Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:37 AM IST Updated On
date_range 2 March 2022 5:37 AM ISTപെരിയാറിൽ ബലി പിണ്ഡങ്ങൾ ഒഴുക്കി ആത്മസംതൃപ്തി നേടി ഭക്തർ
text_fieldsbookmark_border
ആലുവ: . വലതു കൈയിലെ മോതിരവിരലിൽ പവിത്രമണിഞ്ഞ് നറുക്കിലയിൽ എള്ളും പൂവും അരിയും നേദിച്ച് നിരവധി പേരാണ് ബലിതർപ്പണം നടത്തിയത്. ബലിപിണ്ഡം ശിരസ്സിൽ ചേർത്തുപിടിച്ച് ഓരോരുത്തരും പെരിയാറിൽ മുങ്ങുകയായിരുന്നു. ബലി പിണ്ഡങ്ങൾ പെരിയാറിൽ അലിഞ്ഞുചേർന്നപ്പോൾ പൂർവികർക്ക് മോക്ഷം ലഭിച്ചെന്ന പ്രതീക്ഷയോടെയാണ് അവർ മണപ്പുറം വിട്ടത്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്തേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. മഹാദേവ ക്ഷേത്രത്തിൽ രാത്രി പന്ത്രണ്ടുമണിയോടെ നടന്ന ശിവരാത്രി വിളക്കിന് ശേഷമാണ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. രാത്രി മണപ്പുറത്ത് കഴിച്ചുകൂട്ടിയ ശേഷം പെരിയാറിൽ ബലിയർപ്പിച്ചാണ് ഭൂരിഭാഗം ആളുകളും മടങ്ങിയത്. 150ഓളം ബലിത്തറകളാണ് മണപ്പുറത്ത് ഒരുക്കിയിരുന്നത്. പുരോഹിതന്മാരാണ് ബലിതർപ്പണത്തിന് നേതൃത്വം നൽകിയത്. ചൊവ്വാഴ്ച രാവിലെ മുതൽ പലരും ഒറ്റക്കൊറ്റക്ക് ബലിതർപ്പണം നടത്തിയിരുന്നു. മണപ്പുറം ശിവക്ഷേത്രത്തിൽ പുലർച്ച ചടങ്ങുകൾ ആരംഭിച്ചു. പ്രത്യേക പൂജകൾക്ക് ചേന്നാസ് മനക്കൽ നാരായണൻ നമ്പൂതിരിപ്പാടും മേൽശാന്തി മുല്ലപ്പിള്ളി മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാടും മുഖ്യകാർമികത്വം വഹിച്ചു. പുലർച്ച നാലുമുതൽ ലക്ഷാർച്ചനയടക്കമുള്ള ചടങ്ങുകൾ ആരംഭിച്ചു. വൈകീട്ട് 6.30ന് ദീപാരാധന നടന്നു. രാത്രി 12ന് ശിവരാത്രി വിളക്കിനെത്തുടർന്നാണ് ബലിതർപ്പണ ചടങ്ങ് ആരംഭിച്ചത്. ഉച്ചമുതലാണ് കൂട്ടമായി ഭക്തർ മണപ്പുറത്തേക്ക് എത്തിയത്. സന്ധ്യയോടെ തിരക്കുകൂടി. ബുധനാഴ്ച ഉച്ചവരെ ബലിതര്‍പ്പണം നീളും. പുഴക്കക്കരെ ആലുവ അദ്വൈതാശ്രമത്തിലും ബലിതര്‍പ്പണം നടന്നു. മണപ്പുറത്തെത്തിയ വിശ്വാസികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഒരുക്കിയത്. ദേവസ്വം ബോർഡും ആലുവ നഗരസഭയും വിവിധ സർക്കാർ വകുപ്പുകളും വിവിധ സംഘടനകളുടെ സന്നദ്ധ പ്രവർത്തകരുമാണ് മണപ്പുറത്തെ തിരക്ക് നിയന്ത്രിച്ചത്. മണപ്പുറത്തും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. റൂറൽ എസ്.പി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലായിരുന്നു സംവിധാനങ്ങൾ ഒരുക്കിയത്. ആറ് ഡിവൈ.എസ്.പിമാർ, 17 ഇൻസ്പെക്ടർമാർ, 116 എസ്.ഐ-എ.എസ്.ഐമാർ ഉൾപ്പെടെ ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. സി.സി ടി.വി കാമറകളും മണപ്പുറത്ത് സ്ഥാപിച്ചിരുന്നു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ പ്രത്യേകം സർവിസുകൾ നടത്തി. നഗരസഭ നേതൃത്വത്തിൽ നടന്നിരുന്ന വ്യാപാരമേള ഈ വർഷവും ഇല്ല. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ വർഷവും വ്യാപാരമേള നടന്നിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story