Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാഴികക്കുടം കവർച്ച:...

താഴികക്കുടം കവർച്ച: കള്ളക്കേസിൽ കുടുക്കിയതെന്ന്​ പ്രതികൾ; ബി.ജെ.പി നേതാവിന്​ ബന്ധമെന്ന്​ മൊഴി

text_fields
bookmark_border
ചെങ്ങന്നൂർ: മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ താഴികക്കുടം കവർച്ച കേസ് വീണ്ടും ചർച്ചയാകുന്നു. അപൂർവലോഹമായ ഇറിഡിയത്തിന്റെ സാന്നിധ്യമുണ്ടെന്ന്​ കരുതുന്ന താഴികക്കുടം 2011 ഒക്ടോബർ 20ന്​ പുലർച്ചയാണ്​ മോഷണം പോയതായി പുറത്തറിഞ്ഞത്. മൂന്നാംദിവസം മകുടം ഉപേക്ഷിച്ചനിലയിൽ സമീപത്തെ വീടിനടുത്ത്​​ കണ്ടെത്തി. പിന്നീട് താഴികക്കുടം പുനഃപ്രതിഷ്ഠിച്ചു. 2016 സെപ്റ്റംബർ 29ന്​ വീണ്ടും മോഷണശ്രമം നടന്നു. താഴികക്കുടം ഇളക്കി താഴെയിട്ടെങ്കിലും കൊണ്ടുപോകാൻ സാധിച്ചില്ല. സുരക്ഷ കണക്കിലെടുത്ത്​ പുതിയ താഴികക്കുടമാണ് പിന്നീട്​ പ്രതിഷ്ഠിച്ചത്. ഇതുമായി ബന്ധപ്പെട്ട്​ ചെങ്ങന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ മുഖ്യമന്ത്രിക്ക്​ പരാതി നൽകിയതോടെയാണ് സംഭവം വീണ്ടും ചർച്ചയാകുന്നത്. കേസിൽ ബി.ജെ.പി ജില്ല നേതാവിന്​ ബന്ധമുണ്ടെന്നും തങ്ങളെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നുമാണ് പ്രതികളാക്കപ്പെട്ടവർ പറയുന്നത്. പ്രതികളുടെ മൊഴി ചെങ്ങന്നൂർ ഡിവൈ.എസ്.പി രേഖപ്പെടുത്തി. റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫിസിന് ഉടൻ സമർപ്പിക്കും. നാട്ടുകാരുടെ സമിതിയാണ് ക്ഷേത്രഭരണം. താഴികക്കുടത്തിൽ ഇറിഡിയത്തിന്റെ സാന്നിധ്യമുണ്ടെന്ന്‌ 2008ൽ ഖ്യാതി പരന്നതോടെ അവകാശികളായി പലരുമെത്തിയതായാണ്​ കുറ്റപത്രത്തിൽ പറയുന്നത്​. ഊരാഴ്മ അവകാശമുള്ള ചിത്രത്തൂർ മഠക്കാരെ കൂടാതെ, കൊട്ടാരക്കര പുത്തൂരുള്ള ഊരുമഠക്കാരും അവകാശമുന്നയിച്ച്​ എത്തിയിരുന്നു. താഴികക്കുടത്തിൽ ഇറിഡിയമുണ്ടോയെന്ന്​ പരിശോധിക്കാൻ ചിത്രത്തൂർ മഠം ലക്ഷംരൂപ കെട്ടിവെച്ചപ്പോൾ ഊരുമഠക്കാർ സ്​റ്റേ സമ്പാദിച്ചു. ഊരുമഠക്കാർ പവർ ഓഫ് അറ്റോണി കൊടുങ്ങല്ലൂർ സ്വദേശി സുരേഷിന്​ നൽകി. പിന്നീട് സുരേഷിന്റെ സാന്നിധ്യത്തിൽ ഇരുമഠക്കാരും ഒന്നിച്ചു. താഴികക്കുടം മോഷ്ടിച്ച് ഇറിഡിയം കൈക്കലാക്കാനായിരുന്നു നീക്കമെന്നാണ്​ കുറ്റപത്രത്തിൽ. ഇതിന്​ സുരേഷും മറ്റു പ്രതികളായ ശരത്കുമാറും ജോഷിയും പലതവണ കൂടിക്കാഴ്ച നടത്തി. 2011 ഒക്ടോബർ 19ന്‌ ഉച്ചക്ക്​ കുളനടയിലെ ഒരു ലോഡ്ജിൽ ഇവർ കൂടിക്കാഴ്ച നടത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. താഴികക്കുടത്തിന് ഒരിഞ്ച് 'പവർ' ഉണ്ടെങ്കിൽ 500 കോടി രൂപ വിലവരുമെന്നായിരുന്നു കണക്കുകൂട്ടൽ. എട്ടിഞ്ച്​ പവർ ഉള്ളതായാണ്​ ധാരണ. അങ്ങനെയെങ്കിൽ 4000 കോടിരൂപ വിലമതിക്കും. പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ പവർ കണക്കാക്കി അവിടെതന്നെ തിരികെവെക്കുകയായിരുന്നു ലക്ഷ്യം. 