Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:40 AM IST Updated On
date_range 7 April 2022 5:40 AM ISTകുഴിയിൽ വീണ് യുവാവിന്‍റെ മരണം: ജല അതോറിറ്റി മറുപടി പറയണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
-സംഭവം ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ടാണെന്ന് പൊതുമരാമത്ത് വകുപ്പ് കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷനുസമീപം ജല അതോറിറ്റി കുഴിച്ച കുഴിയിൽ വീണ യുവാവിന്‍റെ ശരീരത്തിലൂടെ ലോറി കയറി മരിക്കാനിടയായത് ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ടാണെന്ന് പൊതുമരാമത്ത് വകുപ്പ് സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. അപകടത്തിന്റെ ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിന്‍റെ ചുമലിൽ കെട്ടിവെക്കാൻ ജല അതോറിറ്റി ശ്രമിച്ചതായും പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ (നിരത്ത് വിഭാഗം) കുറ്റപ്പെടുത്തി. ജല അതോറിറ്റിക്കെതിരെ പൊതുമരാമത്ത് വകുപ്പ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതിനാൽ റിപ്പോർട്ടിന് കൃത്യമായ വിശദീകരണം സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ജല അതോറിറ്റി മാനേജിങ് ഡയറക്ടർക്ക് ഉത്തരവ് നൽകി. 22ന് രാവിലെ 10ന് പത്തടിപ്പാലം പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. 2019 ഡിസംബർ 12നാണ് പാലാരിവട്ടം മെട്രോ സ്റ്റേഷനുസമീപം കോമത്ത് ലെയ്ൻ ഭാഗത്ത് ബൈക്ക് യാത്രികനായ യദുലാൽ മരിച്ചത്. 2019 സെപ്റ്റംബർ 17 നാണ് മെട്രോ സ്റ്റേഷന് സമീപത്തെ ചോർച്ച ശ്രദ്ധയിൽപെട്ടതെന്ന് ജല അതോറിറ്റി എം.ഡി കമീഷനെ അറിയിച്ചു. ഡിസംബർ 12ന് യുവാവ് കുഴിയിൽ വീണ് മരിച്ചയുടൻ ചോർച്ച പരിഹരിച്ച് റോഡ് ഗതാഗതയോഗ്യമാക്കിയതായും വ്യക്തമാക്കി. ഈ റിപ്പോർട്ടിനുള്ള മറുപടി പൊതുമരാമത്ത് വകുപ്പിൽനിന്ന് കമീഷൻ വാങ്ങി. പ്രസ്തുത റിപ്പോർട്ടിലാണ് ജല അതോറിറ്റിക്കെതിരെ ഗുരുതര പരാമർശങ്ങളുള്ളത്. അപകടത്തെത്തുടർന്ന് നാല് ഉദ്യോഗസ്ഥരെ പൊതുമരാമത്ത് വകുപ്പ് സസ്പെൻഡ് ചെയ്തിട്ടും ജല അതോറിറ്റി ഒരാൾക്കെതിരെപോലും നടപടിയെടുത്തില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ചോർച്ച പരിഹരിക്കാൻ റോഡ് മുറിക്കുന്നതിനുള്ള അപേക്ഷ ജല അതോറിറ്റിയിൽനിന്ന് 2019 സെപ്റ്റംബർ 18ന് ലഭിച്ചതായി പൊതുമരാമത്ത് സമ്മതിച്ചു. എന്നാൽ, 2016 നവംബർ 21ലെ സർക്കാർ ഉത്തരവ് പ്രകാരം അടിയന്തര സാഹചര്യത്തിൽ പൊതുമരാമത്തിനെ അറിയിച്ചശേഷം ജല അതോറിറ്റിക്ക് പണി നടത്താമെന്നും അതിനുശേഷം മാത്രം അപേക്ഷ നൽകി പണം കെട്ടിവെച്ചാൽ മതിയെന്നും പറയുന്നു. അപകടം നടന്ന ഡിസംബർ 12 വരെ ജല അതോറിറ്റി അയച്ച ഇ-മെയിലിൽ ഒരു തുടർനടപടിയും ജല അതോറിറ്റി സ്വീകരിച്ചില്ല. അടിയന്തര സാഹചര്യങ്ങളിൽ തങ്ങളുടെ അനുമതിക്ക് കാത്തുനിൽക്കാതെ ജല അതോറിറ്റിക്ക് പണി ചെയ്യാമായിരുന്നിട്ടും അടിയന്തര അറ്റകുറ്റപ്പണിക്ക് പൊതുമരാമത്തിന്‍റെ അനുമതി വേണമെന്ന് ജല അതോറിറ്റി കമീഷനെ തെറ്റിദ്ധരിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അപകടം നടന്നയുടൻ ജല അതോറിറ്റി ചോർച്ച അടച്ച് കുഴി നികത്തിയത് 2016ലെ സർക്കാർ ഉത്തരവിന്‍റെ പിൻബലത്തിലാണെന്നും പൊതുമരാമത്ത് കുറ്റപ്പെടുത്തി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story