Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപകട മരണങ്ങൾ...

അപകട മരണങ്ങൾ അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നില്ല; അനധികൃത ലോറി പാർക്കിങ്ങിൽ വീർപ്പുമുട്ടി ദേശീയപാത

text_fields
bookmark_border
അപകട മരണങ്ങൾ അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നില്ല; അനധികൃത ലോറി പാർക്കിങ്ങിൽ വീർപ്പുമുട്ടി ദേശീയപാത
cancel
camera_alt

ദേശീയപാതയിൽ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന ലോറികൾ

ആലുവ: ദേശീയപാതയിലെ അനധികൃത ലോറി പാർക്കിങ് അപകടങ്ങൾക്കും ഗതാഗത കുരുക്കിനും ഇടയാക്കുന്നു. ഇതിനെതിരെ വ്യാപക പരാതി ഉയർന്നിട്ടും നടപടിയെടുക്കാൻ പൊലീസ് തയാറാകുന്നില്ല. അനധികൃത പാർക്കിങ് വാഹനാപകടങ്ങൾക്കും അപകട മരണങ്ങൾക്കും ഇടയാക്കുന്നുണ്ട്. നിരവധി പേർക്കാണ് ഇത്തരത്തിൽ ജീവൻ നഷ്ടമായത്. ഏതാനും നാൾ മുമ്പ്, ഇവിടെ പാർക്ക് ചെയ്തിരുന്ന ലോറി പെട്ടെന്ന് വലത്തോട്ട് എടുത്തപ്പോൾ ബൈക്കിൽ തട്ടിയുണ്ടായ അപകടത്തിൽ പുറയാർ സ്വദേശിനി നന്ദന മരിച്ചിരുന്നു.

ശ്വാസതടസ്സത്തെ തുടർന്ന് അങ്കമാലിയിൽ നിന്ന് ആംബുലൻസിൽ ഗവ. മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുമ്പോൾ ആംബുലൻസിൽ ലോറിതട്ടി കാലടി മരോട്ടിച്ചോട് സ്വദേശി എസ്തപ്പാനും സമീപ കാലത്ത് ജീവൻ നഷ്ടപ്പെട്ടിരുന്നു. ചൂർണിക്കര പഞ്ചായത്ത് ഇക്കാര്യം പല തവണ പൊലീസ് അധികാരികളോട് ആവശ്യപ്പെട്ടതാണ്. എന്നിട്ടും നടപടികളുണ്ടാകാത്തതിൽ നാട്ടുകാരിലും യാത്രക്കാരിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്.

തായിക്കാട്ടുകര ഗാരേജിനടുത്ത് ഐശ്വര്യ നഗറിന് മുൻഭാഗത്താണ് അപകട സാധ്യത ഏറെ. ഇവിടെയാണ് വലിയ ലോറികളടക്കം പാർക്ക് ചെയ്യുന്നത്. ഒരേസമയം, നിരവധി ലോറികൾ ഇവിടെയുണ്ടാകും. ഒന്നിലധികം നിരകളായി റോഡിലേക്ക് കയറ്റി വരെ ലോറികൾ നിർത്തിയിടുന്നുണ്ട്. സമീപത്തെ റെസിഡന്‍റ്സ് അസോസിയേഷനും ഇതിനെതിരെ പല തവണ പരാതിയുമായി രംഗത്തു വന്നിരുന്നു.

മുട്ടം മുതൽ പുളിഞ്ചോട് വരെ ചരക്ക് വാഹനങ്ങളുടെ അനധികൃത പാർക്കിങ് അപകടം ക്ഷണിച്ചു വരുത്തുന്നതായാണ് പരാതി. ഐശ്വര്യ നഗറിലെ താമസക്കാർക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ പോലും കഴിയാതെയാണ് പ്രധാന ഗേറ്റിന്‍റെ ഇരുവശത്തും ചരക്കുവാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.

പരാതികൾക്കും ഉത്തരവുകൾക്കും പുല്ലുവില

ആലുവ: ദേശീയപാതയിലെ അനധികൃത പാർക്കിങ് മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഇല്ലാതാക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ ചൂർണിക്കര ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് മന്ത്രിക്കും വ്യവസായ മന്ത്രിക്കും നിവേദനം നൽകിയിരുന്നു. മന്ത്രിമാർ ഇടപെട്ടതിനെ തുടർന്ന് കുറച്ചുദിവസം അനധികൃത വാഹന പാർക്കിങ്ങിനെതിരെ പൊലീസ് നടപടിയെടുത്തെങ്കിലും പിന്നീട് നിലച്ചു.

