Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:29 AM IST Updated On
date_range 24 April 2022 5:29 AM ISTനടൻ ബാബുരാജിനെതിരായ വഞ്ചനക്കേസ്: അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് എസ്.പിക്ക് പരാതി
text_fieldsbookmark_border
അടിമാലി: സിനിമ നടന്‍ ബാബുരാജിനെതിരെ അടിമാലി പൊലീസ് എടുത്ത വഞ്ചനക്കേസിന്‍റെ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ല പൊലീസ് മേധാവിക്ക് പരാതി. ഹോട്ടൽ വ്യവസായി നേര്യമംഗലം കവളങ്ങാട് വിരിപ്പില്‍ അരുണ്‍കുമാറാണ് ഇടുക്കി എസ്.പിക്ക് പരാതി നൽകിയത്. റവന്യൂ വകുപ്പ് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയ സ്ഥലവും റിസോര്‍ട്ടും അക്കാര്യം മറച്ചുവെച്ച് പാട്ടത്തിനു നല്‍കി ബാബുരാജ് 40 ലക്ഷം രൂപ കബളിപ്പിച്ചെടുത്തെന്നാണ് പരാതി. കോടതി നിർദേശപ്രകാരം കഴിഞ്ഞ നവംബർ 17ന് അടിമാലി പൊലീസ് ബാബുരാജിനെതിരെ കേസെടുത്തിരുന്നു. എന്നാൽ, തുടർനടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.പിക്ക് പരാതി നൽകിയത്. ആനവിരട്ടി കമ്പിലൈനില്‍ ബാബുരാജിന്‍റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടുമായി ബന്ധപ്പെട്ടതാണ് ഇടപാട്. റിസോര്‍ട്ട് പാട്ടത്തിന് നല്‍കുന്നതിനായി കരാര്‍ ഉണ്ടാക്കുകയും 40 ലക്ഷം രൂപ കരുതൽധനമായി ബാബുരാജ് വാങ്ങുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പ്രതിമാസം മൂന്ന് ലക്ഷം രൂപയാണ് പാട്ടമായി നിശ്ചയിച്ചത്. എന്നാല്‍, അരുൺകുമാർ ലൈസന്‍സ് ഉള്‍പ്പെടെ രേഖകൾ ശരിയാക്കാൻ ശ്രമിച്ചപ്പോഴാണ് പട്ടയം സാധുവല്ലെന്നും റിസോര്‍ട്ടും ഭൂമിയും നിയമവിരുദ്ധമാണെന്നും അറിയുന്നത്. 2020 ഫെബ്രുവരി 26നാണ് പണം നല്‍കി കരാര്‍ ഉണ്ടാക്കിയത്. എന്നാൽ, 2018ലും 2020ലുമായി രണ്ടുതവണ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് കിട്ടിയിട്ടുണ്ടെന്ന കാര്യം മറച്ചുവെച്ചാണ് കരാര്‍ ഉണ്ടാക്കിയതെന്ന് അരുണ്‍കുമാര്‍ പറയുന്നു. കൂടാതെ റിസോര്‍ട്ടിലെ കെട്ടിടങ്ങള്‍ക്കും റസ്റ്റാറന്‍റിനും ജിംനേഷ്യത്തിനും നീന്തല്‍ക്കുളത്തിനും പള്ളിവാസല്‍ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കിയിട്ടുമുണ്ട്. ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ കരാര്‍ റദ്ദാക്കണമെന്നും ഡെപ്പോസിറ്റ് തുകയായ 40 ലക്ഷം രൂപ തിരികെ നൽകണമെന്നും അരുണ്‍കുമാര്‍ ആവശ്യപ്പെട്ടെങ്കിലും നടന്‍ പ്രതികരിച്ചില്ല. തുടര്‍ന്നാണ് അടിമാലി കോടതിയില്‍ പരാതി നല്‍കിയത്. കോടതി നിര്‍ദേശപ്രകാരം കേസെടുക്കുകയും സ്റ്റേഷനിൽ ഹാജരാകാന്‍ നോട്ടീസ് നൽകുകയും ചെയ്തെങ്കിലും ബാബുരാജ് എത്തിയില്ലെന്ന് അടിമാലി പൊലീസ് പറഞ്ഞു. കോവിഡും ഇതര രോഗങ്ങളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാജരാകാതിരുന്നത്. എന്നാൽ, തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്ന് ബാബുരാജ് പറയുന്നു. 11 മാസത്തെ വാടക ലഭിക്കാതെ വന്നതോടെ അരുൺകുമാറിനെതിരെ താൻ കോടതിയെ സമീപിക്കുകയായിരുന്നു. തന്നെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് അരുൺകുമാറിന്‍റെ പരാതിയെന്നാണ് ബാബുരാജിന്‍റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story