ഇങ്ങനെ വലിച്ചെറിയണോ? പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞതിന് ജില്ലയിൽ മൂന്ന് വർഷത്തിനിടെ പിഴയിട്ടത് 1.42 കോടി
text_fieldsകൊച്ചി: പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നതിനെതിരെ തദ്ദേശ സ്ഥാപനങ്ങൾ നടപടി ശക്തമാക്കിയിട്ട് ഏറെ നാളായെങ്കിലും പലയിടത്തും വലിച്ചെറിയൽ തുടരുകയാണ്.
ഇരുട്ടിന്‍റെ മറവിലും അവധി ദിവസങ്ങൾ നോക്കിയും പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കുടുക്കാൻ പലയിടത്തും കാമറകളുണ്ട്. എന്നിട്ടും, 3050 കേസുകളാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജില്ലയിൽ കണ്ടെത്തിയത്. കുറ്റക്കാരിൽനിന്ന് 1,42,18,269 രൂപ പിഴ ഈടാക്കുകയും ചെയ്തു. തദ്ദേശ സ്ഥാപനങ്ങൾ സ്ഥാപിച്ച 503 കാമറകൾ മാലിന്യം തള്ളുന്നത് തടയാനയി. ജില്ലയിലെ 96 തദ്ദേശ സ്ഥാപനങ്ങൾ 503 കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ സഹായത്തോടെയും പൊതുജനങ്ങൾ തെളിവു സഹിതം നൽകിയ പരാതികളുടെ അടിസ്ഥാനത്തിലുമാണ് പൊതു സ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിച്ചത്.
ഇത്തരം പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണെന്നും അധികൃതർ പറയുന്നു. മലപ്പുറം ജില്ല കഴിഞ്ഞാൽ കാമറ സ്ഥാപിച്ച തദ്ദേശസ്ഥാപനങ്ങളുടെ എണ്ണത്തിൽ മുന്നിൽ എറണാകുളമാണ്. മലപ്പുറം ജില്ലയിൽ 106 തദ്ദേശ സ്ഥാപനങ്ങളാണ് കാമറ സ്ഥാപിച്ചത്. എന്നാൽ, കാമറകളുടെ എണ്ണത്തിൽ തൃശൂർ ജില്ലയാണ് മുന്നിൽ: 964 എണ്ണം.
ജില്ലയിൽ 3050 കേസ്
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജില്ലയിൽ 3050 കേസുകളിലാണ് നടപടി സ്വീകരിച്ചത്. ഈ കേസുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്ക് 1,42,18,269 പിഴ ചുമത്തി. തിരുവനന്തപുരവും തൃശൂരും കഴിഞ്ഞാൽ എറണാകുളമാണ് കേസുകളുടെ എണ്ണത്തിൽ മുന്നിൽ. ഈ ജില്ലകളിൽ യഥാക്രമം 3333ഉം 3238ഉം കേസുകളിൽ നടപടി സ്വീകരിച്ചു. ബ്രഹ്മപുമരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തിന് ശേഷമാണ്ജില്ലയിൽ പരിശോധനയും പിഴ ഈടാക്കലും കൂടുതൽ കർശനമാക്കിയത്.
നിയലംഘനം പിടികൂടാൻ സ്ക്വാഡ്
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലത്തും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുകയും നിക്ഷേപിക്കുകയും ചെയ്യുന്നവരിൽ നിന്ന് അതത് തദ്ദേശ സ്ഥാപനങ്ങളാണ് പിഴ ഈടാക്കുന്നത്.
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിന്‍റെ വീഡിയോ പകർത്തി കൈമാറുന്നവർക്ക് 2500 രൂപ പാരതിതോഷികവും ഏർപ്പെടുത്തിയിട്ടുണ്ട്. അജൈവ മാലിന്യ സംസ്കരണത്തിനായി പൊതുസ്ഥലങ്ങളിൽ ബിന്നുകളും ബോട്ടിൽ ബൂത്തുകളും മിനി എം.സി.എഫുകളും സ്ഥാപിച്ചിട്ടുണ്ട്.
ഇതോടൊപ്പം ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ പ്രത്യേക എൻഫോഴ്സ്മെന്‍റ് സ്ക്വാഡുകൾ തദ്ദേശസ്ഥാപന തലത്തിലും ജില്ലാ തലത്തിലും പ്രവർത്തിക്കുന്നു.
ഹരിതകർമ സേന യൂസർ ഫീ ഈടാക്കി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും വലിച്ചെറിയുന്നത് പലയിടത്തും തുടരുകയാണ്. പ്രത്യേകിച്ച്, നഗര പ്രദേശങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

