Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:51 AM IST Updated On
date_range 29 April 2022 5:51 AM ISTസ്വർണക്കടത്ത്: മുഖ്യപ്രതി റിമാൻഡിൽ, മൂന്നുപേർ കസ്റ്റഡിയിൽ
text_fieldsbookmark_border
കൊച്ചി: ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവത്തിലെ മുഖ്യപ്രതിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര നഗരസഭ വൈസ് ചെയർമാനും മുസ്ലിം ലീഗ് ജില്ല നേതാവുമായ എ.എ. ഇബ്രാഹീംകുട്ടിയുടെ മകൻ ഷാബിൻ ഇബ്രാഹീമിനെയാണ് കസ്റ്റംസ് പ്രിവൻറിവ് വിഭാഗം അറസ്റ്റ് ചെയ്തത്. എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഷാബിനെ കൂടാതെ മറ്റ് മൂന്നുപേരെക്കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റംസ് ഓഫിസിൽ വിളിച്ചുവരുത്തി മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഷാബിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഉടൻ അപേക്ഷ നൽകും. ഇക്കഴിഞ്ഞ 23നാണ് എയർ ഇന്ത്യ വിമാനത്തിൽ എത്തിച്ച 1.20 കോടിയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തത്. കസ്റ്റംസ് ക്ലിയറൻസിന് വിമാനത്താവളത്തിലെത്തിയ തൃക്കാക്കര സ്വദേശി നകുലിനെ ചോദ്യം ചെയ്തതിൽനിന്നാണ് ഷാബിന്‍റെയും കെ.പി. സിറാജുദ്ദീന്‍റെയും പങ്ക് പുറത്തുവന്നത്. സിറാജുദ്ദീന് വിവിധ വിമാനത്താവളങ്ങളിലൂടെയും തുറമുഖങ്ങളിലൂടെയും സ്വർണം കടത്തുന്നതിൽ പങ്കുണ്ടെന്നാണ് ഷാബിനെ ചോദ്യം ചെയ്തതിൽനിന്ന് വിവരം ലഭിച്ചത്. ദുബൈയിൽ കഴിയുന്ന സിറാജുദ്ദീനെ വിളിച്ചുവരുത്താൻ കസ്റ്റംസ് നടപടി തുടങ്ങിയിട്ടുണ്ട്. കീഴടങ്ങിയില്ലെങ്കിൽ ഇൻറർപോളിന്‍റെ സഹായം തേടാനാണ് തീരുമാനം. ഷാബിനും രണ്ട് സുഹൃത്തുക്കളും ചേർന്ന് സ്വർണം വാങ്ങാൻ ഒരു കോടി രൂപ ഹവാല ചാനൽ വഴി വിദേശത്തേക്ക് കടത്തിയതായി കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കരയിലെ തുരുത്തുമ്മേല്‍ എൻറര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇറച്ചിവെട്ട് യന്ത്രമെത്തിയത്. നകുലുമായും ഈ സ്ഥാപനവുമായും ഷാബിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അന്വേഷണം ആ വഴിക്ക് നീണ്ടത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഷാബിന്‍റെ പിതാവായ ഇബ്രാഹീംകുട്ടിയുടെ വീട്ടിലും സിറാജുദ്ദീന്‍റെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story