Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാലിന്യപ്ലാന്‍റ്​...

മാലിന്യപ്ലാന്‍റ്​ നിർമാണം: എടയാറിൽ വീണ്ടും ജനകീയ പ്രതിഷേധം

text_fields
bookmark_border
മാലിന്യപ്ലാന്‍റ്​ നിർമാണം: എടയാറിൽ വീണ്ടും ജനകീയ പ്രതിഷേധം
cancel
കടുങ്ങല്ലൂർ: എടയാറിൽ മാലിന്യപ്ലാൻറ് നിർമാണത്തിനെതിരെ വീണ്ടും ജനകീയ പ്രതിഷേധം. എടയാർ പ്രദേശത്ത് ജനവാസ മേഖലയോട് ചേർന്ന് വ്യവസായ വകുപ്പിന്‍റെ സ്ഥലത്താണ് മാലിന്യ പ്ലാൻറ് നിർമിക്കുന്നത്. ഇതിനു വേണ്ടി ഭൂമി നിരപ്പാക്കാനുള്ള ശ്രമത്തിനെതിരെയാണ് നാട്ടുകാർ വീണ്ടും രംഗത്തെത്തിയത്. എന്നാൽ, കനത്ത പൊലീസ് കാവലുണ്ടായിരുന്നതിനാൽ സമരക്കാർ പഞ്ചായത്ത് ഓഫിസിൽ പ്രതിഷേധിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മുതലാണ് ഇവിടെ നിലം ഒരുക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. തുടർന്ന് മന്ത്രി പി. രാജീവ് ഇടപെട്ട് സമരക്കാരും ജനപ്രതിനിധികളുമായി ചർച്ച നടത്തുകയും അവിടെ കോൺക്രീറ്റ് മാലിന്യം ഉപയോഗിച്ച് കട്ടകൾ നിർമിക്കുന്ന കമ്പനിയാണ് നിർമിക്കുന്നതെന്നും അറിയിച്ചു. ഇത്തരം കമ്പനികളുടെ പ്രവർത്തനം മനസ്സിലാക്കാൻ ഒരു സംഘത്തെ ഹൈദരാബാദിലേക്ക് അയക്കുമെന്നും അവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിർമാണം ആരംഭിക്കുകയെന്നും അറിയിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാവിലെ വലിയ പൊലീസ് സന്നാഹത്തോടെ വീണ്ടും ഭൂമിനിരത്തൽ തുടങ്ങുകയായിരുന്നു. ഈ ഭാഗത്തേക്ക് കടക്കുന്നത് പൊലീസ് ബാരിക്കേഡുകൾകൊണ്ട് തടഞ്ഞിരുന്നു. പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചപ്പോൾ, ബാരിക്കേഡ്​ മറികടന്ന് അകത്ത് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്നും 14 ദിവസം കഴിയാതെ ജാമ്യം കിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇതേതുടർന്ന് പ്രതിഷേധക്കാർ പഞ്ചായത്ത് ഓഫിസിലേക്ക് പോകുകയും അവിടെ ഉപരോധം നടത്തുകയുമായിരുന്നു. തുടർന്ന് പ്രസിഡന്‍റ്​ സുരേഷ് മുട്ടത്തിൽ പ്രതിഷേധക്കാരുമായി സംസാരിച്ചു. ഐ.ആർ.ഇ കമ്പനിയുടെ ഭൂമിയിൽനിന്ന് രണ്ട് ഏക്കറാണ് കമ്പനിക്ക് സർക്കാർ നൽകുന്നത്. റവന്യൂ വകുപ്പാണ് ഇത് ഏറ്റെടുത്ത് നൽകുന്നത്. ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഇവിടത്തെ മാലിന്യം നീക്കം ചെയ്ത്​ ഭൂമി നിരത്തേണ്ടതുണ്ട്. ഈ പ്രവൃത്തി മാത്രമാണ് നടത്തുകയെന്ന് മന്ത്രി ചർച്ചയിൽ പറഞ്ഞിരുന്നതായി പഞ്ചായത്ത് പ്രസിഡന്‍റ്​ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സമര സമിതി പ്രതിനിധി എന്നിവരടങ്ങുന്ന സംഘം ഹൈദരാബാദ് നഗരത്തിൽ പ്രവർത്തിക്കുന്ന ഇത്തരം കമ്പനി സന്ദർശിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അവിടത്തെ പ്രവർത്തനം വിലയിരുത്തിയിട്ടേ ഇവിടെ കമ്പനിയുടെ നിർമാണം ആരംഭിക്കൂവെന്ന്​ ചർച്ചയിൽ തീരുമാനിച്ചിട്ടുണ്ടെന്നും പ്രസിഡന്‍റ്​ അറിയിച്ചു. ഇതേതുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story