Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:42 AM IST Updated On
date_range 26 Feb 2022 5:42 AM ISTബയോ മെഡിക്കൽ മാലിന്യം: ഉത്തരവ് പാലിക്കാത്തത് സംസ്കരണത്തെ ബാധിക്കുന്നുവെന്ന് പി.സി.ബി
text_fieldsbookmark_border
കൊച്ചി: സംസ്ഥാനത്തെ ആശുപത്രികളിലെ ബയോ മെഡിക്കൽ മാലിന്യം സംസ്കരിക്കുന്നതിന് ജില്ല തിരിച്ച് ഇറക്കിയ ഉത്തരവ് പാലിക്കാത്തത് സംസ്കരണത്തെ ബാധിക്കുന്നതായി മലിനീകരണ നിയന്ത്രണ ബോർഡ്. അമ്പലമേട് കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കീൽ) പ്ലാന്‍റിന്‍റെ ശേഷിക്ക് അനുസൃതമായി മാലിന്യം സംസ്കരിക്കാനാകുന്നില്ല. അതേസമയം, ഐ.എം.എ നേതൃത്വത്തിൽ പാലക്കാട് ഇമേജ് പ്ലാന്‍റിൽ മാലിന്യം കെട്ടിക്കിടക്കുന്നതായും ദേശീയ ഹരിത ?ട്രൈബ്യൂണലിൽ നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫെബ്രുവരി ആദ്യ ആഴ്ചയിലെ പരിശോധനയിൽ ഇമേജിൽ പ്രതിദിനം 9.3 ടൺ കോവിഡ് മെഡിക്കൽ മാലിന്യവും 43 ടൺ ഇതര മാലിന്യവും ഉൾപ്പെടെ 52.3 ടൺ മാലിന്യമാണ് സംസ്കരിച്ചത്. 55.8 ടൺ സംസ്കരണ ശേഷിയുള്ള ഇമേജിൽ 93 ശതമാനം ശേഷിയും ഉപയോഗിച്ചു. അതേസമയം, കീലിൽ പ്രതിദിനം മൊത്തം 7.7 ടൺ മാലിന്യമാണ് സംസ്കരിച്ചത്. 16 ടൺ സംസ്കരണ ശേഷിയുള്ള പ്ലാന്‍റിന്‍റെ 48 ശതമാനം മാത്രമേ ഉപയോഗിക്കപ്പെട്ടിട്ടുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. പി.സി.ബി ഉദ്യോഗസ്ഥർ കഴിഞ്ഞ വർഷം മൂന്നുതവണ ഇമേജിൽ നടത്തിയ പരിശോധനയിൽ ബയോ മെഡിക്കൽ മാലിന്യം നിറച്ച മഞ്ഞക്കവറുകൾ കുന്നുകൂടിയത് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് വിവിധ ജില്ലകൾ വേർതിരിച്ച് മാലിന്യം ഇമേജിലേക്കും കീലിലേക്കുമായി സംസ്കരണത്തിന് എത്തിക്കാൻ സർക്കാർ നിർദേശപ്രകാരം പി.സി.ബി ഉത്തരവിറക്കി. 2021 സെപ്റ്റംബർ ഒന്നുമുതൽ ഇത് നടപ്പാക്കാനും നിർദേശിച്ചു. എന്നാൽ, ജില്ലകൾ വേർതിരിച്ചുനൽകിയ ഉത്തരവിന് എതിരെ ഇമേജും വിവിധ സ്വകാര്യ ആശുപത്രികളും കോടതികളെ സമീപിച്ചിട്ടുണ്ട്. ഉത്തരവ് നടപ്പാക്കിയിരുന്നെങ്കിൽ മാലിന്യം കുന്നുകൂടുന്ന അവസ്ഥ ഒഴിവാക്കാനാകുമായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കി. മഞ്ഞ കവറുകളിലായി സൂക്ഷിച്ച ബയോ മെഡിക്കൽ മാലിന്യത്തിന് ഇക്കഴിഞ്ഞ ജനുവരി 16ന് ഇമേജിൽ ഉണ്ടായ വൻ തോതിൽ തീപടർന്നു. പത്തുദിവസങ്ങൾക്ക് ശേഷമാണ് തീയും പുകയും പൂർണമായി അണക്കാനായത്. എല്ലാ ജില്ലകളിൽ നിന്നുമുള്ള ബയോ മെഡിക്കൽ മാലിന്യം സ്വീകരിക്കുന്നതാണ് കെട്ടിക്കിടക്കാൻ കാരണം. കോവിഡ് ഒന്നാം തരംഗം മുതൽ വൻതോതിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. ജില്ലകൾ വേർതിരിച്ച് ഇരുകേന്ദ്രങ്ങൾക്കും മാലിന്യം കൈമാറണമെന്നും കൂടുതൽ സംസ്കരണ പ്ലാന്‍റുകൾ വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story