Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎറണാകുളം-അങ്കമാലി...

എറണാകുളം-അങ്കമാലി അതിരൂപതയിൽ ഡിസംബർ 25 മുതൽ ഏകീകൃത കുർബാന

text_fields
bookmark_border
കൊച്ചി: കുർബാന അർപ്പണരീതിയിലെ പരിഷ്കരണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിലുണ്ടായ വിവാദങ്ങൾക്കൊടുവിൽ പുതിയ കുർബാനക്രമം നടപ്പാക്കാൻ ആവശ്യപ്പെട്ട് മെത്രാപ്പോലീത്തൻ വികാരിയുടെ സർക്കുലർ. ഡിസംബർ 25 മുതൽ പുതിയ കുർബാനക്രമം നടപ്പാക്കുമെന്ന് മെത്രാപ്പോലീത്തൻ വികാരി ആർച് ബിഷപ് ആന്റണി കരിയിൽ അറിയിച്ചു. ഡിസംബർ 25 മുതൽ പുതിയ കുർബാനയിലേക്ക് മാറാൻ ഒരുക്കം നടത്താൻ ആവശ്യപ്പെട്ട് വൈദികർക്ക് സർക്കുലർ നൽകി. കഴിഞ്ഞ നവംബർ 28 മുതൽ സിറോ മലബാർ സഭ മുഴുവൻ സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുർബാന നടപ്പാക്കണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വർഷങ്ങളായി തുടരുന്ന ജനാഭിമുഖ കുർബാനതന്നെ തുടരണമെന്ന നിലപാടാണ് വൈദികർ സ്വീകരിച്ചത്. കർദിനാളിന്‍റെ നിർദേശം തള്ളി എറണാകുളം-അങ്കമാലി അതിരൂപതക്ക് മാത്രമായി മെത്രാപ്പോലീത്തൻ വികാരി മാർ ആന്‍റണി കരിയിൽ പ്രത്യേക ഇളവ് നൽകുകയും ചെയ്തു. അനിശ്ചിത കാലത്തേക്ക് നൽകിയ ഈ ഇളവാണ് ആർ‍ച് ബിഷപ് ഇപ്പോൾ പിൻവലിച്ചത്. ജനാഭിമുഖ കുർബാനയർപ്പണ രീതി അതിരൂപതക്ക്​ അനുവദിക്കണമെന്ന്​​ താൻ അഭ്യർഥിച്ചിരുന്നെങ്കിലും ഈസ്റ്റർ ദിനം മുതൽ സിനഡ് തീരുമാനപ്രകാരമുള്ള കുർബാനയർപ്പണ രീതി നടപ്പാക്കണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തിരിക്കുകയാണെന്നും മാർ ആന്‍റണി കരിയിൽ വ്യക്തമാക്കി. ഇത് കണക്കിലെടുത്ത്, അതിരൂപതക്ക്​ താൻ നൽകിയ ഇളവിന്‍റെ കാലാവധി 2022 ഡിസംബർ 25വരെയായി നിജപ്പെടുത്തിയെന്നും അദ്ദേഹം സർക്കുലറിൽ വ്യക്തമാക്കി. സർക്കുലർ ഞായറാഴ്ച കുർബാനമധ്യേ പള്ളികളിലും സ്ഥാപനങ്ങളിലും വായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണാധികാരി എന്ന നിലയില്‍ ആര്‍ച്​ ബിഷപ് ആന്‍റണി കരിയിൽ സ്വീകരിച്ച തീരുമാനത്തോട് യോജിക്കുന്നുവെന്ന് രൂപതയിലെ വൈദികർ വ്യക്തമാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പ തങ്ങള്‍ക്കുള്ള കത്തില്‍ പറഞ്ഞതുപോലെ താഴ്ത്തപ്പെടലിന്‍റെയും പീഡാസഹനത്തിന്‍റെയും കയ്പുനിറഞ്ഞ കാസയാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്ക് ജനാഭിമുഖ കുര്‍ബാനക്ക് വിരുദ്ധമായ കുര്‍ബാന അര്‍പ്പണരീതി. എങ്കിലും പിതാവിനെ ഏറെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിനാൽ ഉപദേശം തങ്ങള്‍ സ്വീകരിക്കുന്നുവെന്ന് അതിരൂപത സംരക്ഷണ സമിതി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. കാര്‍മികന്‍ എങ്ങോട്ട് തിരിയണം എന്ന കാര്യത്തില്‍ ഒരു ചര്‍ച്ചക്കും ഇടം നൽകാതിരുന്നത് സിറോ മലബാര്‍ സഭയിലെ കല്‍ദായ ലോബിയുടെ വര്‍ഷങ്ങളായുള്ള അധാര്‍മികതയുടെ തെളിവാണ്. അത്തരം നീക്കങ്ങളെ ഇനിയും ചെറുക്കും. കല്‍ദായവത്കരണത്തിന്‍റെ ഭാഗമായി എന്തെങ്കിലും അടിച്ചേൽപിക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്നും സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story