Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒഴിവാക്കപ്പെട്ടത്​...

ഒഴിവാക്കപ്പെട്ടത്​ ആലപ്പുഴയുടെ കരുത്ത്

text_fields
bookmark_border
ആലപ്പുഴ: സി.പി.എമ്മിനെ സംബന്ധിച്ച്​ എല്ലാക്കാലത്തും ആലപ്പുഴയുടെ കരുത്തായിരുന്നു സംസ്ഥാന സമിതിയിൽനിന്ന്​ ഒഴിവാക്കപ്പെട്ട ജി. സുധാകരൻ. രക്​തസാക്ഷി കുടുംബത്തിൽനിന്ന്​ പാർട്ടിയിലെത്തി കരുത്തോടെ സമരം നയിച്ച്​ ജില്ലയിൽ പാർട്ടി വളർത്തുകയും ചോദ്യംചെയ്യപ്പെടാത്ത നേതാവായി തീരുകയുമായിരുന്നു. ജില്ലയിൽ പാർട്ടിയുടെ അവസാനവാക്കായി എല്ലാക്കാലവും നിലകൊണ്ട അദ്ദേഹത്തിന്​ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒഴിവാക്കപ്പെട്ടതു മുതലാണ്​ ശനിദശയുടെ തുടക്കം. സീറ്റ്​ പ്രതീക്ഷവെച്ച അദ്ദേഹം അവസാന നിമിഷംവരെ അതിന്​ ശ്രമിക്കുകയും ചെയ്തു. തന്‍റെ മണ്ഡലമായ അമ്പലപ്പുഴയിൽ മന്ത്രിയെന്ന നിലയിൽ അദ്ദേഹം നടത്തിയ വൻവികസനം മുന്നോട്ട്​ വെച്ചാണ്​ പ്രചാരണം നടന്നത്​. പാർട്ടി സ്ഥാനാർഥിയായ എച്ച്​. സലാം ഇവിടെ വിജയിച്ചെങ്കിലും പ്രചാരണരംഗത്ത്​ സുധാകരൻ സജീവമായില്ലെന്ന പരാതി ഉയർന്നു. ഈ ആരോപണം ശരിവെക്കുന്നതായിരുന്നു പാർട്ടി നിയോഗിച്ച അന്വേഷണ കമീഷന്‍റെ റിപ്പോർട്ട്​. സലാമിന്റെ വിജയത്തിനായി ശ്രമിച്ചില്ലെന്നും പ്രചാരണ രംഗത്ത് അലംഭാവം കാട്ടിയെന്നുമാണ്​ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീമും കെ.ജെ. തോമസും അംഗങ്ങളായ കമീഷൻ കണ്ടെത്തിയത്​. സലാമിനെതിരായ വർഗീയ പ്രചാരണങ്ങളെ തടയാൻ വേണ്ടവിധം ശ്രമിച്ചില്ല, ഫണ്ട് പിരിവിന്​ മുന്നിട്ടിറങ്ങിയില്ല തുടങ്ങി 22 കുറ്റങ്ങളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്​. ഈ പശ്ചാത്തലത്തിലാണ്​ അദ്ദേഹത്തെ പാർട്ടി പരസ്യമായി ശാസിച്ചത്. സംസ്ഥാന കമ്മിറ്റിയിൽനിന്ന്​ ഒഴിയാൻ സന്നദ്ധത അറിയിച്ച്​ കഴിഞ്ഞയാഴ്ച നടന്ന ജില്ല സമ്മേളനത്തിനുശേഷം സംസ്ഥാന സെക്രട്ടറിക്ക്​ കത്തുനൽകിയതും ചർച്ചയായി. ഈ നടപടി സംഘടനാപരമല്ലെന്നാണ്​ നേതൃത്വം വിലയിരുത്തിയത്​. സംസ്ഥാന കമ്മിറ്റിയിൽ പറയേണ്ടത്​ കത്തായി നൽകിയതിലെ അനൗചിത്യവും അലോസരമായി. ഔദ്യോഗിക രേഖകളിൽ തനിക്കു പ്രായം 75 കഴിഞ്ഞെങ്കിലും അതു പ്രായം കൂട്ടിക്കാണിച്ച്​ സ്കൂളിൽ ചേർ‍ത്തതുകൊണ്ടാണെന്ന്​ സുധാകരൻ പറഞ്ഞതുകൂടി കണക്കിലെടുത്താൽ കത്ത്​ നൽകിയതിന്‍റെ ലക്ഷ്യവും സംശയത്തിലാക്കി. പ്രായപരിധിയുടെ പേരിൽ മാത്രമല്ല അദ്ദേഹം ഒഴിവാക്കപ്പെട്ടതെന്നാണ്​ അണിയറ ചർച്ച. ക്ഷണിതാവായെങ്കിലും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന സൂചനയും തള്ളിയാണ്​ പുറത്തേക്ക്​ വഴിതുറന്നത്​. 1967ൽ പഠനകാലത്തുതന്നെ പാർട്ടി അംഗമായി. കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സംസ്ഥാന ജോ. സെക്രട്ടറിയായിരുന്നു. 1971ൽ എസ്.എഫ്.ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റുമായിരുന്നു. ട്രേഡ് യൂനിയൻ നേതാവും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽനിന്ന്​ സെക്രട്ടേറിയറ്റിലേക്ക് വിദ്യാർഥികളുടെ ജാഥ നയിച്ച സുധാകരന്​ പൊലീസ്​ മർദനമേറ്റു. അറസ്റ്റ്​ ചെയ്യപ്പെട്ട അദ്ദേഹം മൂന്ന്​ മാസം ജയിൽവാസം അനുഭവിച്ചു. സി.ഐ.ടി.യു ആലപ്പുഴ ജില്ല പ്രസിഡന്റ്, കർഷകത്തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി, സംസ്ഥാന ട്രഷറർ, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കായംകുളത്തുനിന്ന് 1996ലും 2006 മുതൽ അമ്പലപ്പുഴയിൽനിന്ന്​ മൂന്ന്​ തവണയും നിയമസഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട സുധാകരൻ വി.എസ്​ അച്യുതാനന്ദൻ, പിണറായി മന്ത്രിസഭകളിൽ അംഗമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story