Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:37 AM IST Updated On
date_range 14 March 2022 5:37 AM ISTആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും കാലോചിത മാറ്റം വേണം -വെള്ളാപ്പള്ളി നടേശൻ
text_fieldsbookmark_border
മൂവാറ്റുപുഴ: ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും കാലോചിത മാറ്റം വേണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂനിയന് കീഴിലെ ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിലെ അലങ്കാരഗോപുര സമർപ്പണത്തിനുശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യഥാർഥ ക്ഷേത്രപ്രവേശന വിളംബരം നടത്തിയ കേരളത്തിൽ ഇപ്പോഴും പഴയ ആചാരങ്ങൾ നിലനിൽക്കുകയാണ്. പിന്നാക്ക വിഭാഗക്കാർക്കും അധഃസ്ഥിത വിഭാഗക്കാർക്കും ഇനിയും ക്ഷേത്രാരാധനക്ക് പൂർണമായി സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. പിന്നാക്ക വിഭാഗത്തിൽപെട്ടവരെ ശാന്തിമാരായി നിയമിച്ചെങ്കിലും ഇവരോട് പായസം വെച്ചാൽ മതിയെന്നു പറയുന്ന നീതികേടാണ് നടക്കുന്നത്. നാട് നന്നാകണമെങ്കിൽ മനുഷ്യർ ഒന്നാകണമെന്നും നന്മചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഷർട്ടൂരിക്കുന്ന സംസ്കാരം ചില തട്ടിപ്പ് തന്ത്രികൾ കൊണ്ടുവന്നതാണ്. എല്ലായിടത്തും ചില കുലംകുത്തികളുണ്ട്. ആത്മീയകേന്ദ്രങ്ങൾ സാമൂഹികക്ഷേമ കേന്ദ്രങ്ങളാകണം. ഭഗവാന് പണം ആവശ്യമില്ല. ഭക്തന് വിശപ്പുണ്ട്. അതിനാൽ ഭഗവാന്റെ പേരിൽ വരുന്ന പണം ഭക്തരുടെ വിശപ്പ് ശമിപ്പിക്കാൻ വിനിയോഗിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചടങ്ങിൽ യൂനിയൻ പ്രസിഡന്‍റ് വി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ക്ഷേത്ര നടപ്പന്തൽ സമർപ്പണം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും തിരുനട സമർപ്പണം കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിക്കലും നിർവഹിച്ചു. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ പി.പി. എൽദോസ്, യൂനിയൻ വൈസ് പ്രസിഡന്‍റ് പി.എൻ. പ്രഭ, വാർഡ് കൗൺസിലർ ജിനു ആന്‍റണി, യോഗം ഡയറക്ടർ ബോർഡ് മെംബർ എൻ. രമേശ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഗോപുരശിൽപി സുമേഷ് കുമാറിനെ ആദരിച്ചു. യൂനിയൻ സെക്രട്ടറി എ.കെ. അനിൽകുമാർ സ്വാഗതവും യോഗം ഡയറക്ടർ ബോർഡ് മെംബർ പ്രമോദ് കെ. തമ്പാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story