Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:48 AM IST Updated On
date_range 27 Feb 2022 5:48 AM ISTയുക്രെയ്ൻ അതിർത്തിയിൽ കുടുങ്ങിയ വിദ്യാർഥികളിൽ മൂവാറ്റുപുഴ സ്വദേശികളും
text_fieldsbookmark_border
മൂവാറ്റുപുഴ: യുക്രെയ്നിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മൂവാറ്റുപുഴ സ്വദേശികളായ മെഡിക്കൽ വിദ്യാർഥികളടക്കം 50ഓളം മലയാളികൾ പോളണ്ട് അതിർത്തിയിൽ കുടുങ്ങി. മൂവാറ്റുപുഴ രണ്ടാർ സ്വദേശി വിഷ്ണു, കടാതി സ്വദേശി അഞ്ജലി എന്നിവരുൾപ്പെടെയുള്ളവരാണ് പോളണ്ട് അതിർത്തിയിൽ കാത്തുനിൽക്കുന്നത്. ലിവിവ് നാഷനൽ മെഡിക്കൽ യൂനിവേഴ്‌സിറ്റി വിദ്യാർഥികളായ ഇവരോട് ഏറ്റവും അടുത്തുള്ള രാജ്യത്തേക്ക് കടക്കാൻ ഇന്ത്യൻ എംബസിയിൽനിന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് വെള്ളിയാഴ്ച ഇവർ താമസിച്ചിരുന്ന ഹോസ്റ്റലിൽനിന്ന് 90 കിലോമീറ്റർ അകലെയുള്ള യുക്രെയ്ൻ-പോളണ്ട് അതിർത്തിയായ ഷെഹിനിയിലേക്ക് പുറപ്പെടുകയായിരുന്നു. കോളജ് ഐ.ഡി കാർഡും പാസ്പോർട്ടും കാണിച്ചാൽ അതിർത്തി കടന്ന് പോളണ്ടിൽ പ്രവേശിക്കാം എന്നാണ് എംബസിയിൽനിന്ന് പറഞ്ഞിരുന്നത്. തിരക്കുമൂലം വാഹനഗതാഗതം സ്തംഭിച്ചതിനെത്തുടർന്ന് 20 കിലോമീറ്റർ നടന്നാണ് ഇവർ അതിർത്തിയിൽ എത്തിയത്. എന്നാൽ, യുക്രെയ്ൻ പൗരത്വമുള്ള ജനങ്ങളെ ആദ്യം പ്രവേശിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് യുക്രെയ്ൻ ജനത പ്രക്ഷോഭം തുടങ്ങിയതോടെ അതിർത്തി അടച്ചു. ഇതോടെ കടുത്ത തണുപ്പിൽ അതിർത്തി തുറക്കുന്നതും കാത്ത് വഴിയിൽ കാത്തുനിൽക്കുകയാണ് ഇവർ. ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ലെന്നും ഫോണിലും പവർബാങ്കിലും ചാർജ് ഇല്ലായെന്നും ഇവർ പറയുന്നു. രണ്ടുദിവസമായി തുടരുന്ന അലച്ചിൽ മൂലം ഇവർ അവശരാണ്. അതിർത്തി കടക്കാനായാൽ പെട്ടെന്ന് നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് വിഷ്ണു അടക്കമുള്ളവർ. ഇവരുടെ കുടുംബാംഗങ്ങൾ ഏറെ ആശങ്കയോടെയാണ് കഴിയുന്നത്. വിദ്യാർഥികളെ സുരക്ഷിതമായി പോളണ്ടിലേക്ക് മാറ്റാനും തുടർന്ന് നാട്ടിലെത്തിക്കാനും സർക്കാർ വേണ്ട നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെടുന്നു. നാലാം വർഷ വിദ്യാർഥികളാണ് വിഷ്ണുവും അഞ്ജലിയും. ചിത്രം. വിഷ്ണു അതിർത്തി കടക്കാനായി കാത്തുനിൽക്കുന്ന വാഹനങ്ങളും യാത്രക്കാരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story