Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 12:20 AM GMT Updated On
date_range 9 April 2022 12:20 AM GMTഡയറ്റിൽ ഡെപ്യൂട്ടേഷനിലെത്തിയവരെ സ്ഥിരപ്പെടുത്താൻ നീക്കം; പിന്മാറാതെ വിദ്യാഭ്യാസവകുപ്പ്
text_fieldsbookmark_border
യോഗ്യത വിവരം അടിയന്തരമായി നൽകാൻ ഡയറക്ടർക്ക് നിർദേശം തിരുവനന്തപുരം: ജില്ല വിദ്യാഭ്യാസ പരിശീലനകേന്ദ്രങ്ങളിൽ (ഡയറ്റ്) ലെക്ചറർ തസ്തികയിൽ ഡെപ്യൂട്ടേഷനിലെത്തിയ സ്കൂൾ അധ്യാപകരെ സ്ഥിരപ്പെടുത്താനാകില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് നൽകിയിട്ടും സ്ഥിരപ്പെടുത്തൽ നീക്കം സജീവം. സർക്കാർ നിർദേശപ്രകാരം ഡയറ്റുകളിൽ ഡെപ്യൂട്ടേഷനിൽ തുടരുന്ന 89 പേരുടെ വിദ്യാഭ്യാസയോഗ്യത വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കാൻ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി ഡയറക്ടർ കത്ത് നൽകി. പുതുക്കിയ സ്പെഷൽ റൂൾ പ്രകാരം ഡയറ്റിൽ ഇവരെ നിയമിക്കാൻ യോഗ്യതയുണ്ടോ എന്നതിൽ അവ്യക്തതയുണ്ടെന്നും ഇവരുടെ സർട്ടിഫിക്കറ്റിന്റെ അസൽ പരിശോധിച്ച് വിവരങ്ങൾ പെർഫോമയിൽ സമർപ്പിക്കണമെന്നും ഡയറക്ടർക്കുവേണ്ടി സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ബിജുമോൻ ജോസഫ് അയച്ച കത്തിൽ പറയുന്നു. സർക്കാറിന് ഏപ്രിൽ എട്ടിന് റിപ്പോർട്ട് നൽകാൻ ഏഴിന് ഉച്ചക്ക് രണ്ടിന് മുമ്പ് പെർഫോമ ലഭ്യമാക്കണമെന്നും കത്തിൽ പറയുന്നു. സ്കൂൾ അധ്യാപക തസ്തികയിൽനിന്ന് ഡയറ്റുകളിലെ ലെക്ചറർ തസ്തികയിൽ ഡെപ്യൂട്ടേഷനിലെത്തിയ ഭരണാനുകൂല സംഘടന നേതാക്കളെയും സി.പി.എം ബന്ധുക്കളെയുമാണ് ഉയർന്ന തസ്തികയിൽ പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നത്. ഇതുസംബന്ധിച്ച് നേരത്തേ പൊതുവിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടിയിരുന്നെങ്കിലും ഡെപ്യൂട്ടേഷൻ നിയമനം ഒരു വർഷമോ വിശേഷാൽ ചട്ടപ്രകാരം സ്ഥിരം നിയമനം നടക്കുന്നത് വരെയോ ആയിരിക്കുമെന്ന് വ്യവസ്ഥ നിഷ്കർഷിച്ചിരിക്കുന്നതിനാൽ ഇവരെ സ്ഥിരപ്പെടുത്താനാകില്ലെന്ന് ഡയറക്ടർ മറുപടി നൽകിയിരുന്നു. സ്പെഷൽ റൂൾ പ്രകാരം 50 ശതമാനം ലെക്ചറർ തസ്തികയിലെ ഒഴിവുകൾ സർക്കാർ സ്കൂൾ അധ്യാപകരിൽനിന്ന് ബൈ ട്രാൻസ്ഫറിലൂടെ പി.എസ്.സി വഴിയാണ് നികത്തേണ്ടതെന്നും ഡയറക്ടർ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഉന്നതതല സമ്മർദത്തെതുടർന്ന് വീണ്ടും ഡയറക്ടറേറ്റിൽനിന്ന് വിശദാംശങ്ങൾ തേടിയത്. ഡയറ്റിലെ നിയമനങ്ങൾക്കായി അപാകത പരിഹരിച്ച സ്പെഷൽ റൂളിന് അംഗീകാരം നൽകിയിട്ടും വിദ്യാഭ്യാസ വകുപ്പ് പി.എസ്.സിക്ക് അയച്ചിട്ടില്ല. ഡെപ്യൂട്ടേഷനിലുള്ളവരെ സ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടാണ് സ്പെഷൽ റൂൾ പി.എസ്.സിക്ക് അയക്കാത്തതെന്നാണ് ആരോപണം. സ്പെഷൽ റൂൾ ലഭിച്ചാലേ പി.എസ്.സിക്ക് നിയമന നടപടികൾ തുടങ്ങാനാകൂ. -സ്വന്തം ലേഖകൻ
Next Story