Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:31 AM IST Updated On
date_range 26 March 2022 5:31 AM ISTതടവുകാരുടെ ആശ്രിതർക്കുള്ള സ്വയംതൊഴിൽ; തുക ഇരട്ടിയാക്കി
text_fieldsbookmark_border
കൊച്ചി: സാമൂഹികനീതി വകുപ്പിനു കീഴിൽ നടപ്പാക്കുന്ന പ്രബേഷൻ ആൻഡ് ആഫ്റ്റർ കെയർ സർവിസിന്‍റെ ഭാഗമായി തടവുകാരുടെ ആശ്രിതർക്ക് സ്വയംതൊഴിലിനുള്ള ധനസഹായ തുക ഇരട്ടിയാക്കി. 15,000 രൂപക്കുപകരം 30,000 രൂപയാണ് ഈ ഇനത്തിൽ ഒറ്റത്തവണയായി അനുവദിക്കുക. പ്രബേഷൻ ആൻഡ് ആഫ്റ്റർ കെയർ സംവിധാനവുമായി ബന്ധപ്പെട്ട ധനസഹായ പദ്ധതികളിൽ കാലാനുസൃത മാറ്റം വരുത്തിയുള്ള ഉത്തരവാണ് വകുപ്പ് പുറത്തിറക്കിയത്. ഇത്തരത്തിൽ കൃഷി, കോഴിവളർത്തൽ, കാലി വളർത്തൽ, തയ്യൽ തുടങ്ങിയ സംരംഭങ്ങൾ ആരംഭിച്ച നിരവധി കുടുംബങ്ങളുണ്ട്. അഞ്ചുവർഷമോ അതിലേറെയോ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ദരിദ്ര പശ്ചാത്തലത്തിലുള്ള തടവുകാരുടെ ആശ്രിതരാണ് ഗുണഭോക്താക്കൾ. തടവുകാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായം, പ്രഫഷനൽ വിദ്യാഭ്യാസ ധനസഹായം എന്നിവയിലും മാറ്റങ്ങൾ നടപ്പാക്കിയിട്ടുണ്ട്. വനിത തടവുകാരുടെയും കുടുംബനാഥൻ ജയിലിലായതുമൂലം വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെയും വിദ്യാർഥികൾക്കാണ് പ്രതിമാസം ധനസഹായം. നാലാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് 300 രൂപ, അഞ്ചുമുതൽ 10 വരെ 500 രൂപ, ഹയർ സെക്കൻഡറി, ഐ.ടി.ഐ, പോളിടെക്നിക്, ഒരുവർഷ ഡിപ്ലോമ കോഴ്സുകാർക്ക് 750 രൂപ, സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്ഥാപനങ്ങളിൽ മെറിറ്റ് പ്രവേശനം നേടിയ ബിരുദ/പ്രഫഷനൽ കോഴ്സുകൾ/ രണ്ടു, മൂന്നു വർഷത്തെ ഡിപ്ലോമ, ഒരുവർഷത്തിലേറെയുള്ള കമ്പ്യൂട്ടർ കോഴ്സ് എന്നിവക്ക് 1000 രൂപ, ബിരുദാനന്തര ബിരുദം, എം.ഫിൽ കോഴ്സുകാർക്ക് 1500 രൂപ വീതം എന്നിങ്ങനെയാണ് ഓരോ വർഷവും പത്തുമാസത്തേക്ക് ലഭിക്കുക. സർക്കാർ, എയ്ഡഡ് കോളജുകളിൽ മാത്രം പ്രഫഷനൽ ബിരുദപഠനത്തിന് ലക്ഷം രൂപ വീതം ഒറ്റത്തവണയായി നൽകിയിരുന്ന പ്രഫഷനൽ വിദ്യാഭ്യാസ ധനസഹായം ഇനി അൺഎയ്ഡഡ് കോളജിലെ മെറിറ്റ് സീറ്റിൽ കിട്ടിയ തടവുകാരുടെ മക്കൾക്കും ലഭ്യമാവും. ദരിദ്രപശ്ചാത്തലത്തിലുള്ള കുട്ടികൾക്കാണ് അർഹത. നഹീമ പൂന്തോട്ടത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story