Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2022 5:37 AM IST Updated On
date_range 30 Jan 2022 5:37 AM ISTരജത ജൂബിലിയോടടുത്ത മെഡിക്കൽ കോളജിൽ വികസനം അകലെ
text_fieldsbookmark_border
കളമശ്ശേരി: കളമശ്ശേരിയിലെ മെഡിക്കൽ കോളജ് സ്ഥാപിതമായി രജത ജൂബിലിയോടടുത്തിട്ടും വികസനങ്ങൾ അകലെയാണ്. 2000ൽ സ്ഥാപിതമായി 2003ൽ സർക്കാർ ഏറ്റെടുത്ത മെഡിക്കൽ കോളജിൽ, അപകടങ്ങളിലും മറ്റും തലക്ക് പരിക്കേറ്റെത്തുന്നവരെ ന്യൂറോസർജറി സൗകര്യമില്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളിലേക്കോ മറ്റ് മെഡിക്കൽ കോളജുകളിലേക്കൊ പറഞ്ഞയക്കുകയാണ്. ശിശുശസ്ത്രക്രിയക്കും കരളിനും മറ്റ് അനുബന്ധ രോഗങ്ങൾക്കും ചികിത്സിക്കുന്ന ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം ഇപ്പോഴും അപ്രാപ്യമാണ്. മൂത്രാശയ രോഗ ചികിത്സക്കുള്ള യൂറോളജി വിഭാഗവും ഇല്ല. അന്താരാഷ്ട്ര വിമാനത്താവളം, വ്യവസായ മേഖലയും നിരവധി നിർമാണ പ്രവർത്തനങ്ങളും നടക്കുന്ന ജില്ലയിലെ ഏക ഗവ. മെഡിക്കൽ കോളജിൽ പൊള്ളലേൽക്കുന്ന രോഗികൾക്ക് പ്ലാസ്റ്റിക് സർജറിയും അപ്രാപ്യമാണ്. ഒരു മെഡിക്കൽ കോളജിന്‍റെ വളർച്ചക്ക് എറ്റവും അത്യന്താപേക്ഷിതമാണ് ബിരുദാനന്തര ബിരുദം. 11 പി.ജി സീറ്റുകൾ മാത്രമാണ് വർഷത്തിൽ മെഡിക്കൽ കോളജിലുള്ളത്. ഉള്ളതോ നാമമാത്രമായ ഡിപ്പാർട്മെന്റിൽ മാത്രം. കൂടുതൽ സങ്കീർണമായ രോഗങ്ങൾ കണ്ടുപിടിക്കാനും അവക്ക് തുടർചികിത്സ നൽകാനും വിവിധ തലങ്ങളിൽ ഗവേഷണം നടത്താനും 24 മണിക്കൂറും രോഗികൾക്ക് ചികിത്സ നൽകാനും എല്ലാ വകുപ്പുകളിലും പി.ജി കോഴ്സ് തുടങ്ങേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്. വിവിധ വിഭാഗങ്ങളിൽ പി.ജി കോഴ്സ് തുടങ്ങാൻ വിശദ റിപ്പോർട്ട് സഹിതം സർക്കാറിന് അപേക്ഷ നൽകിയെങ്കിലും ഫലവത്തായ ഒരു സമീപനവും ആരോഗ്യ വകുപ്പിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് അസോസിയേഷൻ യൂനിറ്റ് ഭാരവാഹികളായ ഡോ. ഫൈസൽ അലിയും സെക്രട്ടറി പി.ജി. ഹരിപ്രസാദും പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story