ദേശീയപാതയോരത്തെ അനധികൃത പാർക്കിങ്ങിനെതിരെ ഹൈകോടതി ഉത്തരവുണ്ടായിട്ടും നടപ്പാക്കുന്നില്ലെന്നും ആരോപണമുണ്ട്. ഐശ്വര്യ നഗറിലെ താമസക്കാരുടെ അസോസിയേഷന്‍റെ ഹരജിയിലാണ് ദേശീയപാതയിലെ ചരക്കുലോറികളുടെ അനധികൃത പാർക്കിങ് നേരത്തെ ഹൈകോടതി നിരോധിച്ചത്. ഐശ്വര്യ നഗറിലേക്ക് സ്‌കൂൾ വാഹനങ്ങൾ ഉൾപ്പെടെ തിരിയാൻ കഴിയാറില്ല.

സംരക്ഷണം ഒരുക്കി എജൻസികൾ; സ്വാധീനത്തിൽ മയങ്ങി അധികൃതർ

ആലുവ: മറ്റു സംസ്ഥ‌ാനങ്ങളിൽ നിന്നും കേരളത്തിലെ തന്നെ ദൂരസ്ഥ‌ലങ്ങളിൽ നിന്നും കണ്ടെയ്നർ ടെർമിനലിലും മറ്റും എത്തുന്ന ചരക്കു ലോറിക്കാർക്ക് റിട്ടേൺ ട്രിപ്പിന് ലോഡ് ഒപ്പിച്ചു കൊടുക്കുന്ന ലോറി ബുക്കിങ് ഏജൻസികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരെ ആശ്രയിക്കുന്ന ലോറികളാണ് ദേശീയപാതയോരങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്യുന്നത്. ഇത്തരം ഏജൻസികളാണ് അധികൃതരെ സ്വാധീനിച്ച് ലോറി പാർക്കിങ്ങിന് സൗകര്യമൊരുക്കുന്നത്.

റിട്ടേൺ ലോറികൾക്ക് ലോഡ് ഒപ്പിച്ച് കൊടുക്കുന്നതിലൂടെ മികച്ച വരുമാനമാണ് ഏജൻസികൾക്ക് ലഭിക്കുന്നത്. അതിനാൽ തന്നെ രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ചും കൃത്യമായ പ്രതിഫലം നൽകിയുമാണ് ഏജൻറുമാർ ബന്ധപ്പെട്ടവരെ സ്വാധീനിച്ച് വരുതിയിലാക്കിയിരിക്കുന്നത്. റിട്ടേൺ ലോഡ് ശരിയാകാൻ ദിവസങ്ങളോളം ഇവിടെ കാത്തുകിടക്കുന്ന ലോറികളുണ്ട്. ഇത്തരം ലോറികളിലെ ജീവനക്കാർ ഇരിപ്പും കിടപ്പും പാചകവുമെല്ലാം ലോറിക്കുള്ളിൽ തന്നെയാണ്. ഇവരിലേറെപ്പേരും നേരം പുലരും മുമ്പേ റോഡരികിൽ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കുന്നതും പതിവാണ്. ഇതടക്കമുള്ള കാര്യങ്ങളിൽ ലോറി ജീവനക്കാർക്ക് യാതൊരു ശല്യവും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാതെയും ഏജൻസികൾ സൗകര്യമൊരുക്കുന്നു.

ലോറിക്കാരുടെ അശ്രദ്ധയും അപകടങ്ങൾ വർധിപ്പിക്കുന്നു

ആലുവ: ദേശീയപാതയിലൂടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ രാത്രി വഴിവെളിച്ചം ഇല്ലാത്തതിനാൽ ലോറികളുടെ പിന്നിൽ വന്നിടിച്ച് ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. പാർക്ക് ചെയ്തിരിക്കുന്ന ലോറികൾ മുന്നറിയിപ്പില്ലാതെ വശങ്ങളിലേക്ക് എടുക്കുമ്പോഴും അശ്രദ്ധമായി യു ടേൺ തിരിയുമ്പോഴും അപകടങ്ങൾ സംഭവിക്കാറുണ്ട്. അനധികൃത പാർക്കിങ് മൂലം രാവിലെയും വൈകീട്ടും ഉണ്ടാകുന്ന ഗതാഗത കുരുക്കാണ് മറ്റൊരു പ്രശ്നം. ദേശീയപാതയിൽ പറവൂർ കവല മുതൽ മുട്ടം എസ്.സി.എം.എസ് കോളജ് വരെ ഈ പ്രശ്നമുണ്ട്. ദേശീയപാതയുടെ ഇരുവശത്തും വീടുകളുടെയും ഇടവഴികളുടെയും മുമ്പിൽ ലോറികൾ പാർക്ക് ചെയ്യുന്നതുമൂലം താമസക്കാരും ബുദ്ധിമുട്ടിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsIllegal Parkingeranakulam news
News Summary - Accidental deaths do not open the eyes of the authorities; National Highway choked with illegal lorry parking
Next Story