Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിൽവർ ലൈൻ: കീഴ്മാട്...

സിൽവർ ലൈൻ: കീഴ്മാട് പഞ്ചായത്തിൽ സർവേ കല്ലിടൽ തടഞ്ഞു

text_fields
bookmark_border
സിൽവർ ലൈൻ: കീഴ്മാട് പഞ്ചായത്തിൽ സർവേ കല്ലിടൽ തടഞ്ഞു
cancel
ആലുവ: സിൽവർ ലൈൻ നിർമാണവുമായി ബന്ധപ്പെട്ട് കീഴ്മാട് പഞ്ചായത്തിൽ സർവേ കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു. എട്ടാം വാർഡ് ചക്കൻകുളങ്ങര നാരേത്ത് പ്ലാന്‍റേഷൻ റബർ തോട്ടത്തിനകത്ത് കല്ല് സ്ഥാപിക്കാനുള്ള നീക്കമാണ് നാട്ടുകാർ തടഞ്ഞത്. 360 ഏക്കറോളമുള്ള തോട്ടത്തിന് സമീപം പലപ്പോഴും വിജനമായിരിക്കും. ഇത് മനസ്സിലാക്കിയാണ് തോട്ടത്തിനകത്ത് ജനശ്രദ്ധ എത്താത്തിടത്ത് സർവേ കല്ല് സ്ഥാപിക്കാൻ കെ-റെയിൽ ഉദ്യോഗസ്ഥർ എത്തിയത്. വ്യാഴാഴ്ച രാവിലെ 10ഓടെ വാല്യുവേഷൻ ഓഫിസറുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്. എടത്തല സി.ഐ നോബിളിന്‍റെ നേതൃത്വത്തിൽ പൊലീസും എത്തിയിരുന്നു. 12 സർവേ കല്ലുകൾ റോഡരികിൽ കൊണ്ടുവെച്ചിരുന്നു. തോട്ടത്തിനകത്ത് സർവേ നടത്തുന്നത് ശ്രദ്ധയിൽപെട്ട പരിസരത്തുണ്ടായിരുന്നവർ ഉടൻ ജനപ്രതിനിധികളെ വിവരമറിയിച്ചു. ഇതോടെ നാട്ടുകാർ ഒന്നടങ്കം സ്ഥലത്തെത്തുകയും സർവേ തടയുകയുമായിരുന്നു. പ്രതിഷേധം കനത്തതോടെ നാട്ടുകാരുടെ ആവശ്യപ്രകാരം കല്ലുകൾ കെ-റെയിൽ ഉദ്യോഗസ്ഥരിൽ ചിലർ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. എന്നാൽ, കല്ലിടാതെ പോകാൻ കഴിയില്ലെന്ന നിലപാടിൽ മറ്റ് ഉദ്യോഗസ്ഥർ അവിടെതന്നെ തുടർന്നു. നാട്ടുകാരും സ്ഥലത്ത്‌ തമ്പടിച്ചതോടെ അഞ്ച് ബസ് പൊലീസുകാർ കൂടിയെത്തി. വൈകീട്ട് മൂന്നോടെ സർവേ കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ വീണ്ടും ശ്രമം ആരംഭിച്ചു. എന്നാൽ, വേണമെങ്കിൽ സർവേ നടത്താമെന്നും കല്ലിടാൻ സമ്മതിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഇതിനിടെ പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ച് ചില ഉദ്യോഗസ്ഥർ തോട്ടത്തിന്‍റെ പിറകുവശത്തുകൂടെ കയറി നടപടികൾ ആരംഭിക്കാൻ ശ്രമിച്ചു. ഇതറിഞ്ഞെത്തിയ പ്രതിഷേധക്കാർ അവിടെയും തടഞ്ഞു. ഉദ്യോഗസ്ഥരെ തടഞ്ഞാൽ അറസ്‌റ്റ് ചെയ്യുമെന്ന് പല തവണ പൊലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിഷേധക്കാർ പിൻവാങ്ങിയില്ല. ഒടുവിൽ അഞ്ചുമണിയോടെ സർവേ കല്ല് സ്ഥാപിക്കാൻ കഴിയാതെ ഉദ്യോഗസ്ഥർ മടങ്ങി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജിത നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ്​ പി.കെ. രമേശ്, പഞ്ചായത്ത് മുൻ അംഗം എം.വി. വർഗീസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്​ തോപ്പിൽ അബു, വൈസ് പ്രസിഡന്‍റ്​ പി.എ. മുജീബ്, വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡന്‍റ് കരീം കല്ലുങ്കൽ, എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്‍റ്​ നൗഷാദ് തുരുത്ത്, ബി.ജെ.പി പ്രസിഡന്‍റ്​ സെന്തിൽകുമാർ, സമരസമിതി നേതാവ് ടി.എസ്. ഷറഫുദ്ദീൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വില്യം ആലത്തറ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ ജോണി ക്രിസ്റ്റഫർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. ക്യാപ്‌ഷൻ ekg yas1 k rail കീഴ്മാട് പഞ്ചായത്തിൽ സർവേ കല്ല് സ്ഥാപിക്കാനെത്തിയ കെ-റെയിൽ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story