ഒരേ സമയം രണ്ട് അന്താരാഷ്ട്ര മാസ്റ്റർ ബിരുദം നേടി മട്ടാഞ്ചേരി സ്വദേശിനി
text_fieldsസമീന പി. സലാം
മട്ടാഞ്ചേരി: രണ്ട് രാജ്യങ്ങളിലെ രണ്ട് സർവകലാശാലകളിൽനിന്ന് ഒരേസമയം രണ്ട് മാസ്റ്റർ ബിരുദം നേടി മട്ടാഞ്ചേരി സ്വദേശിനി. കൊച്ചങ്ങാടി പുറകുളത്ത് പി.എച്ച്. അബ്ദുൽ സലാം-സഫിയ ദമ്പതികളുടെ മകൾ സമീന പി. സലാമാണ് അയർലൻഡിലെ ലിംറിക് യൂനിവേഴ്സിറ്റിയിൽനിന്ന് എക്കണോമിക്സ് ആൻഡ് പോളിസി അനാലിസിസിലും ബെൽജിയത്തിലെ ലിയോങ് യൂനിവേഴ്സിറ്റിയിൽനിന്ന് എക്കണോമിക്സ് സയൻസിലും മാസ്റ്റർ ബിരുദം നേടിയത്.
അയർലൻഡിൽ പഠിച്ചുകൊണ്ടിരിക്കെ ഒരു വർഷം പിന്നിട്ടപ്പോഴാണ് ബെൽജിയത്തിൽ മാസ്റ്റർ ബിരുദത്തിന് അവസരം ലഭിച്ചത്. ഒന്നര വർഷം കൊണ്ട് ലിംറിക് യൂനിവേഴ്സിറ്റിയിലെ പഠനം പൂർത്തീകരിച്ചു. തുടർന്ന് ബെൽജിയത്തിലെത്തി കോഴ്സിന് ചേർന്നു. ലിംറിക് യൂനിവേഴ്സിറ്റിയിൽ നേടിയ മാർക്ക് കൂടി കണക്കിലെടുത്ത് ലിയോങ് യൂനിവേഴ്സിറ്റിയും ആറുമാസം കൊണ്ട് കോഴ്സ് പൂർത്തിയാക്കാൻ അനുമതി നൽകി. ഇതോടെയാണ് രണ്ട് സർവകലാശാലകളിൽനിന്ന് ഉന്നത മാർക്കോടെ രണ്ട് മാസ്റ്റർ ബിരുദങ്ങൾ സ്വന്തമായത്.
അഭിനന്ദനങ്ങളുമായി പഠിച്ചിരുന്ന വിദ്യാലയങ്ങളിലെ അധ്യാപകരുമെത്തി. പ്ലസ്ടു വരെ പഠിച്ചത് ഫോർട്ട്കൊച്ചി സെൻറ് മേരീസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലായിരുന്നു. ബിരുദം കൊച്ചിൻ കോളജിലും. ബിസിനസ് മാനേജ്മെൻറിലേക്ക് കടക്കണമെന്നാണ് ആഗ്രഹം. സെലീഹയാണ് ഏക സഹോദരി.