായും സ്വകാര്യ ബസുകളെയാണ് സാരമായി ബാധിച്ചിരിക്കുന്നത്. ആലുവയിൽനിന്നും അങ്കമാലിയിൽനിന്നും പറവൂർ, മാള, പുത്തൻവേലിക്കര, എളവൂർ ഭാഗങ്ങളിലേക്ക് സർവിസ് നടത്തുന്ന അറുപതിലധികം സ്വകാര്യ ബസുകളുടെ സമയനിഷ്ഠ താളംതെറ്റിയെന്നാണ് പരാതി. നിത്യവും സമയം വൈകിയാണ് ബസുകൾ ഓടുന്നത്. രാവിലെയും വൈകീട്ടും ചെങ്ങമനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ദേശീയപാത മുറിച്ചുകടക്കാൻ ഇപ്പോൾ ജുഡീഷ്യൽ അക്കാദമി മുതൽ കാത്തുകിടക്കേണ്ട അവസ്ഥയാണ്. മേക്കാട് റോഡിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതും ഏറെ ക്ലേശകരമാണ്.
സിഗ്നലിന് മുന്നിലും യൂടേണിലും റോഡിന്റെ നിരപ്പിൽ ടാറിങ് കട്ടപിടിച്ചു കിടക്കുന്നതിനാൽ വാഹനങ്ങൾ ചാടിത്തെറിച്ച് സഞ്ചരിക്കുന്ന അവസ്ഥയാണ്. ഇടുങ്ങിയ റോഡിന്റെ വശങ്ങളിൽ പലഭാഗത്തും അനധികൃത പാർക്കിങ്ങുണ്ട്. കൂടാതെ എംസാൻഡ്, മെറ്റൽ തുടങ്ങിയ നിർമാണ സാമഗ്രികൾ അലക്ഷ്യമായി റോഡിൽ ചിതറിയ നിലയിലാണ്.
റോഡിന്റെ വശങ്ങളിൽ പുല്ല് വളർന്നതും ദുരിതം സൃഷ്ടിക്കുന്നതായി ആക്ഷേപമുണ്ട്. റോഡിലെ അശാസ്ത്രീയാവസ്ഥ പരിഹരിക്കണമെന്ന് മേഖല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി.ഒ. ഡേവിസ്, ട്രഷറർ ടി.എസ്. സിജുകുമാർ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

