Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:45 AM IST Updated On
date_range 7 May 2022 5:45 AM ISTകോവിഡാനന്തര ടൂറിസം: മുന്‍ഗണന കേരളത്തിനെന്ന് വിദേശ ട്രാവല്‍ ഏജന്‍റുമാര്‍
text_fieldsbookmark_border
മട്ടാഞ്ചേരി: കോവിഡിനുശേഷമുള്ള ആഗോള വിനോദസഞ്ചാര ലക്ഷ്യ സ്ഥാനങ്ങളെക്കുറിച്ച് ലഭിക്കുന്ന അന്വേഷണങ്ങളിലെല്ലാം കേരളം മുന്‍പന്തിയിലാണുള്ളതെന്ന് കൊച്ചിയില്‍ നടക്കുന്ന നാല് ദിവസത്തെ കെ.ടി.എം 2022ൽ വിദേശ ട്രാവല്‍ ഏജന്‍റുമാര്‍ പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന സ്ഥലമാണ് കേരളമെന്നും വിദേശ പ്രതിനിധികള്‍ പറഞ്ഞു. കെ.ടി.എമ്മിന്‍റെ ഭാഗമായി കൊച്ചി വെലിങ്ടണ്‍ ഐലൻഡിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഞായറാഴ്ച വരെയാണ് വാണിജ്യ കൂടിക്കാഴ്ചകളും സെല്ലര്‍മാരുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുള്ളത്. 55,000 വാണിജ്യ കൂടിക്കാഴ്ചയാണ് മാര്‍ട്ടില്‍ നടക്കുക. പരമ്പരാഗത മൂല്യങ്ങള്‍, ആയുര്‍വേദ ചികിത്സ, രുചികരമായ ഭക്ഷണം, ആളുകളുടെ ഊഷ്മളമായ പെരുമാറ്റം തുടങ്ങിയ സവിശേഷതകള്‍കൊണ്ട് കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച പ്രദേശങ്ങളിലൊന്നാണെന്ന് ഹംഗറിയിലെ വേള്‍ഡ് ട്രാവല്‍ മാസ്റ്റര്‍ സോട്ട് ജുറാക് പറഞ്ഞു. യാത്രികര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കുന്ന പ്രദേശമാണ് കേരളമെന്നും വിനോദസഞ്ചാരിയായി പലതവണ കേരളത്തില്‍ വന്നിട്ടുള്ള ജുറാക് പറഞ്ഞു. സാധാരണയായി കൊറിയക്കാര്‍ തീര്‍ഥാടന പരിപാടികളിലും അത്തരം ടൂര്‍ പാക്കേജുകളിലും താല്‍പര്യമുള്ളവരാണെന്ന് ദക്ഷിണ കൊറിയയിലെ വിത്തസ് ടൂറിന്‍റെ പ്രതിനിധിയായ യൂന്‍സൂക്ക് പാര്‍ക്ക് പറഞ്ഞു. കേരളത്തിന്‍റെ പ്രകൃതിസൗന്ദര്യത്തെ പുകഴ്ത്തിയ പാര്‍ക്ക് സംസ്ഥാനത്തിന്‍റെ ഏറ്റവും പുതിയ ഉൽപന്നമായ കാരവന്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതായും പറഞ്ഞു. 69 രാജ്യത്തുനിന്നും 25 ഇന്ത്യന്‍ സംസ്ഥാനത്തില്‍നിന്നുമുള്ള ബയര്‍ പ്രാതിനിധ്യം കെ.ടി.എമ്മില്‍ ഉണ്ട്. ഒന്നര ലക്ഷം ചതുരശ്ര അടിയില്‍ 325 സ്റ്റാളാണ് കെ .ടി.എമ്മിനായി ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story