Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:40 AM IST Updated On
date_range 25 Feb 2022 5:40 AM ISTപ്രഫ. മാത്യു ഉലകംതറ അന്തരിച്ചു
text_fieldsbookmark_border
കോട്ടയം: മലയാള സാഹിത്യ ചരിത്രത്തിലും ക്രൈസ്തവ സഭാ ചരിത്രത്തിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രഫ. മാത്യു ഉലകംതറ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ വെച്ചൂച്ചിറ പുത്തേട്ട് കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: ജിയോ, ജിമ്മി, ജോയ്സ്, ജാസ്മിൻ. മരുമക്കൾ: ആലീസ് (റിട്ട. അധ്യാപിക മേനാംപറമ്പിൽ, ചേർത്തല), ബിന്ദു പുളിക്കൽ (അയ്യമ്പള്ളി), തോമസുകുട്ടി കണിയാംകുന്നേൽ (ഈരാറ്റുപേട്ട). 1931ൽ വൈക്കത്തായിരുന്നു ജനനം. തേവര എസ്.എച്ച് കോളജിൽ മലയാളം അധ്യാപകനായി 1986 വരെ സേവനമനുഷ്ഠിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഓണററി പ്രഫസറായും 'ദീപിക ആഴ്ചപ്പതിപ്പി'ന്‍റെ മുഖ്യപത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. കേരള, എം.ജി സർവകലാശാലകളിൽ ചീഫ് എക്സാമിനർ, എക്സാമിനേഷൻ ബോർഡ് ചെയർമാൻ, പാഠപുസ്തക സമിതി അംഗം, ഓറിയൻറൽ ഫാക്കൽറ്റി, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. 'ക്രിസ്തുഗാഥ' എന്ന കൃതിയിലൂടെ വിശ്വാസികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. കെ.വി. സൈമൺ അവാർഡ്, ഉള്ളൂർ അവാർഡ് എന്നിവയടക്കം ഇരുപതോളം സാഹിത്യ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സാഹിത്യശാസ്ത്രം, വിമർശനം, പദ്യനാടകം, ജീവചരിത്രം, മതചിന്ത എന്നിങ്ങനെ വിവിധ ഇനങ്ങളിലായി അമ്പതോളം കൃതികൾ രചിച്ചു. വൈക്കം മുഹമ്മദ് ബഷീർ, പാലാ നാരായണൻ നായർ, സിസ്റ്റർ മേരി ബനീജ്ഞ തുടങ്ങി ഒട്ടേറെ എഴുത്തുകാരുടെ കൃതികൾക്ക് എഴുതിയ അവതാരികകളും ശ്രദ്ധേയമാണ്. കേരളത്തിലെ മൂന്ന് സർവകലാശാലകൾ ഇദ്ദേഹത്തിന്‍റെ സാഹിത്യ വിമർശന ഗ്രന്ഥങ്ങൾ പാഠപുസ്തകങ്ങളാക്കിയിട്ടുണ്ട്. ktd prof. mathew ulakathara-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story