കുമ്പളങ്ങി പാർക്കിൽ ചവർകൂനക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി
text_fieldsകുമ്പളങ്ങി പാര്‍ക്കില്‍ തീപിടിച്ച് പുക ഉയർന്നപ്പോൾ
പള്ളുരുത്തി: കുമ്പളങ്ങി പാർക്കിൽ ചവർ കൂനക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ പാർക്കിന്റെ സ്റ്റേജിനടുത്ത് റോഡിനോടു ചേർന്ന ഭാഗത്താണ് തീ പടർന്നത്. ഈ സമയം കുട്ടികളുമായി രക്ഷിതാക്കൾ പാർക്കിൽ ഉണ്ടായിരുന്നു. വർഷങ്ങളായി ശുചീകരണ പ്രവർത്തനങ്ങൾ നടക്കാത്ത അവസ്ഥയിലാണ് പാർക്കും പരിസരവും. തീപിടിച്ചതിനെ തുടർന്ന് പടിഞ്ഞാറന്‍ കാറ്റിൽ പരിസരമാകെ പുക നിറഞ്ഞു. തിരക്കുള്ള റോഡിൽ വാഹനങ്ങൾക്ക് പരസ്പരം കാണാനാവാത്ത സ്ഥിതിയിൽ ഗതാഗതം സ്തംഭിച്ചു. തിരക്കിൽ വാഹനങ്ങൾ ചെറിയ തോതിൽ കൂട്ടിമുട്ടിയെങ്കിലും അപകടമൊഴിവായി.
വാർഡ് മെമ്പർ കെ.വി. സാബു ഉടൻ അഗ്നി രക്ഷാ സേനയിൽ വിവരമറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരിയും വിവരമറിഞ്ഞ് സ്ഥലത്തെത്തി. മട്ടാഞ്ചേരിയിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അവഗണനയെ തുടർന്ന് വർഷങ്ങളായി കാടു കയറി നശിച്ചുകൊണ്ടിരിക്കുന്ന കുമ്പളങ്ങി പാർക്ക് അടിയന്തിരമായി നവീകരിക്കുന്നതിന് അധികാരികളുടെ അടിയന്തിര നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

