Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപശുക്കളും കിടാരികളും...

പശുക്കളും കിടാരികളും മക്കളെപ്പോലെ; ഉറക്കവും ഉഷാദേവിക്കൊപ്പം

text_fields
bookmark_border
ചേർത്തല: മോ​ളേ കല്ലൂ.... ഇവിടെ വരു.. ബിസ്കറ്റ് കഴിച്ചോ....കാറ്റേറ്റ് ടി.വി കാണാം ... വരു... കിടന്നുറങ്ങാം എന്നൊക്കെ വീടിനകത്തുനിന്ന് കേൾക്കുമ്പോൾ കുട്ടികളോട് പറയുന്നതായിരിക്കുമെന്ന് തോന്നുന്നുവെങ്കിൽ തെറ്റി. പശുക്കളെയും കിടാരികളെയും മക്കളെ പോലെ വളർത്തുകയും അവക്കൊപ്പം കിടപ്പുമുറിയിൽതന്നെ കഴിയുന്നതും ചേർത്തല തെക്ക് പഞ്ചായത്ത് അഞ്ചാംവാർഡിൽ ഷാനി നിവാസിൽ ഉഷാദേവിയുടെ (71) വീട്ടിലെ പതിവ്​കാഴ്ചയാണ്​. ചോറും ബിസ്കറ്റും ചായയും പാലും നൽകി ടി.വിയും കാണിച്ച് പാട്ട് പാടി ഒന്നിച്ചാണ് കിടാങ്ങളുമായി ഉറക്കം. പാരമ്പര്യമായി പശു വളർത്തിയിരുന്ന വീട്ടിൽനിന്നാണ് ഉഷാദേവി ഭർതൃവീട്ടിലെത്തിയത്. അവിടെയും പശുക്കളെ കണ്ടപ്പോൾ മൃഗപരിപാലനത്തിൽ ശീലമുള്ള ഉഷാദേവിക്ക്​ നിസ്സാരമായി തോന്നി. മിശ്രവിവാഹമായിരുന്നു ഇവരുടേത്. സ്വകാര്യബസ് സർവിസ് നടത്തിയിരുന്ന ഭർത്താവ് സദാശിവൻ 2005 നവംബർ 13ന് മരിച്ചു. ഇതോടെ ജീവിതം വഴിമുട്ടിയതോടെ ഉഷാദേവി ഒറ്റപ്പെടലിൽനിന്ന് ആശ്വാസം കണ്ടെത്തിയത് പശുവളർത്തലിലായിരുന്നു. നിലവിൽ അഞ്ച് പശുക്കളുണ്ടെങ്കിലും ഒന്നിനാണ്​ കറവയുള്ളത്. കൊഴുപ്പ് തീരെ കുറവുള്ളതിനാൽ പാല് വാങ്ങാൻ ആരും വരാറില്ല. കിട്ടുന്ന പാല് കിടാങ്ങൾക്കും വീട്ടിലെ അതിഥികളായി എത്തുന്ന പട്ടികൾക്കും പൂച്ചയ്ക്കുമായി നൽകുകയാണ് പതിവ്. പെൻഷൻ തുക കൊണ്ട് വൈക്കോലും കാലിത്തീറ്റകളും വാങ്ങിയാൽ മറ്റ് ചെലവുകൾക്ക് ലോട്ടറി കച്ചവടം നടത്തിയാണ് ഉഷാദേവി ജീവിതം തള്ളിനീക്കുന്നത്. ലക്ഷ്മിക്കാണ് ഇപ്പോൾ കറവയുള്ളത്. ഇവൾക്ക് മൂന്ന് കുട്ടികളാണ്. കണ്ണൻ, ത്രയമ്പക, കല്യാണിയെന്ന്​ പേരുള്ള കല്ലു, അപ്പു, ഇവയിൽ രണ്ട് മാസം പ്രായമുള്ള കുട്ടിക്കുറുമ്പുള്ള കിടാരിയാണ് കല്ലു. വീട്ടിനുള്ളിൽ കഴിയുന്ന പശുക്കൾ മൂത്രവും ചാണകവുമിടണമെങ്കിൽ ഉഷാദേവിയെ ആംഗ്യ ഭാഷ കാണിക്കും. ഉടൻ ബക്കറ്റുമായി എത്തി ആവശ്യം കഴിഞ്ഞാൽ പുറത്ത് കൊണ്ടുപോയി കളയുകയാണ് പതിവ്. 2015ൽ ചേർത്തല തെക്ക് പഞ്ചായത്തിന്റെ ആദരവും ആ വർഷംതന്നെ ക്ഷീരകർഷക അവാർഡും ഉഷാദേവിയെ തേടിയെത്തി. ഒരേയൊരു ദുഃഖമാണ് ഉള്ളത്. മഴക്കാലത്ത്​ വീടിന് ചുറ്റും മഴ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പശുക്കളെ പുറത്തേയ്ക്ക് പോലും കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥ. ഇതിന് പരിഹാരം കാണാൻ പലവിധ ഓഫിസുകളും കയറിയിട്ടും നടന്നില്ല. മന്ത്രി പി.പ്രസാദിനോട് അവസ്ഥകൾ പറഞ്ഞിട്ടുണ്ട്. പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഉഷാദേവി. APG ushadevi veedu ഉഷാദേവി പശുവിനോടും കിടാരിയോടും മുറിക്കുള്ളിൽ കിടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story