Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹൂതി വിമതർ...

ഹൂതി വിമതർ ബന്ദിയാക്കിയ അഖിലിന് മോചനം: നാട്ടിലെത്തുന്നതും കാത്ത് കുടുംബം

text_fields
bookmark_border
ആറാട്ടുപുഴ: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ, ഹൂതി വിമതരുടെ പിടിയിലായ അഖിലിന് മോചനം. ജനുവരി രണ്ടിനാണ് ചേപ്പാട് ചിറയിൽ പടീറ്റതിൽ രഘു-ശുഭ ദമ്പതികളുടെ മകൻ അഖിൽ രഘു (25) ഹൂതി വിമതരുടെ തടവിലായത്. യമനിലെ സുഖോത്ര ദ്വീപിൽനിന്ന് സൗദിയിലെ ജസ്വാം തുറമുഖത്തേക്ക് പോയ യു.എ.ഇ പതാകവാഹക ചരക്കുകപ്പലായ റ്വാബീയാണ് ഹൂതികൾ തട്ടിയെടുത്തത്. യു.എ.ഇയുടെ ലിവ മറൈൻ ഷിപ്പിങ്​ കമ്പനിയുടെ ഉടമസ്ഥതയിലെ ഈ കപ്പലിലെ കാഡറ്റായിരുന്നു അഖിൽ. മോചിതനായ വിവരം കുടുംബത്തെ അഖിൽ ഫോണിൽ വിളിച്ച് അറിയിച്ചു. 11 പേരാണ് മോചിതരാകുന്നത്. ഇതിൽ ഏഴുപേർ ഇന്ത്യക്കാരാണ്. അവരിൽ മൂന്നുപേർ മലയാളികളാണ്. ശനിയാഴ്ചതന്നെ യമനിൽനിന്ന്​ ഒമാനിലേക്ക് പുറപ്പെടാനുള്ള തയാറെടുപ്പുകൾ നടത്തിയെങ്കിലും ചില സാങ്കേതികപ്രശ്നങ്ങൾ മൂലം സാധിച്ചില്ല. ഞായറാഴ്ച വിമാനമാർഗം മസ്കത്തിലെത്തിയതായി എംബസി അധികൃതർ വീട്ടിൽ അറിയിച്ചു. ഇവിടെ രേഖകൾ ശരിയാക്കി ദിവസങ്ങൾക്കകം നാട്ടിലേക്ക് മടങ്ങാനാകും. അഖിൽ ബന്ദിയായി വീട്ടുകാർ പ്രയാസം അനുഭവിക്കുന്ന ഘട്ടത്തിലാണ്, യുക്രെയ്​നിലെ കിയവ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയായ അഖിലിന്റെ ഭാര്യ ജിതിന യുദ്ധഭൂമിയിൽപെട്ട വിവരംകൂടി വീട്ടുകാരെ തേടിയെത്തുന്നത്. ഏറെ സാഹസപ്പെട്ട് ജിതിന മാർച്ച് ആറിന്​ നാട്ടിലെത്തിയെങ്കിലും അഖിലിന്റെ മോചനകാര്യത്തിൽ അനിശ്ചിതത്വം തുടർന്നു. തന്റെ ഭർത്താവിനെ മോചിതനാക്കാൻ സഹായിക്കണമെന്ന് ജിതിന ഏറെ പേർക്ക് അപേക്ഷ നൽകിയിരുന്നു. അഖിലിന്റെ മോചനത്തിന്​ ഇന്ത്യൻ എംബസിയുടെ നിരന്തര ഇടപെടലുകൾ ഒടുവിൽ ഫലം കണ്ടു. അഖിലിന്റെ കമ്പനിയും ഇക്കാര്യത്തിൽ പിന്തുണ നൽകി. ആഫ്രിക്കൻ രാജ്യമായ റിപ്പബ്ലിക് ഓഫ് ജിബൂതിയിലെ ഇന്ത്യൻ അംബാസഡർ ചന്ദ്രമൗലിയുടെ സേവനം എടുത്തുപറയേണ്ടതാണെന്ന് ജിതിന പറഞ്ഞു. തന്റെ അപേക്ഷ കണ്ട് നിരവധി തവണയാണ് വിളിച്ചത്. അഖിലുമായി ബന്ധപ്പെടാനും ഏറെ സഹായം ചെയ്തുതന്നതായും ജിതിന പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story