Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവണ്ടിപ്പെരിയാർ പീഡന...

വണ്ടിപ്പെരിയാർ പീഡന കൊലപാതകം പുതിയ കുറ്റം ചുമത്തൽ: വിചാരണ കോടതിയെ സമീപിക്കാമെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: വണ്ടിപ്പെരിയാറിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ പട്ടിക വിഭാഗങ്ങൾക്കെതിരായ അക്രമം തടയൽ നിയമപ്രകാരം കുറ്റം ചുമത്തണമെന്ന ആവശ്യം വിചാരണ കോടതിയിൽ ഉന്നയിക്കണമെന്ന്​ ഹൈകോടതി. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് നൽകിയ അപ്പീലിലാണ്​ ഡിവിഷൻബെഞ്ചിന്‍റെ നിർദേശം. പ്രതിക്കെതിരെ ഈ നിയമ പ്രകാരമുള്ള കുറ്റം ചുമത്തണമെന്ന ആവശ്യവുമായി ഹരജിക്കാരന് സെഷൻസ് കോടതി ജഡ്‌ജിയെ സമീപിക്കാം. ഇരുവിഭാഗത്തിന്റെയും വാദം കേട്ട് ചുമത്തിയ കുറ്റങ്ങളിൽ മാറ്റം വരുത്തണോയെന്ന്​ സെഷൻസ് കോടതി തീരുമാനിക്കണം. എന്നാൽ, മേയ് ഒമ്പതിന് തുടങ്ങുന്ന വിചാരണയുടെ തീയതി മാറ്റണമെന്നോ വൈകിപ്പിക്കണ​മെന്നോ ഇതിനർഥമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഈയാവശ്യമുന്നയിച്ച്​ നൽകിയ ഹരജി സിംഗിൾബെഞ്ച് തള്ളിയതിനെതിരായിരുന്നു അപ്പീൽ. സിംഗിൾബെഞ്ച്​ വിധിയിലെ നിരീക്ഷണങ്ങൾ ഡിവിഷൻ ബെഞ്ച് നീക്കി. പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടിയെ 2021 ജൂൺ 30നാണ് വീടിനകത്ത്​ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി പ്രതി അർജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യൻ ശിക്ഷ നിയമവും പോക്‌സോ നിയമവും അനുസരിച്ചുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തതെങ്കിലും പട്ടിക വിഭാഗങ്ങൾക്കെതിരായ അക്രമം തടയുന്ന നിയമ പ്രകാരമുള്ള കുറ്റം ചുമത്തിയില്ലെന്നായിരുന്നു ഹരജിക്കാരന്റെ പരാതി. പ്രതിയും പട്ടികജാതി വിഭാഗത്തിൽപെട്ടയാളായതിനാൽ ഈ കുറ്റം ചുമത്താൻ നിയമപരമായി കഴിയില്ലെന്നായിരുന്നു പൊലീസിന്റെ വാദം. ഹരജിക്കാരൻ ഈയാവശ്യമുന്നയിച്ച് പൊലീസിലും പിന്നീട് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതിയിലും ഹൈകോടതി സിംഗിൾബെഞ്ചിലും ഹരജി നൽകിയെങ്കിലും തള്ളി. തുടർന്നാണ് അപ്പീൽ നൽകിയത്. പ്രതിയുടെ കുടുംബം വർഷങ്ങൾക്കു മുമ്പ് ക്രിസ്തുമതം സ്വീകരിച്ചതാണെന്നും ഇതു മറച്ചു വെച്ചാണ് പട്ടികജാതി വിഭാഗത്തിൽ പെട്ടതാണെന്ന വാദം ഉന്നയിക്കുന്നതെന്നും ഹരജിക്കാരൻ വാദിച്ചു. പ്രതി ക്രിസ്ത്യാനിയാണെന്ന്​ വ്യക്തമാക്കി വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഹരജിക്കാരൻ വിശദീകരിച്ചു. തുടർന്നാണ് വിചാരണ കോടതിയെ സമീപിക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story