എറണാകുളം ജനറല്‍ ആശുപത്രിയില്‍ പുതിയ ഐ.പി ബ്ലോക്ക് വരുന്നു
text_fieldsജനറല്‍ ആശുപത്രി ഐ.പി ബ്ലോക്ക് രൂപരേഖ
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ പുതിയ ഐ.പി ബ്ലോക്കിന്റെ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം. ആശുപത്രി വികസന സമിതി യോഗമാണ് അംഗീകാരം നല്‍കിയത്.
83 കോടി രൂപ ചെലവില്‍ 1,60,000 ചതുരശ്ര അടിയിലാണ് നിര്‍മിക്കുന്നത്. എട്ട് നിലയിലായി ഒരുക്കുന്ന കെട്ടിടത്തില്‍ 374 കിടക്കകളും ആറ് ഓപറേഷന് തിയറ്ററും ഒരു മിനി ഓപറേഷന് തിയറ്ററും 14 ഐ.സി.യു ബെഡും ഉണ്ടാകും. ജനറല്‍ ആശുപത്രിയിലെ കാലപ്പഴക്കം ചെന്ന ജില്ല മെഡിക്കല്‍ ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ ബ്ലോക്ക് നിര്‍മിക്കുന്നത്. ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡാണ് (ഇന്‍കെല്‍) മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്. തുടര്‍നടപടി സ്വീകരിക്കാൻ ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ യോഗം ചുമതലപ്പെടുത്തി. പുതിയ ന്യൂറോ സര്‍ജനെ നിയമിക്കുന്നതിനും യോഗം അംഗീകാരം നല്കി. ജൂണ്‍ 16 മുതല്‍ ന്യൂറോ സര്‍ജറിയും ആരംഭിക്കും. ഈ വര്‍ഷം മുതല്‍ വൃക്കമാറ്റി വെക്കല്‍ ശസ്ത്രക്രിയ ആരംഭിക്കും വിധത്തില്‍ ആശുപത്രി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നടപടികള്‍ വേഗത്തിലാക്കും.
പുതിയ കാന്‍സര്‍ കെയര്‍ ബ്ലോക്കിലേക്ക് 15 നഴ്സിങ് ഓഫിസര്‍, 15 ശുചീകരണ തൊഴിലാളികള്‍, മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവരെ നിയമിക്കാനും അംഗീകാരം നല്കി.
എം.പി ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പുരോഗമിക്കുന്ന ഒ.പി കൗണ്ടര്‍, വെയ്റ്റിങ് ഏരിയ, പ്രവേശന കവാടം, റിസപ്ഷന് കൗണ്ടര്‍ തുടങ്ങിയവ നവീകരിക്കാൻ അധികമായ തുക ആശുപത്രി വികസന സമിതി ഫണ്ടില്‍നിന്ന് ചെലവഴിക്കും. ആശുപത്രി പരിസരത്ത് കമ്യൂണിറ്റി ഫാര്‍മസി ആരംഭിക്കാനും തീരുമാനമായി. അടിസ്ഥാന ദിവസവേതനം 625 രൂപയായും സര്‍വിസില്‍നിന്ന് വിരമിച്ച താല്‍ക്കാലിക ജീവനക്കാരുടെ ദിവസവേതനം 500 രൂപയായും ഉയര്‍ത്തി. കാലപ്പഴക്കം ചെന്ന പീഡിയാട്രിക് വാര്‍ഡിന്റെ നവീകരണം, പീഡിയാട്രിക് വാര്‍ഡിനോട് ചേര്‍ന്ന് കുട്ടികളുടെ കളിസ്ഥലം, ഓക്സിജന്‍ പ്ലാന്റിന്റെ മേല്‍ക്കൂര മാറ്റി പുതിയത് സ്ഥാപിക്കല്‍, കോണ്‍ഫറന്‍സ് ഹാളിന് 5000 രൂപ വാടക നിശ്ചയിക്കല്‍, പ്ലംബര്‍, ഇലക്ട്രീഷന്‍ തസ്തികയില്‍ കൂടുതല്‍ നിയമനം, സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കല്‍, മേയ് 31ന് അവസാനിക്കുന്ന ശുചീകരണ തൊഴിലാളികളുടെ കാലാവധി നീട്ടി നല്കല് എന്നീ കാര്യങ്ങള്‍ക്കും വികസനസമിതി യോഗം അംഗീകാരം നല്കി. ടി.ജെ. വിനോദ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈബി ഈഡന് എം.പി, കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്. ശ്രീദേവി, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്. ഷഹീര്‍ഷാ, ആശുപത്രി വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

