Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:49 AM IST Updated On
date_range 14 April 2022 5:49 AM ISTആഘോഷങ്ങളെത്തി; വ്യാപാര മേഖല സജീവമായി
text_fieldsbookmark_border
കഴിഞ്ഞ കാല നഷ്ടങ്ങളിൽനിന്ന് ഇക്കുറി പിടിച്ച് നിൽക്കാനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ കൊച്ചി: വിഷുവും ഈസ്റ്ററും റമദാനും ഒരുമിച്ചെത്തിയതോടെ കോവിഡിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന വ്യാപാര മേഖല സജീവമായി. രണ്ടുവര്‍ഷം നീണ്ട കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും നീങ്ങിയതോടെയാണ് വിപണി ഉണർന്നത്. റമദാൻ വിപണിക്ക് പിന്നാലെ വിഷു വിപണിയും സജീവമായി. കഴിഞ്ഞ വര്‍ഷങ്ങളിൽ പ്രളയവും കോവിഡും ലോക്ഡൗണുമെല്ലാം ചേർന്ന് ഓണവും പെരുന്നാളും ക്രിസ്മസും വിഷുവുമെല്ലാം നഷ്ടക്കച്ചവടമാണ് വ്യാപാരികൾക്ക് സമ്മാനിച്ചത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായതും ലോക്ഡൗൺ നിയന്ത്രണം പിൻവലിച്ചതുമാണ് വ്യാപാരമേഖലക്ക് ഉണർവായത്. കഴിഞ്ഞ കാലത്തുണ്ടായ നഷ്ടങ്ങളിൽനിന്ന് ഇക്കുറി നടക്കുന്ന സീസണ്‍ കച്ചവടത്തോടെ പിടിച്ച് നിൽക്കാനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. മാസങ്ങൾ അടഞ്ഞുകിടന്നതിനൊപ്പം കഴിഞ്ഞ രണ്ടു വർഷവും പ്രധാന സീസണ്‍ കച്ചവടങ്ങള്‍ നഷ്ടമാകുകയും ചെയ്തതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പലർക്കും സംഭവിച്ചത്. വിപണി സജീവമാക്കാൻ പുതിയ ട്രെൻഡുകൾ അനുസരിച്ചുള്ള ഉൽപന്നങ്ങളാണ് മാർക്കറ്റിൽ എത്തിച്ചിരിക്കുന്നത്. ചെരിപ്പ്, ഫാന്‍സി, മറ്റു അലങ്കാര വസ്തുക്കള്‍ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളെല്ലാം പുതിയ ഉൽപന്നങ്ങൾ വിപണിയിലെത്തിച്ചിട്ടുണ്ട്. വർണം വിതറുന്ന ന്യൂജന്‍ പടക്കങ്ങളാണ് പടക്ക വിപണിയിൽ ട്രെൻഡ്. ചൂളമടിച്ചുയരുന്ന റോക്കറ്റ് മുതല്‍ പീലിവിടർത്തുന്ന പൂത്തിരി വരെയുണ്ട്. ശബ്ദം കുറഞ്ഞ ഫാന്‍സി പടക്കങ്ങളെയാണ് മിക്കവരും തെരഞ്ഞെടുക്കുന്നത്. ഓലപ്പടക്കങ്ങൾ, മാലപ്പടക്കങ്ങൾ, കമ്പിത്തിരി, പൂത്തിരി, നിലച്ചക്രം, പൂക്കുറ്റി തുടങ്ങിയവക്കാണ് കൂടുതൽ പ്രിയം. കണികാണാന്‍ വിപണിയില്‍ കൃഷ്ണവിഗ്രഹങ്ങളും എത്തി. ഫൈബർ ഇനങ്ങൾക്ക് പുറമെ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള മാർബിൾ, ബ്ലാക്ക് മെറ്റൽ, പിച്ചള തുടങ്ങിയവയിൽ തീർത്തവയുമുണ്ട്. വേനൽ മഴ ചതിച്ചതോടെ കണികാണാൻ കൊന്നപ്പൂ കിട്ടാത്ത അവസ്ഥയാണ്. ഇതോടെ വിപണിയിൽ പ്ലാസ്റ്റിക് കൊന്നപ്പൂവിന് വൻ ഡിമാൻഡ്. 60 രൂപയാണ് ഒന്നിന്റെ വില. 12 എണ്ണത്തിന് 450 രൂപയാണ് വില. പച്ചക്കറി വിപണിയും സജീവമാണ്. വിലയിൽ വലിയ മാറ്റങ്ങളില്ലാത്തത് ആശ്വാസകരമാണെന്നാണ് വ്യാപാരികളും കച്ചവടക്കാരും പറയുന്നത്. photos
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story