പട്ടാപ്പകൽ 68കാരിക്കുനേരെ മുഖംമൂടി ആക്രമണം
text_fieldsപല്ലാരിമംഗലം: പട്ടാപ്പകൽ വീട്ടമ്മക്കുനേരെ മുഖംമൂടി ആക്രമണം. ചെറുത്തുനിൽപിൽ അടിപതറി അക്രമി. പല്ലാരിമംഗലം വെയ്റ്റിങ് ഷെഡ് കവലക്കുസമീപം താമസിക്കുന്ന ചിറപ്പാട്ട് പരേതനായ മുഹമ്മദിന്‍റെ ഭാര്യ മീരാ മുഹമ്മദിനെയാണ് (68) വ്യാഴാഴ്ച ഉച്ചക്ക് ആക്രമിക്കാൻ ശ്രമം നടന്നത്.
കമ്മൽ കൈക്കലാക്കാനുള്ള ശ്രമത്തിൽ കാതിന് മുറിവേറ്റിട്ടും പിടിവിടാതെ വീട്ടമ്മ മുഖംമൂടി വലിച്ചൂരിയതോടെ രക്ഷയില്ലെന്ന് കണ്ട മോഷ്ടാവ് തലക്കടിച്ചുവീഴ്ത്തി കടന്നുകളഞ്ഞു. ഇവരുടെ വീടിനടുത്ത് താമസിച്ചുവരുന്ന മട്ടാഞ്ചേരി സ്വദേശിയായ യുവാവിനെ പോത്താനിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ ഇവർ മാത്രമേ ഉള്ളൂവെന്നറിയാവുന്ന യുവാവ് മുഖംമൂടി ധരിച്ച് എത്തിയാണ് ആഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചത്.
അക്രമത്തിൽ ആദ്യം പകച്ച വീട്ടമ്മ ധൈര്യം വീണ്ടെടുത്ത് മോഷ്ടാവിനെ നേരിടുകയായിരുന്നു. മുഖംമൂടി വലിച്ചൂരാനുള്ള ശ്രമത്തിനിടെ അക്രമി ഇവരുടെ കാതിൽക്കിടന്ന കമ്മൽ വലിച്ചുപറിച്ചെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ചെവി കീറി രക്തം ഒഴുകിയെങ്കിലും മോഷ്ടാവിന്‍റെമേലുള്ള പിടിവിട്ടില്ല. പിടിവലിക്കിടയിൽ മുഖംമൂടി ഊരിപ്പോയതോടെ മോഷ്ടാവ് ഇവരെ തലക്ക് അടിച്ചു.
ഇതോടെ പിടിവിടുകയും അക്രമി ഓടിമറയുകയുമായിരുന്നു. ചെവിക്കും തലക്കും പരിക്കേറ്റ വീട്ടമ്മയെ കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

