Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗ്രീൻബെൽറ്റ്...

ഗ്രീൻബെൽറ്റ് ഒരുക്കിയില്ല; ബി.പി.സി.എൽ രണ്ടു കോടി രൂപ അടക്കണം

text_fields
bookmark_border
കൊച്ചി: പരിസ്ഥിതി മലിനീകരണം കുറക്കാൻ ശാസ്ത്രീയ ഗ്രീൻബെൽറ്റ് ഒരുക്കാത്ത ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്​​ (ബി.പി.സി.എൽ) രണ്ടു കോടി രൂപ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് നൽകാൻ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്​. പരിസ്ഥിതി സംരക്ഷണത്തിന്​ ബി.പി.സി.എൽ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും പാരിസ്ഥിതികാനുമതി ലഭിക്കുന്നതിനുള്ള വ്യവസ്ഥകളിൽ പറയുന്ന ഗ്രീൻബെൽറ്റ്, ബഫർ സോൺ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അമ്പലമേട് സ്വദേശി എൻ.ജി. സോമനടക്കം സമീപവാസികൾ നൽകിയ ഹരജികളിലാണ്​ ട്രൈബ്യൂണൽ ചെന്നൈ ബെഞ്ചിന്‍റെ ഉത്തരവ്​. രണ്ടുമാസത്തിനകം തുക കൈമാറാനാണ്​ നിർദേശം. മലിനീകരണ നിയന്ത്രണബോർഡ് ഈ തുകയുപയോഗിച്ച് കൊച്ചി അമ്പലമുകളിലെ ബി.പി.സി.എൽ ഫാക്ടറിക്ക് അകത്തും പുറത്തും സമീപത്തെ റെസിഡൻഷ്യൽ മേഖലയിലും മരങ്ങൾ ​വെച്ചുപിടിപ്പിച്ച് ഹരിതകവചം (ഗ്രീൻ കവർ) സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു. 2016ൽ ഈ മേഖലയിലുണ്ടായ വാതക ചോർച്ചയെത്തുടർന്ന് മുപ്പത് സ്കൂൾ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവമുൾപ്പെടെ ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ശബ്ദ - വായു മലിനീകരണം കുറക്കാൻ കമ്പനി അധികൃതർ നടപടികൾ സ്വീകരിച്ചിരുന്നില്ലെന്ന് ട്രൈബ്യൂണൽ നിയോഗിച്ച വിവിധ ഏജൻസികളും റിപ്പോർട്ട് നൽകി. നിയമപ്രകാരം വ്യവസായശാലയുടെ ആകെ ഭൂമിയുടെ 33 ശതമാനം ഹരിത മേഖലയാക്കി മാറ്റണമെന്നുണ്ട്. എന്നാൽ, കമ്പനി ഇതു പാലിച്ചില്ലെന്നും കമ്പനിയുടെ തെക്കു ഭാഗത്തെ കക്കാട് കര മേഖലയിൽ ശാസ്ത്രീയമായ രീതിയിൽ ഗ്രീൻബെൽറ്റ് ഒരുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. വനംവകുപ്പുമായി കൂടിയാലോചിച്ച് നിലവിലെ ഗ്രീൻബെൽറ്റ് മേഖലയിൽ കൂടുതൽ വൃക്ഷങ്ങൾ ബി.പി.സി.എൽ വെച്ചു പിടിപ്പിക്കണമെന്നും കമ്പനി നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡ് തുക ഈടാക്കാൻ നിയമ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ശബ്ദ-വായു മലിനീകരണവുമായി ബന്ധപ്പെട്ട പരാതികൾ ഒഴിവാക്കാനുള്ള നിർദേശങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡ് നൽകണമെന്നും ഇതനുസരിച്ച് കമ്പനി സ്വീകരിച്ച നടപടികൾ വ്യക്തമാക്കി നാലുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story