സൂപ്പർ ബൈക്കിലെത്തിയ യുവാവ് ഇരുചക്രവാഹന യാത്രികയെ ഇടിച്ചുതെറിപ്പിച്ചു
text_fieldsചൊവ്വാഴ്ച രാവിലെ സെസിന് മുന്നിൽ ഉണ്ടായ അപകടം, വിവിധ ദൃശ്യങ്ങൾ (കാറിന്റെ കാമറയിൽനിന്ന് ലഭിച്ച ചിത്രങ്ങൾ)
കാക്കനാട്: സൂപ്പർ ബൈക്കിൽ പാഞ്ഞെത്തിയ അജ്ഞാതൻ ഇരുചക്രവാഹന യാത്രികയെ ഇടിച്ച് തെറിപ്പിച്ചു. അപകടത്തിനുശേഷം വാഹനം നിർത്താതെ യുവാവ് കടന്നുകളഞ്ഞു. ചൊവ്വാഴ്ച രാവിലെ കാക്കനാട് സെസിന് മുന്നിലായിരുന്നു സംഭവം. സെസിലെ എസ്.എഫ്.ഒ ജീവനക്കാരിയായ പാലാരിവട്ടം സ്വദേശിനി സംഗീത മൈക്കിളാണ് അപകടത്തിൽപ്പെട്ടത്. യുവതി ഇരുചക്ര വാഹനത്തിൽ സെസിലേക്ക് റോഡ് തിരിഞ്ഞ് വരുമ്പോഴായിരുന്നു റോങ് സൈഡിലൂടെ സൂപ്പർ ബൈക്കിൽ അമിതവേഗത്തിൽ പാഞ്ഞെത്തിയ യുവാവ് ഇടിച്ച് തെറിപ്പിച്ചത്. ബൈക്കിൽ നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു. അപകടത്തിൽ സംഗീതയുടെ തോളെല്ലിന് പരിക്കേറ്റിട്ടുണ്ട്. തൃക്കാക്കര പൊലീസിൽ യുവതി പരാതി നൽകിയിട്ടുണ്ട്. സംഗീതയുടെ പിന്നാലെ വരികയായിരുന്ന എസ്.എഫ്.ഒ ജീവനക്കാരനും സി.ഐ.ടി.യു നേതാവുമായ രഘുറാം രാമചന്ദ്രന്റെ കാറിലെ കാമറയിൽ അപകട ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ദൃശ്യം പരിശോധിച്ചതിൽ നിന്നാണ് ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായത്.

