Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 5:32 AM IST Updated On
date_range 21 Jan 2022 5:32 AM ISTരവീന്ദ്രന്‍ പട്ടയം എന്നും വിവാദത്തിൽ
text_fieldsbookmark_border
പത്തനംതിട്ട: രവീന്ദ്രന്‍ പട്ടയം വിതരണം ചെയ്ത നാൾ മുതൽ അതേച്ചൊല്ലി വിവാദങ്ങളും തുടങ്ങി. സംസ്ഥാന നിയമസഭ പാസാക്കിയ കെ.ഡി.എച്ച് ആക്ടിലെ വ്യവസ്ഥ, പട്ടയം നൽകുന്നതിനുള്ള വ്യവസ്ഥ എന്നിവ ലംഘിച്ച് പട്ടയം നൽകേണ്ടത് ഭൂരഹിതർക്കാണെന്നിരിക്കെ രവീന്ദ്രൻ പട്ടയം നൽകിയത് മറ്റിടങ്ങളിൽ ഭൂമിയുള്ളവർക്ക്. രവീന്ദ്രൻ നൽകിയ പട്ടയങ്ങളിൽ 250 എണ്ണം സാധുവാണെന്ന വി.എസ്. അച്യുതാനന്ദന്റെ വാദം, 2013 മാർച്ച് 15ന് രവീന്ദ്രൻ പട്ടയങ്ങൾ പൂർണമായും റദ്ദാക്കിയ ഹൈകോടതി വിധി, ഇതിനെതിരായ റിവ്യൂ ഹരജിയും തള്ളിയ 2015 മാർച്ച് നാലിലെ ഹൈകോടതി വിധി, 2007ലെ മൂന്നാർ ഒഴിപ്പിക്കൽ എന്നിവയെല്ലാം രവീന്ദ്രൻ പട്ടയത്തെ വിവാദമാക്കി. സ്വന്തമായി ഭൂമിയില്ലാത്തവർക്ക് വീട് വെക്കാനും കൃഷിക്കുമായാണ് പട്ടയം അനുവദിക്കാൻ വ്യവസ്ഥയുള്ളത്. രവീന്ദ്രൻ പട്ടയത്തിലെ ഒന്നാം പേരുകാരൻ മുൻ മുഖ്യമന്ത്രി പി.കെ.വിയാണ്. രണ്ടാമത്തെ പട്ടയം മുൻമന്ത്രി എം.എം. മണിയുടെ പേരിലാണ് നൽകിയത്. പട്ടയം അനുവദിച്ച മഹസ്സർ റിപ്പോർട്ടിൽ പി.കെ. വാസുദേവൻ നായരും ഭാര്യയും കുടിൽകെട്ടി താമസിച്ചുവരുന്ന ഭൂമി എന്നാണ് പറയുന്നത്. അഞ്ച് സൻെറിനാണ് പി.കെ.വിക്ക് പട്ടയം നൽകിയത്. ഇപ്പോൾ അവിടെ സി.പി.ഐ പാർട്ടി ഓഫിസും റിസോർട്ടും നടത്തുന്നു. കൈവശം 12 സെന്റോളമുണ്ട്. രണ്ടാം പേരുകാരനായ എം.എം. മണിക്ക് 25 സൻെറിനാണ് പട്ടയം അനുവദിച്ചത്. മണിയുടെ പേരിലും വേറെ ഭൂമിയുള്ളപ്പോഴായിരുന്നു പട്ടയം അനുവദിച്ചത്. അവിടെ സി.പി.എമ്മിന്റെ പാർട്ടി ഓഫിസും റിസോർട്ടും പ്രവർത്തിക്കുന്നു. രവീന്ദ്രൻ വിതരണം ചെയ്ത 530 പട്ടയത്തിൽ എല്ലാവരും വേറെ ഭൂമിയുള്ളവരായിരുന്നു. ഇവരുടെ പട്ടയം റദ്ദാക്കാനാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പട്ടയഭൂമികളിൽ വീടുവെച്ച് താമസിക്കുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. രവീന്ദ്രൻ പട്ടയം ലഭിച്ചതെല്ലാം റിസോർട്ട് മാഫിയകൾക്കായിരുന്നു എന്നതാണ് അന്നേ രവീന്ദ്രൻ പട്ടയത്തെച്ചൊല്ലി വിവാദം ഉയരാൻ കാരണമായത്. നായനാർ സർക്കാർ രവീന്ദ്രനോട് അനുവദിക്കാൻ നിർദേശിച്ചത് 250 പട്ടയമായിരുന്നു. ഈ പട്ടയങ്ങളുടെ അപേക്ഷ പരിശോധിച്ച് അർഹരാണോ എന്ന് കണ്ടെത്താൻ അന്ന് ജനകീയ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി അംഗീകരിച്ചത് 250 പട്ടയം മാത്രമായതിനാലാണ് വി.എസ്. അച്യുതാനന്ദൻ 250 പട്ടയം അഗീകരിക്കാമെന്ന നിലപാടെടുത്തത്. അതിലും ഭൂരഹിതർ ആരുമില്ലെന്നത് തർക്കവിഷയമായതോടെയാണ് വി.എസ് സർക്കാറിന്റെ കാലത്ത് നടന്ന മൂന്നാർ ഒഴിപ്പിക്കൽ ദൗത്യം എങ്ങുമെത്താതെ അവസാനിപ്പിച്ചത്. ബിനു ഡി. രവീന്ദ്രൻ കലക്ടറുടെ അധികാരവും ഉപയോഗിച്ചു പത്തനംതിട്ട: 1971ലെ കെ.ഡി.എച്ച് ആക്ട് (കണ്ണൻ ദേവൻ ഹിൽസ് ഏറ്റെടുക്കൽ നിയമം) പ്രകാരം സർക്കാർ ഏറ്റെടുത്ത കണ്ണൻദേവൻ വില്ലേജിലെ ഭൂമിയിൽ പട്ടയം അനുവദിക്കാനുള്ള അധികാരം നൽകുന്നത് ജില്ല കലക്ടർക്കാണ്. പട്ടയം അനുവദിക്കുന്ന വേളയിൽ രവീന്ദ്രൻ ഡെപ്യൂട്ടി തഹസിൽദാർ മാത്രമായിരുന്നു. എന്നിട്ടും കെ.ഡി.എച്ച് ആക്ട് പ്രകാരം സർക്കാർ ഏറ്റെടുത്ത ഭൂമിയിലും രവീന്ദ്രൻ പട്ടയം അനുവദിച്ചു. ഇല്ലാത്ത അധികാരവും ഉപയോഗിച്ചത് കണ്ടതിനാലാണ് ഹൈകോടതി 2013 മാർച്ച് 15ന് രവീന്ദ്രൻ പട്ടയങ്ങൾ പൂർണമായും റദ്ദാക്കിയത്. സർക്കാർ പുറമ്പോക്ക് ഭൂമിക്ക് പട്ടയം നൽകാൻ തഹസിൽദാർക്കാണ് അധികാരം. രവീന്ദ്രൻ അഡീഷനൽ തഹസിൽദാർ ആയിരുന്നു എന്നതും പട്ടയം നൽകാൻ അധികാരമുണ്ടോ എന്നതിൽ തർക്കവിഷയമാണ്. നായനാർ സർക്കാർ അനുവദിച്ചത് 250 പട്ടയം നൽകാനായിരുന്നെങ്കിലും അതിന്റെ ഇരട്ടിയിലേറെ പട്ടയങ്ങൾ രവീന്ദ്രൻ അനുവദിക്കുകയായിരുന്നു. ആദ്യ 250 പട്ടയത്തിൽ ഭൂരിഭാഗവും ഇടതുമുന്നണിക്ക് വേണ്ടപ്പെട്ടവർക്കായിരുന്നു. പിന്നീടുള്ളവയിൽ യു.ഡി.എഫുകാരും ഉൾപ്പെട്ടതിനാലാണ് അവർ അധികാരത്തിൽ വന്നപ്പോഴും പട്ടയങ്ങൾ റദ്ദാക്കാതിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story