Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:50 AM IST Updated On
date_range 24 April 2022 5:50 AM ISTറോഡിലെ കുഴിയിൽ വീണ് സ്ത്രീയുടെ കാലൊടിഞ്ഞ സംഭവം കുഴിയിൽ പഴിചാരി തടിയൂരാൻ അധികൃതർ
text_fieldsbookmark_border
കൊച്ചി: നഗരത്തിൽ റോഡിലെ കുഴിയിൽ വീണ വീട്ടമ്മയുടെ കാലൊടിഞ്ഞു. എബ്രഹാം മാടമാക്കൽ റോഡിൽ ഓടയിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച കുഴിയിൽ വീണ് പൊന്നാരിമംഗലം മുളവുകാട് കുയിലത്തു പ്രകാശൻെറ ഭാര്യ പ്രമീളയുടെ (56) ഇരുകാലും ഒടിയുകയായിരുന്നു. എന്നാൽ, റോഡ് നന്നാക്കാനുള്ള ബാധ്യത തങ്ങൾക്കല്ലെന്ന് വ്യക്തമാക്കി കോർപറേഷൻ രംഗത്തെത്തി. സംഭവത്തിൽ ദുരൂഹതയുള്ളതായി കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡും (സി.എസ്.എം.എൽ) പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. നഗരസഭ സെക്രട്ടറിയും ജില്ല പൊലീസ് മേധാവിയും അന്വേഷണം നടത്തി മേയ് 23നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഈ മാസം ഏഴിന് ഉച്ചക്ക് 12ഓടെയാണ് പഴയ ഹൈകോടതി കെട്ടിടത്തിന് സമീപത്തെ നേവി ക്വാർട്ടേഴ്സിന് മുന്നിലെ കുഴിയിൽ പ്രമീള വീണത്. നടപ്പാതയിലെ പെട്ടിക്കടയിൽനിന്ന് സർബത്ത് കുടിച്ചശേഷം കാൽ വെച്ചത് കുഴിയിലേക്കാണ്. വഴിയാത്രക്കാർ കുഴിയിൽനിന്ന് കയറ്റിയെങ്കിലും രണ്ടു കാലിലും നീരുവന്നതോടെ മുളവുകാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. കാലിൽ ഒടിവു കണ്ടെത്തിയതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തി പ്ലാസ്റ്ററിട്ടു. കിടക്കയിൽനിന്ന് അനങ്ങാത്ത വിധം വിശ്രമം വേണമെന്നാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. തയ്യൽ ജോലിക്കാരിയായിരുന്ന ഇവർക്ക് തൊഴിൽ നഷ്ടമായെന്ന് മാത്രമല്ല, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കണമെങ്കിൽപോലും മറ്റൊരാളുടെ സഹായം വേണ്ടതിനാൽ ഭർത്താവിനും ജോലിക്ക് പോകാനാവാത്ത അവസ്ഥയിലാണ്. മൂന്നുദിവസം മുമ്പ് കോർപറേഷൻ സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് പ്രമീള പറഞ്ഞു. റോഡ് പൊതുമരാമത്ത് വകുപ്പിൻെറ കീഴിലുള്ളതാണെന്നാണ് കോർപറേഷൻ മേയർ പറയുന്നത്. എബ്രഹാം മാടമാക്കൽ റോഡിൻെറ നവീകരണം ഏറ്റെടുത്തിരിക്കുന്നത് സി.എസ്.എം.എൽ ആണ്. അപകടത്തിൻെറ ഉത്തരവാദിത്തം കോർപറേഷൻെറ തലയിൽ ചുമത്താൻ ബോധപൂർവം ശ്രമം നടത്തുകയാണെന്നും മേയർ പറയുന്നു. എന്നാൽ, ഏഴിന് നടന്ന സംഭവത്തിൽ ഇപ്പോൾ പരാതി നൽകിയതിൽ ദുരൂഹതയുണ്ടെന്ന് സി.എസ്.എം.എൽ ആരോപിക്കുന്നു. ഡ്രെയിനേജിനോട് ചേർന്ന് സ്ഥാപിച്ച ചെറിയ സുഷിരത്തിൽ വീണ് ഇത്രയും ഗുരുതര പരിക്കേറ്റെന്ന വാദം വിശ്വസിക്കാനാവില്ല. അപകടം മറ്റേതെങ്കിലും രൂപത്തിൽ സംഭവിച്ചതാകാമെന്നും സി.എസ്.എം.എൽ പറയുന്നു. ഫുട്പാത്തിനു താഴെ ഓടയിലേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള കുഴികൾ ഇപ്പോഴും തുറന്നു കിടക്കുകയാണെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമീഷൻെറ ഉത്തരവ്. സ്മാർട്ട് റോഡിലെ കുഴിയിൽ വീണ് വഴിയാത്രക്കാരിയുടെ കാലൊടിഞ്ഞ സംഭവം നഗരത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറ ആരോപിച്ചു. കോർപറേഷൻ ഓഫിസിന് മുന്നിൽ നടന്ന യു.ഡി.എഫ് പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഴക്കാലത്തിനുമുമ്പ് കുഴി അടക്കൽ ജോലികളും കാന ശുചീകരണം, മരച്ചില്ല വെട്ടൽ ജോലികളും പൂർത്തിയാക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story