Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:44 AM IST Updated On
date_range 27 April 2022 5:44 AM ISTഫോർട്ട്കൊച്ചി - വൈപ്പിൻ ബോട്ട് തകരാറിലെന്ന് ജീവനക്കാർ; യാത്രക്കാർ ബഹളം വെച്ചതോടെ സർവിസ് പുനരാരംഭിച്ചു
text_fieldsbookmark_border
ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി -വൈപ്പിൻ ഫെറിയിൽ അറ്റകുറ്റപ്പണിക്ക് ഒരു റോ റോ വെസൽ മാറ്റിയിട്ടതിന്‍റെ ദുരിതം തുടരുന്നതിനിടെ ബോട്ട് കേടാണെന്ന പേരിൽ മാറ്റിയിട്ടത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. ചൊവ്വാഴ്ച ഉച്ചയോടെയാണ് രണ്ട് ബോട്ടിൽ ഒന്ന് ക്രാങ്കിന് തകരാറാണെന്ന് പറഞ്ഞ് ഫോർട്ട്കൊച്ചി ജെട്ടിയിൽ മാറ്റിക്കെട്ടിയിട്ടത്. ഇതോടെ പ്രയാസത്തിലായ യാത്രക്കാർ ബഹളം വെച്ചു. യാത്രക്കാരുടെ പ്രതിഷേധം കനത്തതോടെ ബോട്ട് സർവിസിന് ഇറക്കുകയായിരുന്നു. ഇവിടെ സർവിസ് നടത്തിയ റോ റോ വെസലുകളിൽ ഒന്നാണ് മൂന്നു മാസത്തോളമായി അറ്റകുറ്റപ്പണിക്കായി മാറ്റിയിട്ടിരിക്കുന്നത്. രണ്ട് റോ റോ വെസലുകളും ഒരു ബോട്ടുമാണ് യാത്രാദുരിതത്തിന് പരിഹാരമായി നഗരസഭ പണിയിച്ച് കിൻകോക്ക് നടത്തിപ്പിന് കൈമാറിയത്. ഒന്നര വർഷത്തോളം നഷ്ടത്തിന്‍റെ പേരിൽ മാറ്റിയിട്ട 'ഫോർട്ട് ക്വീൻ' ബോട്ട് ഒരു വെസൽ അറ്റകുറ്റപ്പണിക്ക് മാറ്റിയതോടെ തിരികെ കൊണ്ടുവന്ന് സർവിസ് നടത്തുന്നുണ്ട്. ബോട്ട് സർവിസ് കാര്യക്ഷമമല്ലെന്നാണ് യാത്രക്കാരുടെ പരാതി. ഇതിനിടെയാണ് ചൊവ്വാഴ്ച ഒരു ബോട്ട് മാറ്റിക്കെട്ടിയത്. അതേസമയം, മിക്ക ദിവസങ്ങളിലും ബോട്ട് ഫോർട്ട് കൊച്ചി ജെട്ടിയിൽ മണിക്കൂറുകളോളം മാറ്റിക്കെട്ടിയിടുന്നത് പതിവാണെന്നാണ് യാത്രക്കാരുടെ പരാതി. ബോട്ടിൽ യാത്രക്കാർ കയറുമ്പോൾ തിരക്കേറിയ റോ റോയിലേക്ക് പറഞ്ഞുവിടുന്നത് സ്ഥിരമാണെന്ന് ജങ്കാർ സംരക്ഷണ സമിതി പ്രസിഡന്‍റ് കെ.എ. മുജീബ് റഹ്മാൻ പറഞ്ഞു. ബോട്ട് സർവിസ് കൃത്യമായി നടത്താൻ ജീവനക്കാരിൽ ചിലർക്ക് മടിയാണെന്നും മുജീബ് ആരോപിക്കുന്നു. ബോട്ട് സർവിസ് കാര്യക്ഷമമല്ലാത്തതിനാൽ കൃത്യസമയത്ത് ജോലിക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് യാത്രക്കാരിയായ ജെസി സെബാസ്റ്റ്യനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story