റോഡിലെ മണ്ണ് നീക്കാനും പുല്ല് വെട്ടാനും 21 ലക്ഷം; തൃക്കാക്കര നഗരസഭ പൊതുമരാമത്തിൽ പകൽക്കൊള്ള
text_fieldsകാക്കനാട്: തൃക്കാക്കര നഗരസഭയുടെ ഉടമസ്ഥതയിലുള്ള നിരത്തുകളുടെയും പൊതുമരാമത്തു വക റോഡുകളുടെയും വശങ്ങളിൽ വളരുന്ന പാഴ്പുല്ലുകൾ വെട്ടിമാറ്റാനും പാതയോരത്തെ മണ്ണു നീക്കംചെയ്യാനുമെന്ന വ്യാജേന നഗരസഭയിലെ പത്തോളം വാർഡുകളിൽ നടത്തുന്നത് പകൽക്കൊള്ളയെന്ന് ആക്ഷേപം. പൊതുമരാമത്ത് വകുപ്പിന്റെ അധികാര പരിധിയിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണിയും മറ്റും ഏറ്റെടുത്തു നടത്തേണ്ട ഉത്തരവാദിത്വം പി.ഡബ്ല്യു.ഡി വകുപ്പിനാണെന്നിരിക്കെ ചില കൗൺസിലർമാരും കരാറുകാരും ഉദ്യോഗസ്ഥരും ചേർന്ന് നഗരസഭയുടെ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള ചില നഗരസഭ കൗൺസിലർമാർക്കിടയിൽ ഭിന്നത രൂക്ഷമായിട്ടുണ്ട്. ശുചീകരണത്തിന്റെ മറവിൽ സാമ്പത്തിക ക്രമക്കേട് നടത്തുകയാണെന്ന ആരോപണവുമായി രംഗത്തുവന്ന വാർഡ് കൗൺസിലർമാരെ അനുനയിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ടെങ്കിലും സാമ്പത്തിക ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ചില കൗൺസിലർമാർ. നഗരസഭ പരിധിയിലുള്ള
സീപോർട്ട് എയർപോർട്ട് റോഡിൽ ഒരിടത്തും മണ്ണ് കൂടിക്കിടക്കുന്നില്ല. വശങ്ങളിൽ പുല്ലും വളർന്നിട്ടില്ല. സീപോർട്ട് എയർപോർട്ട് റോഡിന്റെ വശങ്ങൾ നന്നാക്കാൻ തൃക്കാക്കര നഗരസഭയുടെ പൊതുഫണ്ട് ഉപയോഗിക്കേണ്ട കാര്യമില്ലെന്ന് ഉദ്യോഗസ്ഥരും പറയുന്നു.
മണിക്കൂറിന്1560 രൂപവീതം വാടക നൽകി പല വാർഡുകളിലും മണ്ണു നീക്കം ചെയ്യാൻ എക്സ്കവേറ്റർ വേണമെന്നാവശ്യപ്പെട്ട കൗൺസിലർമാരുടെ പട്ടികയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. മണിക്കൂറിന് 700 രൂപ പോലും വാടകയില്ലാത്തപ്പോഴാണിത്. പത്തോളം റോഡുകളിലാണ് പുല്ലു ചെത്തലിന്റെയും മണ്ണു നീക്കലിന്റെയും മറവിൽ ലക്ഷങ്ങളുടെ ക്രമക്കേടുകൾ. ഇതിൽ സീപോർട്ട്-എയർപോർട്ട് റോഡ്, പുക്കാട്ടുപടി -ഇടപ്പള്ളി റോഡ്, അത്താണി-പള്ളിക്കര റോഡ്, നവോദയ-മില്ലുപടി റോഡ്, ഇൻഫോപാർക്ക് റോഡ് ഇവയെല്ലാം പൊതുമരാമത്ത് വക റോഡുകളാണ്. കണ്ടിൻജൻറ് ജീവനക്കാർ അതത് വാർഡിൽ ചെയ്തിരുന്ന ജോലിയാണ് ഇപ്പോൾ കരാർ കൊടുക്കുന്നത്. ആറുമാസം മുമ്പ് മുൻ ഭരണസമിതി ലക്ഷങ്ങൾ ചെലവഴിച്ച് റോഡ് ക്ലീൻ ചെയ്തതും വിവാദമായിരുന്നു. നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ മൗനം നടിക്കുന്നതും അഴിമതിക്ക് ആക്കം കൂട്ടുന്നതായി ഭരണ-പ്രതിപക്ഷ അംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