2011 ഒക്​ടോബർ 17നു രാത്രി ക്ഷേത്രം കാവൽക്കാരൻ രഞ്ജിത്ത് പി.വി.സി പൈപ്പിൽ മുളവെച്ചുകെട്ടി അറ്റത്ത്​ പച്ചരി കിഴികെട്ടി താഴികക്കുടത്തിനടുത്ത്​ കൊണ്ടുപോയി ആകർഷണശക്തി പരീക്ഷിച്ചെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ല. പിന്നീട് 19ന്​ രാത്രി കവർന്നെന്ന്​ കരുതുന്ന താഴികക്കുടത്തിന്റെ മകുടം 22ന്​ പുലർച്ച ചിത്രത്തൂർ മഠത്തിലെ ശക്തികുമാര ഭട്ടതിരിയുടെ പൂട്ടിയിട്ട വീടിന്റെ ഗേറ്റിനകത്ത്​ കണ്ടെത്തി. ചിത്രത്തൂർ മഠത്തിലെ എസ്. ശരത്കുമാർ, തൃശ്ശൂർ മാള ക്ഷേത്രത്തിലെ വെളിച്ചപ്പാട്​ ജോഷി, കൊയിലാണ്ടി വെള്ളാങ്കണ്ടി വീട്ടിൽ രാമചന്ദ്രൻ, കൊടുങ്ങല്ലൂർ ചാറക്കാട്ടിൽ അനീഷ്, മുതവഴി കേളയിൽ വീട്ടിൽ രഞ്ജിത്ത്, കല്ലിശ്ശേരി ഉമയാറ്റുകര പാറതാഴ്ചയിൽ പി.ടി. ലിജു, ഉമയാറ്റുകര പള്ളത്ത് മഠത്തിൽ കെ.ടി. സജീഷ്, വാഴാർമംഗലം ഇടവൂർ മഠത്തിൽ ഗീതാനന്ദൻ എന്നിവരാണ്​ കേസിലെ പ്രതികൾ. ഇതിൽ പി.ടി. ലിജു, ഗീതാനന്ദൻ, കെ.ടി. സജീഷ്, എസ്. ശരത്കുമാർ എന്നിവരാണു മുഖ്യമന്ത്രിക്ക്​ പരാതി നൽകിയത്. സത്യസന്ധമായി പൊലീസിനു മൊഴി കൊടുത്തിരുന്നതായി അഞ്ചാം പ്രതിയായ ശരത്കുമാർ പറയുന്നു. കമ്മിറ്റിക്കാർക്കെതിരെ ചെങ്ങന്നൂർ കോടതിയിൽ സിവിൽ കേസ് ഫയൽചെയ്ത വൈരാഗ്യത്തിലാണ് തന്നെ പ്രതിയാക്കിയതെന്നാണ്​ പരാതിയിലുള്ളത്. ബി.ജെ.പി നേതാവ് അറിയാതെ ഇങ്ങനെ ഒരു മോഷണം നടക്കി‌ല്ലെന്നും പരാതിയിൽ പറയുന്നു. വസ്ത്രത്തിന്‍റെ പേരിലെ വേർതിരിവ്​ അവസാനിപ്പിക്കണം -മുസ്​ലിം സംയുക്തവേദി ആലപ്പുഴ: വസ്ത്രധാരണത്തിന്‍റെ പേരിലെ വേർതിരിവ്​ അവസാനിപ്പിക്കാൻ സർക്കാർ തയാറാകണമെന്ന് മുസ്​ലിം സംയുക്തവേദി. സ്ത്രീയെകൊണ്ട് വസ്ത്രം ഊരി മാറ്റുന്ന സമ്പ്രദായം ചിലർക്ക് കച്ചവട താൽപര്യമാണെങ്കിൽ, മറ്റ് ചിലർക്ക് വംശീയ വെറിയാണെന്ന് സംയുക്തവേദി നേതാക്കൾ പറഞ്ഞു. അതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഫാഷിസത്തിന്റെ തേർവാഴ്ച കർണാടകയിൽ ഹിജാബിന്റെ പേരിൽ അരങ്ങേറുമ്പോൾ കേരളത്തിൽ സ്റ്റുഡന്‍റ്​സ് പൊലീസ്​ കാഡറ്റിൽ മുസ്​ലിം പെൺകുട്ടിക്ക്​ പ്രവേശനം കിട്ടണമെങ്കിൽ തട്ടം മാറ്റണം. സമരം ചെയ്ത് മാറു​മറയ്ക്കാൻ അവകാശം നേടിയ നാട്ടിലാണ് ഹിജാബ് പ്രശ്നമാകുന്നത്. ചെയർമാൻ ഇഖ്‌ബാൽ സാഗർ അധ്യക്ഷത വഹിച്ചു. കൺവീനർ കെ.എസ്. അഷറഫ്, റഫീഖ്, ഹാരിസ്, നവാസ്, അയ്യൂബ്, ലിയാഖത്ത്, സൈനുദ്ദീൻ, എം.കെ. നവാസ്, നൗഷാദ് പടിപ്പുര എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story